പാര്‍ട്ണര്‍ കേരള: 4291.89 കോടിയുടെ പദ്ധതികള്‍ക്ക് സാധ്യത തെളിഞ്ഞു

Posted on: February 26, 2014 12:09 am | Last updated: February 26, 2014 at 12:09 am

കൊച്ചി: നഗരവികസന പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തത്തിലൂടെ പണം കണ്ടെത്തുന്നതിനായി നഗരകാര്യ വകുപ്പ് സംഘടിപ്പിച്ച പാര്‍ട്ണര്‍ കേരള സംഗമത്തില്‍ 100 താത്പര്യപത്രങ്ങളില്‍ നിക്ഷേപകര്‍ ഒപ്പിട്ടതായി നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 64 പദ്ധതികളിലായി 4291.89 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇതോടെ സാധ്യത തെളിഞ്ഞിരിക്കുന്നത്. പ്രതീക്ഷിച്ചതിന്റെ മൂന്നില്‍ രണ്ട് തുകയുടെ പദ്ധതികള്‍ക്ക് നിക്ഷേപകരെ കണ്ടെത്താന്‍ രണ്ട് ദിവസത്തെ സംഗമത്തിലൂടെ സാധിച്ചു. 6,500 കോടി രൂപ നിക്ഷേപം ആവശ്യമുള്ള 84 പദ്ധതികളാണ് സംസ്ഥാനത്തെ വിവിധ നഗരസഭകളും വികസന അതോറിറ്റികളും പാര്‍ട്ണര്‍ കേരള സംഗമത്തില്‍ അവതരിപ്പിച്ചത്.

തൃശൂര്‍ നഗരസഭയുടെ 700 കോടി ചെലവ് കണക്കാക്കുന്ന ശക്തന്‍ നഗര്‍ സമഗ്ര വികസന പദ്ധതിക്കും വിശാല കൊച്ചി വികസന അതോറിറ്റി മുന്നോട്ടുവെച്ച 85 കോടി രൂപ ചെലവ് കണക്കാക്കുന്ന ടണല്‍ മറൈന്‍ അക്വേറിയത്തിനുമാണ് ഏറ്റവും കൂടുതല്‍ നിക്ഷേപകരുടെ ശ്രദ്ധ നേടാനായത്. നാല് നിക്ഷേപകരാണ് ഈ പദ്ധതികളില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ ജി സി ഡി എ പദ്ധതിയിട്ടിരിക്കുന്ന 126 കോടി രൂപയുടെ ഷോപ്പിംഗ് മാള്‍, കോഴിക്കോട് നഗരസഭയുടെ 20 കോടി ചെലവ് പ്രതീക്ഷിക്കുന്ന നടക്കാവ് ഏരിയാ ഡെവലപ്‌മെന്റ് എന്നീ പദ്ധതികള്‍ക്ക് മൂന്ന് നിക്ഷേപകര്‍ വീതവും താത്പര്യപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്. 18 പദ്ധതികള്‍ക്ക് രണ്ട് നിക്ഷേപകര്‍ വീതവും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റു പദ്ധതികള്‍ക്ക് ഓരോ നിക്ഷേപകരുമാണുള്ളത്.
പ്രതീക്ഷിച്ചതിലുമേറെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. ഒന്നിലേറെപ്പേര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള പദ്ധതികളില്‍ അവരെയെല്ലാം ഒരിടത്തേക്ക് വിളിച്ച് വിശദമായ ചര്‍ച്ച നടത്തും. ഓരോരുത്തരും തയ്യാറാക്കിക്കൊണ്ടുവരുന്ന വിശദ പദ്ധതികളില്‍ മികച്ചതാകും തിരഞ്ഞെടുക്കുക. ഒരു കമ്പനി മാത്രം താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള പദ്ധതികളില്‍ സ്വിസ് ചലഞ്ച് രീതിയായിരിക്കും അവലംബിക്കുകയെന്നും അദ്ദേഹം അറിയിച്ചു.