Connect with us

Palakkad

ജില്ലയിലെ വരള്‍ച്ച നേരിടാന്‍ പ്രത്യേക രൂപരേഖ തയ്യാറാക്കും: കലക്ടര്‍

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ രൂക്ഷമാകാന്‍ സാധ്യതയുളള വരള്‍ച്ച നേരിടാന്‍ പ്രത്യേക രൂപരേഖ തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു. കലക്ടറേറ്റില്‍ വരള്‍ച്ചയുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. നിലവിലുളള സാഹചര്യത്തില്‍ വരള്‍ച്ച തടയാനുളള മാര്‍ഗങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ രൂപരേഖ തയ്യാറാക്കണം.
ഈ രൂപരേഖ, ഉടന്‍ വിളിച്ചു ചേര്‍ക്കുന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ അവതരിപ്പിക്കും. യോഗത്തില്‍ ഉരുത്തിരിഞ്ഞ മാര്‍ഗനിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് വരള്‍ച്ച ശാസ്ത്രീയമായും ഫലപ്രദമായും നേരിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കലക്ടര്‍ പറഞ്ഞു.
നിലവില്‍ ഡാമുകളില്‍ നിന്ന് കാര്‍ഷികാവശ്യത്തിന് നല്‍കുന്ന വെളളം ഏതെല്ലാം മേഖലയില്‍ ആവശ്യമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ എക്‌സി.എന്‍ജിനീയര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും കൃഷി മൂപ്പെത്താത്തതിനാല്‍ ജലസേചനം ആവശ്യമാണ് എന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ടാങ്കര്‍ ലോറികളില്‍ വെളളമെത്തിക്കുന്നതിനുളള മേഖലകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മേഖല, റൂട്ട് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ നല്‍കണം. ഇതിന് പുറമെ ടെന്‍ഡര്‍ നടപടികളും തുടങ്ങണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുന:സ്ഥാപിക്കുന്നതിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുന്നതിന് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ക്കും. കുളങ്ങളില്‍ നിന്ന് മണ്ണെടുത്ത് നീക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊജക്ട് തയ്യാറാക്കാന്‍ ആവശ്യപ്പെടും. കഴിഞ്ഞ വരള്‍ച്ചാ കാലത്ത് അനുവദിച്ച 200 കുളങ്ങള്‍ക്ക് നല്‍കിയ പ്രൊപ്പോസലുകള്‍ അതിവേഗം അനുവദിച്ച് കിട്ടുന്നതിന് നടപടി സ്വീകരിക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് വകുപ്പുകള്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം. തുലാവര്‍ഷം ശക്തി കുറഞ്ഞതിനാല്‍ ഈ വര്‍ഷത്തെ വേനല്‍ ശക്തമാകുമെന്നും ജലവിതാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തേതിനേക്കാള്‍ കുറഞ്ഞതായും യോഗം വിലയിരുത്തി.
മലമ്പുഴ ഡാമില്‍ നിന്ന് കൃഷിയാവശ്യത്തിന് 10 ദിവസം കൂടി ജലം നല്‍കാനാകുമെന്ന് എക്‌സി. എന്‍ജിനീയര്‍ കെ എം ശിവദാസന്‍ യോഗത്തില്‍ അറിയിച്ചു. പോത്തുണ്ടിയില്‍ നിന്ന് ഒമ്പത് ദിവസവും മംഗലം ഡാമില്‍ നിന്ന് എട്ട് ദിവസവും വെളളം വിട്ടുനല്‍കും. കാഞ്ഞിരപുഴയില്‍ മെയ് അവസാനം വരെ വെളളം നല്‍കാന്‍ കഴിയും.
പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് ലഭിക്കാനുളള വെളളം ലഭിച്ചാലും ആവശ്യത്തിന് വിതരണം ചെയ്യാനുണ്ടാകില്ല. 7.25 ടി എം സി വെളളം ലഭിക്കേണ്ടിടത്ത് 5.5 ടി എം സി വെളളം ലഭിച്ചതായി ബന്ധപ്പെട്ട എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. മീങ്കരയില്‍ നിന്ന് ആറ് മാസത്തേക്കുളള കുടിവെളളം സംഭരിച്ചിട്ടുണ്ട്. ചുളളിയാര്‍ ഡാമില്‍ നിന്ന് കാര്‍ഷികാവശ്യത്തിന് മൂന്ന് ദിവസത്തേക്ക് വെളളം നല്‍കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം വരള്‍ച്ചാ പദ്ധതികള്‍ക്കായി 17.19 കോടി രൂപ ചെലവഴിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

 

Latest