നിര്‍ണായകമാകുന്ന മുസ്‌ലിം വോട്ടുകള്‍

Posted on: April 6, 2014 6:00 am | Last updated: April 6, 2014 at 12:06 am

vote

ന്യൂഡല്‍ഹി: പതിനാറാമത് ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ രാജ്യത്തെ മുസ്‌ലിം വോട്ടര്‍മാരുടെ മനസ്സ് എങ്ങനെ ചിന്തിക്കുമെന്ന വിശകലനത്തിലാണ് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍. മതേതര കാര്‍ഡുമായി കോണ്‍ഗ്രസും വര്‍ഗീയവാദികളെന്ന ആരോപണം നേരിടുന്ന ബി ജെ പിയുമാണ് ദേശീയ രാഷ്ട്രീയത്തില്‍ അധികാരത്തിന് വേണ്ടി കടിപിടി കൂടുന്നത്. മുസ്‌ലിം വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ഇരുവരും കൊണ്ടുപിടിച്ച ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. മോദിയുടെ ഗുജറാത്ത് വംശഹത്യ മുതലെടുത്ത് മുസ്‌ലിം വികാരം തങ്ങള്‍ക്കനുകൂലമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
ഡല്‍ഹി ശാഹി ഇമാമിനെകൊണ്ട് പരസ്യ പിന്തുണ പ്രഖ്യാപിക്കാന്‍ സോണിയാ ഗാന്ധി തന്നെ നേരിട്ടെത്തിയതും മുസ്‌ലിം വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന് മോഹത്തില്‍ തന്നെയാണ്. അഴിമതി വലിയ പ്രശ്‌നമാണെങ്കിലും വര്‍ഗീയതക്കെതിരെ പോരാടണമെന്ന് ഇമാം ആഹ്വാനം ചെയ്തത് കോണ്‍ഗ്രസ് വിജയമായി കരുതുന്നു.
മുസ്‌ലിംകളെ അനുനയിപ്പിക്കാന്‍ ബി ജെ പിയും പൊടിക്കൈകളുമായി രംഗത്തു വന്നിട്ടുണ്ട്. ഗുജറാത്ത് കലാപത്തിലും മറ്റുമുണ്ടായ തെറ്റുകള്‍ ഏറ്റു പറഞ്ഞാണ് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് രംഗത്തു വന്നത്.
രാജ്യത്തെ 81.4 കോടി ജനങ്ങളില്‍ പതിനഞ്ച് ശതമാനവും മുസ്‌ലിംകളാണ്. നാളെ തുടങ്ങുന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഉത്തര്‍പ്രദേശിലാണ് മുസ്‌ലിം ഭൂരിപക്ഷമുള്ള വലിയ സംസ്ഥാനം. ഇവിടത്തെ എണ്‍പത് സീറ്റുകളിലെയും ഫലം നിര്‍ണയിക്കാന്‍ മുസ്‌ലിം വോട്ടുകള്‍ക്ക് കഴിയും. ബി ജെ പിക്ക് പുറമെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബി എസ് പിയുമാണ് ഇവിടത്തെ പ്രധാന രാഷ്ട്രീയ കക്ഷികള്‍. മോദി തരംഗത്തെ ഉത്തര്‍പ്രദേശില്‍ മുസ്‌ലിം വോട്ടര്‍മാരെ ഉപയോഗിച്ച് തടയാനാണ് എസ് പിയുടെ പദ്ധതി. രാജസ്ഥാനില്‍ 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്ക് പരിശോധിക്കുമ്പോള്‍ മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുന്നതാണ് കാണുന്നത്. കോണ്‍ഗ്രസ് രംഗത്തിറക്കിയ പതിനാറ് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ തോറ്റപ്പോള്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ജയിക്കുകയും ചെയ്തു. രാജസ്ഥാനിലെ 25 മണ്ഡലങ്ങളില്‍ ഒമ്പതിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ബി ജെ പിയെയും കോണ്‍ഗ്രസിനെയും മുസ്‌ലിംകള്‍ കൈവിട്ടുവെന്നാണ് വോട്ടിംഗ് കണക്കുകള്‍.
പശ്ചിമ ബംഗാളില്‍ 2011ല്‍ മുസ്‌ലിം വോട്ടുകളാണ് സി പി എമ്മിനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ മുഖ്യപങ്ക് വഹിച്ചത്. 34 വര്‍ഷത്തെ സി പി എം ഭരണത്തിനെതിരെ മുസ്‌ലിം വോട്ടര്‍മാര്‍ വിധിയെഴുതിയതോടെ മമത വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. സിംഗൂര്‍, നന്ദിഗ്രാം പ്രശ്‌നങ്ങളാണ് മുസ്‌ലിംകളെ ഇടതിന് എതിരായി ചിന്തിപ്പിച്ചത്. ജമ്മു കാശ്മീരും ലക്ഷ്വദ്വീപും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മമത വിജയിച്ചുവെന്നതാണ് കഴിഞ്ഞ ദിവസത്തെ ഡല്‍ഹി ഇമാമിന്റെ പ്രസ്താവനയിലും പ്രകടമാകുന്നത്. തൃണമൂലിനെ പിന്തുണക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇത്തവണ നിരവധി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് തൃണമൂല്‍ സ്ഥാനാര്‍ഥിത്വം നല്‍കിയതും മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യം വെച്ചാണ്.
ബീഹാറില്‍ ഐക്യ ജനതാദളാണ് ന്യൂനപക്ഷ പിന്തുണ നേടിയത്. മുസ്‌ലിം സ്ഥാനാര്‍ഥികളെ ഇറക്കി വോട്ട് പിടിക്കാനാണ് ജെ ഡി യു ശ്രമം. അസമില്‍ 2009ലെ തിരഞ്ഞെടുപ്പില്‍ കുടിയേറ്റക്കാരായ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളുയര്‍ത്തിയാണ് എ ഐ യു ഡി എഫ് വോട്ട് പിടിച്ചത്. ഇവിടത്തെ 14 മണ്ഡലങ്ങളില്‍ ആറിലും നിര്‍ണായക മുസ്‌ലിം സ്വാധീനമുണ്ട്. 35 ശതമാനം വോട്ടര്‍മാര്‍ മുസ്‌ലിംകളാണ്. കോണ്‍ഗ്രസ് വിരുദ്ധ വികാരമാണ് ഇവിടെ മുസ്‌ലിം വോട്ടര്‍മാരില്‍ നിന്നുണ്ടായത്.