Connect with us

Gulf

ദുഃഖമായി തങ്ങളുടെ വിയോഗം

Published

|

Last Updated

ദുബൈ: സമസ്ത പ്രിസിഡന്റും സുന്നി സംഘ കുടുംബത്തിന്റെ അമരക്കാരനുമായ താജുല്‍ ഉലമാ അസ്സയിദ് അബ്ദുറഹിമാന്‍ അല്‍ ബുഖാരി എന്ന ഉള്ളാള്‍ തങ്ങളുടെ വിയോഗം താങ്ങാനാവാതെ യു എ ഇയിലെ പ്രാസ്ഥാനിക വൃന്ദം തേങ്ങി.
1956ല്‍ കേരള മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പരമോന്നത കൂടിയാലോചന സമിതി – മുശാവറ-യില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ തുടങ്ങിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ വിയോഗം വരെ തുടര്‍ന്നു.
പതിനായിരങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കിയ ഒരു വിളക്കുമാടം എന്നതിലുപരി ലക്ഷക്കണക്കിനാളുകള്‍ക്ക് ആത്മീയ ഗുരുത്വം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ശാന്തി നല്‍കിയിരുന്ന ആത്മീയ തേജസു കൂടിയായിരുന്നു വിടപറഞ്ഞ താജുല്‍ ഉലമാ. വിജ്ഞാനവും ആത്മീയ പ്രഭയും പരത്തിയ അവിടുത്തെ യാത്രക്കിടയില്‍ പലതവണ യു എ ഇ യില്‍ തങ്ങളുടെ സാന്നിദ്ധ്യമുണ്ടായത് എന്നും ഓര്‍ത്തുവെയ്ക്കാന്‍ പറ്റുന്നതായിരുന്നു പ്രവര്‍ത്തകര്‍ക്ക്.
2005ലാണ് താജുല്‍ ഉലമാ അവസാനമായി യു എ ഇ ലെത്തിയത്. ആ വര്‍ഷത്തെ ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ആ സന്ദര്‍ശനം. ഒരു മാസം യു എ ഇയില്‍ തങ്ങള്‍ ചിലവഴിച്ചു. ധാരാളം പ്രവാസികളായ ആളുകള്‍ക്ക് അടുത്തിടപഴകാനും അനുഗ്രഹം വാങ്ങാനും ലഭിച്ച അവസരമായിരുന്നു അത്. കാലേക്കൂട്ടി നിശ്ചയിക്കാത്ത സ്വകാര്യ സന്ദര്‍ശനമായിരുന്നു ഇതെങ്കിലും യു എ ഇയുടെ പലഭാഗത്തും തങ്ങളുടെ നേതൃത്വത്തില്‍ ആത്മീയ സദസ്സുകള്‍ സംഘടിപ്പിക്കപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ അവിടുത്തെ പ്രാര്‍ഥനയില്‍ പങ്കെടുത്തു.
2003 ജനുവരിയില്‍ താജുല്‍ ഉലമ നടത്തിയ യു എ ഇ സന്ദര്‍ശനം, താന്‍ പ്രസിഡന്റായ കാസര്‍കോട് ജാമിഅ സഅദിയ്യയുടെ ഒരു സംരംഭത്തിന്റെ സംന്ദേശവുമായിട്ടായിരുന്നു. വിശുദ്ധ റമളാനിലായിരുന്നു ഇത്. രണ്ടാഴ്ചയോളം യു എ ഇ യില്‍ ചിലവഴിച്ച തങ്ങള്‍ പല ഭാഗങ്ങളിലും നിരവധി സദസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ദുബൈ ദേരയിലെ പ്രസിദ്ധമായ ശര്‍വാനി മസ്ജിദില്‍ റമളാനിലെ ഒരു ജുമുഅക്ക് ശേഷം തങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഒരു വിജ്ഞാന- ആത്മീയ സദസ്സിന് അനുഭവസ്ഥരായ പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അത്രമാത്രം പൗഢമായിരുന്നു ആ സദസ്സ്.
വിവിധ ആത്മീയ വഴി(ത്വരീഖത്ത്)കളുടെ ഗുരു കൂടിയായ താജുല്‍ ഉലമാ യു എ ഇ സന്ദര്‍ശന വേളകളില്‍ ധാരാളം അറബ്, സ്വദേശി സഹോദരന്‍മാര്‍ക്ക് അവരുടെ ആവശ്യ പ്രകാരം “ഇജാസത്ത്” നല്‍കിയിരുന്നതായി ഈ രണ്ട് യാത്രയിലും തങ്ങളെ അനുഗമിക്കാന്‍ അവസരം കിട്ടിയ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി അനുസ്മരിക്കുന്നു. അലി അല്‍ ഹാശിമി ഉള്‍പ്പെടെ ധാരാളം പ്രമുഖരുമായും സന്ദര്‍ശന വേളയില്‍ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം അനുസ്മരിക്കുന്നു.

Latest