ജനിതക വിത്ത് പരീക്ഷണം അനുവദിക്കണം: കേന്ദ്രം

Posted on: April 4, 2014 7:09 am | Last updated: April 4, 2014 at 8:12 am

janithaka vithuന്യൂഡല്‍ഹി: ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം ഇന്ത്യന്‍ പാടങ്ങളില്‍ അനുവദിക്കുകയില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു. ജി എം വിത്തുകളുടെ പരീക്ഷണം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ശാസ്ത്ര, സാമ്പത്തിക പുരോഗതി മുന്‍ നിര്‍ത്തിയാണ് ഈ നിലപാട് കൈകൊള്ളുന്നതെന്ന് കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രാലയങ്ങള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക വിദഗ്ധ സമിതി യുടെ റിപ്പോര്‍ട്ടിന് കടകവിരുദ്ധമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലം. പഴുതടച്ച പരിശോധനാ സംവിധാനം ആവിഷ്‌കരിക്കും വരെ ജി എം വിളകള്‍ പാടങ്ങളില്‍ പരീക്ഷിക്കുന്നത് സമിതി വിലക്കിയിരുന്നു.
എന്നാല്‍ ജി എം വിളകള്‍ മണ്ണിനും പരിസ്ഥിതിക്കും ദോഷകരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വിത്ത് പരീക്ഷണം ഇനിയും തടഞ്ഞാല്‍ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ അപകടത്തിലാകും. ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കുന്ന തരത്തിലുള്ള കാര്‍ഷിക പുരോഗതിക്ക് ഇത്തരം ശാസ്ത്രീയ മുന്നേറ്റങ്ങള്‍ അനിവാര്യമാണ്.
ഈ സാഹചര്യത്തില്‍ സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
ഈ മാസം മൂന്നാം വാരമാണ് കേസ് പരിഗണിക്കുക.
ജയന്തി നടരാജന്‍ പരിസ്ഥിതി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ ജി എം വിളകളുടെ കാര്യത്തില്‍ ശക്തമായ നിലപാടാണ് കൈകൊണ്ടിരുന്നത്. അവരെ മാറ്റി വീരപ്പ മൊയ്‌ലി ചുമതലയേറ്റതോടെ നിലപാടുകള്‍ തകിടം മറിഞ്ഞുവെന്നാണ് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നത്.