ട്വന്റി-20 ലോകക്കപ്പ്: ഇന്ത്യ ഫൈനലില്‍

Posted on: April 4, 2014 8:04 pm | Last updated: April 5, 2014 at 12:09 am

India v South Africa - ICC World Twenty20 Bangladesh 2014ധാക്ക: വിരാട് കോഹ്ലി(72*)യുടെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലെത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ അഞ്ച് പന്തുകള്‍ ശേഷിക്കെ മറികടന്നു.

മോശമല്ലാത്ത സ്‌കോര്‍ ഉയര്‍ത്തിയ ദക്ഷിണാഫ്രിക്കക്കെതിരെ ജയിക്കാന്‍ ഉറച്ചാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. രോഹിത് ശര്‍മ്മ(24)യും അജിങ്ക്യ രഹാനെ(32)യും ആത്മവിശ്വാസത്തോടെ ബാറ്റുവീശിയപ്പോള്‍ ദക്ഷിണാഫ്രിക്ക തുടക്കത്തിലേ പതറി. തുടര്‍ന്ന് വിരാട് കോഹ്ലി(72*) ഇന്ത്യയെ വിജയിപ്പിക്കാന്‍ ഉറച്ച് ബാറ്റ് വീശിയപ്പോള്‍ ദക്ഷിണാഫ്രിക്ക മത്സരം കൈവിട്ടു. 44 പന്തുകളില്‍ നിന്നും 5 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതാണ് കോഹ്ലിയുടെ ഇന്നിംഗ്‌സ്. പത്ത് പന്തുകളില്‍ നിന്നും 21 റണ്‍സെടുത്ത സുരേഷ് റെയ്‌നയും യുവരാജ് സിംഗും(18) കോഹ്ലിക്ക് പിന്തുണ നല്‍കി.ഞായറാഴ്ച്ച നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും