Connect with us

International

ബാങ്കോക്ക് നഗരം പ്രക്ഷോഭകര്‍ സ്തംഭിപ്പിച്ചു

Published

|

Last Updated

ബാങ്കോക്: തായ്‌ലാന്‍ഡ് പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവര്‍ തലസ്ഥാന നഗരം സ്തംഭിപ്പിച്ചു. മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സുദേബ് തുആഗ്‌സുബാന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. ബാങ്കോക്ക് സതംഭിപ്പിക്കുന്നു എന്ന മുദ്രാവാക്യവുമായി പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ ഇന്നലെ രാവിലെ തന്നെ തലസ്ഥാന നഗരത്തിലേക്ക് ഒഴുകിയിരുന്നു. ബാങ്കോക്കിലെ പ്രധാന വാണിജ്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പ്രധാനമന്ത്രി രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് തീരുമാനമെന്ന് സുദേബ് വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്കോ രാജിയല്ലാത്ത മറ്റ് ഒത്തുതീര്‍പ്പിനോ തങ്ങള്‍ തയ്യാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭകര്‍ തലസ്ഥാനത്ത് തമ്പടിച്ചതോടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ആഭ്യന്തര മന്ത്രാലയം വക്താക്കള്‍ അറിയിച്ചു. ബാങ്കോക്കില്‍ 20,000 പോലീസുകാരെയും സൈനികരെയും നിയമിച്ചിട്ടുണ്ടെന്നും ഏറ്റുമുട്ടലുകളോ ആക്രമണങ്ങളോ ഉണ്ടായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഭരണം സ്തംഭിപ്പിക്കുന്ന രീതിയില്‍ പ്രക്ഷോഭം മാറിയാല്‍ കനത്ത നടപടി തന്നെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുമെന്നാണ് അറിയുന്നത്. അക്രമാസക്തമായ പ്രക്ഷോഭം നടത്താന്‍ തന്നെയാണ് സുദേബിന്റെ അനുയായികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ വന്നാല്‍ തലസ്ഥാനത്ത് ശക്തമായ ഏറ്റുമുട്ടല്‍ തന്നെ നടക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത മാസം രണ്ടിന് നടത്തുമെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് എന്തുവിലകൊടുത്തും തടയുമെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ തടസ്സപ്പെടുത്തലാണ് ബാങ്കോക്ക് ഉപരോധ സമരത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി രാജിവെച്ച് അധികാരം നിഷ്പക്ഷ സര്‍ക്കാറിന് നല്‍കിയ ശേഷമേ തിരഞ്ഞെടുപ്പ് നടത്താകൂ എന്നാണ് പ്രക്ഷോഭക നേതൃത്വത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍, കാലാവധി കഴിയാതെ രാജിവെക്കില്ലെന്നും അത് ഭരണഘടനക്ക് വിരുദ്ധമാണെന്നും പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്ര വ്യക്തമാക്കി.
രാജ്യത്തിന്റെ ഭരണം മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് സുദേബിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്.
പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഷിനാവത്ര മന്ത്രിസഭ പിരിച്ചുവിടുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമായിരുന്നു. ഗ്രാമ പ്രദേശങ്ങളില്‍ ശക്തമായ ജനപിന്തുണയുള്ള ഷിനാവത്രക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് തിരഞ്ഞെടുപ്പിനെതിരെ പ്രക്ഷോഭകര്‍ രംഗത്തെത്തിയതെന്ന് ഭരണപക്ഷ പാര്‍ട്ടി വക്താക്കള്‍ ആരോപിച്ചു.