Connect with us

Wayanad

'കൈവിളക്കും താരാട്ടു'മായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Published

|

Last Updated

കല്‍പ്പറ്റ: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2014-15 വര്‍ഷത്തെ ബജറ്റിനെ ശ്രദ്ധേയമാക്കി വിധവകള്‍ക്ക് വീട് വെയ്ക്കാന്‍ ധനസഹായം നല്‍കുന്ന കൈവിളക്ക് പദ്ധതിയും, അങ്കണ്‍വാടി കുട്ടികള്‍ക്ക് ബേബിബെഡ് പദ്ധതിയും വിധവകള്‍ക്ക് വീട് വെക്കാനായി 33 ലക്ഷവും ബേബിബെഡ് പദ്ധതിക്കായി 10 ലക്ഷം രൂപയുമാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളെ അപേക്ഷിച്ച് വിവിധങ്ങളായ വരവിനങ്ങളും ചെലവിനങ്ങളും ഇല്ല.
സംസ്ഥാനസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പ്ലാന്‍ഗ്രാന്റും നോണ്‍ പ്ലാന്‍ ഗ്രാന്റും വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ ലഭിക്കുന്ന വിഹിതവും നാമമാത്രമായ തനതുഫണ്ടുമാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ യഥാര്‍ത്ഥ വരുമാനം. ഏറ്റവും വിലയ സാമൂഹ്യപ്രവര്‍ത്തനമാണ് ഭവനരാഹിത്യമെന്നത് കണക്കാക്കിയാണ് ഇക്കുറി ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്. കല്‍പ്പറ്റ ബ്ലോക്കിന് 2014-15 വര്‍ഷം ലഭിക്കുന്ന വികസനഫണ്ടിന്റെ 50 ശതമാനത്തിലധികം തുക പാവപ്പെട്ടവരുടെ ഭവനനിര്‍മ്മാണത്തിനായി നീക്കിവെച്ചിട്ടുണ്ട്. 3.5 കോടി രൂപയിലധികം തുകയാണ് ഈയിനത്തില്‍ മാറ്റിവെച്ചിട്ടുള്ളത്. കാര്‍ഷികമേഖലയുടെ വിശിഷ്ട്യാ നെല്‍കൃഷിയുടെ വര്‍ധനവിനായി എട്ട് ലക്ഷം രൂപയും കരകൃഷിക്കായി 1.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കുടിവെള്ള പദ്ധതികള്‍ക്കായി 17.20 ലക്ഷം രൂപയും വൈദ്യുതി എത്താത്ത പ്രദേശങ്ങളില്‍ സൗരവിളക്ക് സ്ഥാപിക്കുന്നതിനായി 34.90 ലക്ഷം രൂപയും, ഗ്രാമീണറോഡുകളുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി 17.57 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് മെയിന്റനന്‍സ് ഫണ്ടായി 53 ലക്ഷം രൂപയും അതുപോലെ ഘടകസ്ഥാപനങ്ങളുടെ ദൈനംദിന ചിലവുകള്‍ക്കായി ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും 2.85 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. ഇതിന് പുറമെ 2014-15 വര്‍ഷം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്ന 49.44 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വരുന്ന സാമ്പത്തികവര്‍ഷത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് ആകെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന 59.43 കോടിരൂപ സന്തുലിതമായ രീതിയില്‍ എല്ലാ മേഖലകളിലും വിതരണം ചെയ്തിട്ടുണ്ട്. ആകെ വരവിനേക്കാള്‍ അഞ്ച് ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്നതാണ് ഇക്കുറി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്. വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ റുഖിയ ടീച്ചറാണ് ബജറ്റ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest