ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍ നട്ട് കാര്‍ഷിക രംഗത്ത് സമൂല മാറ്റം വരുത്തും: മന്ത്രി

Posted on: February 2, 2014 3:29 am | Last updated: February 2, 2014 at 3:29 am

നരിക്കുനി: പച്ചത്തേങ്ങ സംഭരിക്കാന്‍ കൃഷി ഭവനുകള്‍ക്ക് നല്‍കിയത് പോലെയുള്ള അനുമതി സൊസൈറ്റികള്‍ക്കും നല്‍കുമെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍. പുന്നശേരിയില്‍ ചേളന്നൂര്‍ ബ്ലോക്ക് നാളികേര ഉദ്പാദക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച കൊപ്ര ഡ്രയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തേങ്ങ കൊപ്രയാക്കി കേര ഫെഡിന് നല്‍കുമ്പോള്‍ മാര്‍ക്കറ്റ് വിലക്ക് പുറമെ 600 രൂപ ഇന്‍സെന്റീവും നല്‍കും. മൂന്ന് വര്‍ഷം കൊണ്ട് ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിച്ച് നാളികേര കാര്‍ഷിക രംഗത്ത് സമൂലമായ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചേളന്നൂര്‍ ബ്ലോക്കിലെ നാളികേര കര്‍ഷകരുടെ കൂട്ടായ്മയായ നാളികേര ഉത്പാദക ഫെഡറേഷനാണ് നാളികേരം ഉണക്കി കൊപ്രയാക്കിയെടുക്കുന്നതിനുള്ള ഡ്രയര്‍ സ്ഥാപിച്ചത്. വാര്‍ഡുകളിലെ നൂറ് അംഗങ്ങള്‍ വീതമുള്ള ഉത്പാദക സംഘങ്ങള്‍ ചേര്‍ന്നതാണ് ഫെഡറേഷന്‍. ചേളന്നൂര്‍ ബ്ലോക്കിലെ കാക്കൂര്‍, നരിക്കുനി, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുകളിലായുള്ള 16 ഉത്പാദക സംഘങ്ങള്‍ ഫെഡറേഷന്റെ കീഴിലുണ്ട്. നാളികേര വികസന ബോര്‍ഡിന്റെ ധന സഹായത്തോടെയാണ് 14 ലക്ഷം രൂപ ചെലവില്‍ കൊപ്ര ഡ്രയര്‍ നിര്‍മിച്ചത്. രണ്ട് ദിവസം കൊണ്ട് 12000 തേങ്ങ കൊപ്രയാക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നാളികേര ഫെഡറേഷന് കീഴില്‍ ജില്ലയിലെ ആദ്യ സംരംഭമാണിത്.
എ കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കേരഫെഡ് എം ഡി അശോക് കുമാര്‍ തെക്കന്‍ മുഖ്യപ്രഭാഷണം നടത്തി. ടി കെ സൗമീന്ദ്രന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. കാക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനന്‍, നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി സി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് സംസാരിച്ചു.