മലയോരത്തിന്റെ മനം നിറച്ച് പ്രേമചന്ദ്രന്‍

Posted on: April 3, 2014 1:20 am | Last updated: April 3, 2014 at 12:20 am

1458702_1460859934146437_836721815_nഇടതു കോട്ടകളെ ഇളക്കി മറിച്ച് വിനിയാന്വിതനായി വോട്ടു പിടിക്കുകയാണ് എന്‍ കെ പ്രേമചന്ദ്രന്‍. റബ്ബര്‍ കര്‍ഷകരും അടക്കാ കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലൂടെയുള്ള പ്രേമചന്ദ്രന്റെ പടയോട്ടം ഇടതുകോട്ടകളെ ഇളക്കിമറിച്ചുകൊണ്ടുള്ളതായിരുന്നു.
സി പി എമ്മിന്റെ പരമ്പരാഗത വോട്ടുബേങ്കുകളുള്ള പ്രദേശങ്ങളാണ് കടയ്ക്കല്‍, ചടയമംഗലം, മടത്തറ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. ഇടതുകൂടാരം വിട്ടിറങ്ങിയ എന്‍ കെ പ്രേമചന്ദ്രനെ സ്വീകരിക്കാന്‍ വിപ്ലവത്തിന്റെ മണ്ണില്‍ വീട്ടമ്മമാരും വൃദ്ധജനങ്ങളും വഴി നീളെ കാത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. എന്നും ചെങ്കൊടിക്ക് കീഴില്‍ നിന്നിരുന്ന നിയമസഭാ മണ്ഡലമാണ് ചടയമംഗലം. തോട്ടം, ക്വാറി, നിര്‍മാണമേഖലയിലെ തൊഴിലാളികളും കന്നിവോട്ടര്‍മാരുള്‍പ്പെടുന്ന നൂറ്കണക്കിന് ആളുകളുമാണ് പൊരിഞ്ഞ വെയിലത്ത് പ്രേമചന്ദ്രനെ കാണാനും കേള്‍ക്കാനും അഭിവാദ്യം അര്‍പ്പിക്കാനുമായി തടിച്ച് കൂടിയത്.
നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം ലഭിച്ചതുമൂലം പര്യടനം രണ്ടര മണിക്കൂറോളം വൈകി. വൈകീട്ട് മൂന്ന് മണിയോടെ ഇട്ടിവയില്‍ ഉച്ചഭക്ഷണം.
ചെണ്ടമേളം, ബൈക്ക് റാലി കൂടാതെ മാലപ്പടക്കം പൊട്ടിച്ചുമാണ് പ്രേമചന്ദ്രന് വോട്ടര്‍മാര്‍ സ്വീകരണം നല്‍കിയത്. ചിതറയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. തുറന്ന വാഹനത്തിലാണ് സ്ഥാനാര്‍ഥി സഞ്ചരിച്ചത്. സമയം വൈകിയതിനാല്‍ മിക്ക കേന്ദ്രങ്ങളിലും ഒന്നോ രണ്ടോ വാക്കുകളില്‍ പ്രേമചന്ദ്രന്‍ പ്രസംഗം ഒതുക്കി. ചിഹ്നത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനും സ്ഥാനാര്‍ഥി മറന്നില്ല. കുത്തനെയുള്ള ഇറക്കവും കയറ്റവും വളവും തിരിവും നിറഞ്ഞ ചെമ്മണ്‍പാതകളിലൂടെ തിരുവനന്തപുരം- കൊല്ലം ജില്ലകളുടെയും കൊല്ലം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം ചെങ്കോട്ട റോഡിലൂടെയുള്ള പര്യടനം ആവേശമായി.
കാട്ടിനുള്ളിലെ വഞ്ചിയോട് കോളനിയിലേക്ക് ദുര്‍ഘട പാതകള്‍ താണ്ടിയെത്തിയ സ്ഥാനാര്‍ഥിയെ 102 കാരനായ ആദിവാസി മൂപ്പന്‍ ഗോപാലകൃഷ്ണന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോളനിയിലേക്കുള്ള തകര്‍ന്ന റോഡിന്റെ നവീകരണം ഉറപ്പ് നല്‍കി. മടത്തറയിലെത്തിയ പ്രേമചന്ദ്രനെ പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തിയാണ് ആഹ്ലാദം പങ്കുവെച്ചത്. മറ്റൊരു സ്വീകരണ സ്ഥലത്ത് വെച്ച് പ്രേമചന്ദ്രനെ വരവേറ്റത് ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരികയും നല്‍കിയായിരുന്നു. കലയപുരം, ഇലവുപാലം, ചല്ലിമുക്ക്, കൊല്ലായില്‍, സത്യമംഗലം, കുണ്ടുമണ്‍ കരിക്കകം, മുള്ളിക്കാട് കവല, മൗണ്ടര്‍ ബുക്ക് എന്നിവിടങ്ങളിലും പര്യടനം നടത്തി. ഇവിടെനിന്ന് മൂന്ന്മുക്കിലെത്തി. വികസനം എത്തിനോക്കാത്ത ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച പ്രേമചന്ദ്രന്‍ പ്രദേശത്തെ ആയിരക്കണക്കിന് റബ്ബര്‍ തൊഴിലാളികളെ സാന്ത്വനിപ്പിക്കാനും മറന്നില്ല. മലയോര മേഖലയിലെ രണ്ടാം ദിവസത്തെ പര്യടനം രാത്രി പത്ത് മണിയോടെ ഓയൂരില്‍ സമാപിക്കുമ്പോള്‍ നാല്‍പ്പതോളം സ്വീകരണങ്ങളും പ്രേമചന്ദ്രന്‍ പൂര്‍ത്തിയാക്കിയിരുന്നു.