Connect with us

National

ഡല്‍ഹിയിലെ സൈനിക നീക്കം; പുതിയ വിവാദം പുകയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹി ലക്ഷ്യമാക്കി നടന്ന സൈനിക നീക്കം വീണ്ടും ചര്‍ച്ചയാകുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇംഗ്ലീഷ് ദിനപത്രം തന്നെയാണ് സംഭവം മുന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. 2012 ജനുവരിയിലാണ് ഡല്‍ഹിയിലേക്ക് രണ്ട് കരസേനാ യൂനിറ്റുകള്‍ അസാധാരണമായി നീങ്ങിയതായി പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
2012 ഏപ്രില്‍ നാലിനായിരുന്നു വാര്‍ത്ത വന്നത്. ജനുവരി 16 നാണ് സൈനിക നീക്കമുണ്ടായതെന്നായിരുന്നു വാര്‍ത്ത. ഹിസാറില്‍ നിന്നും ആഗ്രയില്‍ നിന്നുമാണ് രണ്ട് യൂനിറ്റുകള്‍ ഡല്‍ഹി ലക്ഷ്യം വെച്ച് തിരിച്ചതെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗങ്ങളും കണ്ടെത്തിയിരുന്നുവെന്നാണ് വാര്‍ത്ത. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന നിലപാടുമായി സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വരികയായിരുന്നു. പതിവില്‍ കവിഞ്ഞ സൈനിക നീക്കങ്ങളൊന്നും ഉണ്ടായില്ലെന്ന് കരസേനാ മേധാവി ജനറല്‍ വി കെ സിംഗും വ്യക്തമാക്കിയിരുന്നു. സിംഗിന്റെ ജനന തീയതി സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസമാണ് സൈനിക നീക്കമുണ്ടായത്. പത്രവാര്‍ത്തയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും തള്ളിക്കളഞ്ഞിരുന്നു.
ഈയിടെ സര്‍വീസില്‍ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ എ കെ ചൗധരിയാണ് സൈനിക നീക്കം സ്ഥിരീകരിക്കുന്നത്. മിലിട്ടറി ഓപറേഷന്റെ ചുമതലയായിരുന്നു എ കെ ചൗധരിക്ക്. പ്രതിരോധ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം സേനയെ മടക്കി വിളിക്കുകയായിരുന്നുവെന്നും ഈ വിവരം സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ ഏരിയ കമാന്‍ഡറായിരുന്ന ചൗധരി മൂന്നാഴ്ച മുമ്പാണ് വിരമിച്ചത്. ആശയവിനിമയത്തിലെ വീഴ്ചയാണ് സൈനിക നീക്കത്തിന് ഇടയാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രതിരോധ മന്ത്രാലയത്തിനും ഇന്റലിജന്‍സ് ബ്യൂറോക്കും ഇക്കാര്യത്തില്‍ സംശയമുണ്ടായി. എന്നാല്‍ ഇത് അട്ടിമറി ശ്രമമായിരുന്നുവെന്ന് ചൗധരി വ്യക്തമാക്കുന്നില്ല.