അഞ്ച് കിലോ പാചക വാതക സിലിണ്ടര്‍ കേരളത്തിലും

Posted on: February 16, 2014 9:47 am | Last updated: February 17, 2014 at 1:34 am

lpgകൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അഞ്ച് കിലോ പാചകവാതക സിലിണ്ടറുകള്‍ കേരളാ വിപണിയിലെത്തി. തുടക്കത്തില്‍ കൊച്ചിയില്‍ മാത്രമാണ് സിലിണ്ടറുകള്‍ ലഭിക്കുക. വില്ലിങ്ടണ്‍ ഐലന്‍ഡിലെ ടി പി എം ഫ്യുവല്‍സ് പെട്രോള്‍ പമ്പിലാണ് സിലിണ്ടര്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരത്തെയും ഐ ഒ സി പമ്പുകളില്‍ വിതരണം തുടങ്ങും. മറ്റുജില്ലകളില്‍ ആവശ്യമെങ്കില്‍ വിതരണത്തിന് നടപടിയെടുക്കുമെന്ന് ഐഒസി അറിയിച്ചു.

ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുള്ള ആര്‍ക്കും സിലിണ്ടര്‍ വാങ്ങാം. ആദ്യതവണ രണ്ടായിരം രൂപ നല്‍കണം. സിലിണ്ടറിന്റെ വാടകയും റെഗുലേറ്ററിന്റെയും ട്യൂബിന്റെയും വിലയും ഉള്‍പ്പെടെയാണിത്. അടുത്തതവണ മാറ്റിവാങ്ങുമ്പോള്‍ 539 രൂപ 50 പൈസ നല്‍കിയാല്‍ മതിയാകും.

സ്ഥിരമായ പാചകവാതക കണക്ഷനുകളില്ലാത്തവരെയും അടിക്കടി താമസം മാറുന്നവരെയും ലക്ഷ്യമിട്ടാണ് അഞ്ചുകിലോ സിലിണ്ടറുകള്‍ വിപണിയിലിറക്കിയിരിക്കുന്നത്.