Connect with us

Ongoing News

മണ്ണ്, മണല്‍, പാറ ഖനനത്തിനുള്ള നിയന്ത്രണം നീക്കി

Published

|

Last Updated

തിരുവനന്തപുരം: മണല്‍ വാരുന്നതിനും മണ്ണെടുക്കുന്നതിനും പാറ ഖനനത്തിനുമുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഖനനത്തിന് സമ്പൂര്‍ണ നിരോധം എന്ന സ്ഥിതി മാറുമെന്നും എന്നാല്‍, കോടതിയും പരിസ്ഥിതി സമിതിയും നിര്‍ദേശിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും അനുമതിയെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനുമതി നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇന്ന് വീഡിയോകോണ്‍ഫറന്‍സിംഗ് വഴി ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ കലക്ടര്‍മാര്‍ക്ക് നല്‍കും. ഡാമുകളില്‍ നിന്ന് മണല്‍ വാരും. വനത്തിനുള്ളിലെ ഡാമുകളില്‍ നിന്ന് മണലെടുക്കാന്‍ അനുമതി തേടി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കും.
ഡോ. എ ഇ മുത്തുനായകം ചെയര്‍മാനും പ്രൊഫ. കെ പി ജോയ്, വനം വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തി എന്നിവര്‍ അംഗങ്ങളുമായ പരിസ്ഥിതി സമിതിയാണ് അനുമതി നല്‍കേണ്ടത്. ഓരോ അപേക്ഷകളും പരിസ്ഥിതി സമിതി നല്‍കണമെന്നില്ല. ജില്ലകളില്‍ പൊതുവായ അനുമതിയാണ് നല്‍കുന്നത്. മറ്റുകാര്യങ്ങള്‍ ജില്ലാകലക്ടര്‍മാരുടെ മേല്‍നോട്ടത്തിലാകും.