Connect with us

Gulf

ഫുജൈറയില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി നിര്‍മിക്കാന്‍ ശൈഖ് ഹമദിന്റെ ഉത്തരവ്

Published

|

Last Updated

ഫുജൈറ: നഗരത്തില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി നിര്‍മിക്കാന്‍ സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി ഉത്തരവിട്ടു. അബുദാബി കിരീടാവകാശിയും സായുധ സേന ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ രാഷ്ട്രത്തിനായി ചെയ്യുന്ന മഹത്തായ സംഭാവനകളെ മാനിച്ചാണ് നഗര നിര്‍മാണത്തിന് ശൈഖ് ഹമദ് ഉത്തരവിട്ടിരിക്കുന്നത്. രാഷ്ട്രത്തിന്റെ നാമം പുറംനാടുകളില്‍ വാഴ്ത്തപ്പെടുന്നതിലും മേഖലയില്‍ സ്വാധീനമുള്ള ശക്തിയായി രാജ്യത്തെ മാറ്റുന്നതിലും വഹിച്ച സ്തുത്യര്‍ഹമായ പങ്കും ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പേരില്‍ നഗരം പണിയാന്‍ പ്രേരിപ്പിച്ച ഘടകമാണെന്നും ശൈഖ് ഹമദ് വ്യക്തമാക്കി.
പൗരന്മാരുടെ എല്ലാ ആവശ്യങ്ങളും നിവര്‍ത്തിക്കുന്ന രീതിയില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാവും നഗര നിര്‍മാണം പൂര്‍ത്തിയാക്കുക. ഇതിനുള്ള പദ്ധതി തയാറാക്കാനും വേഗത്തില്‍ നിര്‍മാണം ആരംഭിക്കാനും ശൈഖ് ഹമദ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫുജൈറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് പിറകിലായി അല്‍ ഹെയില്‍ മേഖലയിലാവും ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ വിദ്യാലയങ്ങളും മസ്ജിദും ക്ലിനിക്കും ഉദ്യാനവും കടകളും ഉള്‍ക്കൊള്ളുന്ന പുതിയ നഗരം ഉയരുക. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 1,000 വീടുകളാവും സ്വദേശികള്‍ക്കായി പണിയുക. രണ്ടും മൂന്നും ഘട്ടങ്ങളിലായി 2,000 വീടുകളും പണിയും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ 3,000 വീടുകളാവും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഉണ്ടാവുക. ഫുജൈറ നഗരസഭയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക.

---- facebook comment plugin here -----

Latest