ഗ്രാമങ്ങളുടെ തുടിപ്പറിഞ്ഞ് ബശീര്‍, യുവ ഹൃദയങ്ങള്‍ കീഴടക്കി അബ്ദുര്‍റഹ്മാന്‍

Posted on: April 3, 2014 8:56 am | Last updated: April 3, 2014 at 8:56 am

1979638_1383045178635930_1452369844_nതിരൂരങ്ങാടി: ഗ്രാമങ്ങളുടെ തുടിപ്പറിഞ്ഞ് പൊന്നാനി ലോക് സഭാമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബശീറും യുവവോട്ടര്‍മാരുടെ മനസുകള്‍ തൊട്ടുണര്‍ത്തി എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി അബ്ദുര്‍റഹ്മാനും തിരൂരങ്ങാടി മണ്ഡലത്തില്‍ പര്യടനം നടത്തി. ഇന്നലെ കാലത്ത് 8ന് ആരംഭിച്ച ഇടിയുടെ പര്യടനം പ്രവര്‍ത്തകരുടേയും വോട്ടര്‍മാരുടേയും ആവേശത്തിമര്‍പ്പ് കാരണം രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. ആദ്യപര്യടനം പരപ്പനങ്ങാടി പഞ്ചായത്തിലായിരുന്നു. ഉള്ളണത്തുനിന്ന് ആരംഭിച്ച പര്യടനം തയ്യിലപ്പടി, നെടുവ, ചെട്ടിപ്പടി,ആലുങ്ങല്‍,പുത്തന്‍ കടപ്പുറം, ചിറമംഗലം, അഞ്ചപ്പുര, പാലത്തിങ്ങല്‍, ചീര്‍പ്പിങ്ങല്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക്, കുണ്ടൂര്‍, തെയ്യാല, പാണ്ടിമുറ്റം, വെള്ളിയാമ്പുറം, കൊടിഞ്ഞി തിരൂരങ്ങാടി മണ്ഡലത്തിലെ പള്ളിപ്പടി, പതിനാറുങ്ങല്‍, കരിപറമ്പ്, കോട്ടുവലക്കാട്, വെഞ്ചാലി, സി കെ നഗര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി ചെമ്മാട് അങ്ങാടിയിലാണ് സമാപിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനും കുശലാന്വേഷണം നടത്താനും ഇടി സമയം കണ്ടെത്തി. കാലത്ത് എട്ടിന് എടരിക്കോട് പഞ്ചായത്തിലെ ചുടലപ്പാറയില്‍ നിന്നാരംഭിച്ച വി അബ്ദുര്‍റഹ്മാന്റെ പര്യടനം എടരിക്കോട്, ക്ലാരി സൗത്ത്, പെരുമണ്ണ പഞ്ചായത്തിലെ കഴുങ്ങിലപ്പടി, പെരുമണ്ണ, കോഴിച്ചെന, ചിനപ്പുറം തെന്നല പഞ്ചായത്തിലെ കറുത്താല്‍, ചെമ്മേരിപ്പാറ, തറയില്‍, കൊടക്കല്ല് നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂര്‍,പാണ്ടിമുറ്റം, തട്ടത്തലം,പനക്കത്താഴം, സെന്‍ട്രല്‍ ബസാര്‍ തിരൂരങ്ങാടി പഞ്ചായത്തിലെ കാച്ചടി, കരിമ്പില്‍, കക്കാട്, തിരൂരങ്ങാടി, ചെമ്മാട്, കരിപറമ്പ്, കാരയില്‍ പരപ്പനങ്ങാടി പഞ്ചായത്തിലെ ചുടലപ്പറമ്പ്, മുണ്ടിയംകാവ്, ഉള്ളണം, അങ്ങാടി ബീച്ച്,വളപ്പില്‍ കോളനി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചെട്ടിപ്പടിയിലാണ് സമാപിച്ചത്. മലപ്പുറം ലോകസഭാ മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരത്തിന്റെ പ്രചരണ യാത്ര ഇന്നലെ വള്ളിക്കുന്ന് മണ്ഡലത്തിലായിരുന്നു. തേഞ്ഞിപ്പലം, പള്ളിക്കല്‍ ബസാര്‍, മൂന്നിയൂര്‍, പെരുവള്ളൂര്‍ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങള്‍ പിന്നിട്ട് ചേലേമ്പ്രയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ അഡ്വ. എ എ റഹീം, നൗഷാദ് മംഗലശ്ശേരി, മുസ്തഫ ആസാദ് നദ്‌വി സംസാരിച്ചു. മലപ്പുറം ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി ദാവൂദ്, വൈസ് ചെയര്‍മാന്‍മാരായ പി എം ബഷീര്‍, ചാലില്‍ ഭാസ്‌കരന്‍, എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് പി ഹനീഫഹാജി, സെക്രട്ടറി ടി സിദ്ദീഖ് സ്ഥാനാര്‍ഥിയെ അനുഗമിച്ചു. പ്രചരണ യാത്ര ഇന്ന് കൊണ്ടോട്ടി മണ്ഡലത്തില്‍ പര്യടനം നടത്തും.