സിന്‍ജിയാംഗ് വെടിവെപ്പ്: സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം

Posted on: January 1, 2014 12:02 am | Last updated: January 1, 2014 at 12:16 am

ബീജിംഗ്: സിന്‍ജിയാംഗില്‍ എട്ട് പേരെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഉയ്ഗൂര്‍ വിഭാഗം രംഗത്ത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നടക്കുന്ന ഏറ്റവും വലിയ പോലീസ് ഭീകരതയാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലോക ഉയ്ഗൂര്‍ കോണ്‍ഗ്രസ് ( ഡബ്യൂ യു സി)യാണ് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നത്. എല്ലാ വിവരങ്ങളും വെളിപ്പെടണമെന്നും ഇതിന് അന്താരാഷ്ട്ര ഏജന്‍സികള്‍ മേല്‍നോട്ടം വഹിക്കണമെന്നും സംഘടന വ്യക്തമാക്കി.
വിദേശ മാധ്യമങ്ങളുടെ പ്രതിനിധികളും, സര്‍ക്കാര്‍ പ്രതിനിധികളും സംഘര്‍ഷം നടന്ന പ്രദേശം സന്ദര്‍ശിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തീവ്രവാദ അക്രമണത്തിനെതിരെയുള്ള പോലീസ് ചെറുത്ത് നില്‍പ് എന്നാണ് സംഭവത്തെ ചൈനീസ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.
ഒമ്പത് തീവ്രവാദികള്‍ പ്രാദേശിക പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം. ആയുധങ്ങളും കത്തികളും സ്‌ഫോടക വസ്തുക്കളും ഇവരുടെ പക്കലുണ്ടായിരുന്നുവെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ഒരാളെ ജീവനോടെ പിടികൂടാനായെന്നും 25 സ്‌ഫോടക വസ്തുക്കളും ഒമ്പത് കത്തികളും ഇവരില്‍ നിന്ന് പിടിച്ചെടുത്തുവെന്നും പോലീസ് പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു. ഉയ്ഗൂര്‍ വിഭാഗക്കാരില്‍ പെട്ട രണ്ട് പേര്‍ കൊല്ലപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉസ്മാന്‍ ബാരത്, അബ്ദുഗനി അബ്ദുല്‍ഖാദിര്‍ എന്നിവരാണിവര്‍.
ഇവര്‍ കഴിഞ്ഞ ആഗസ്റ്റ് മുതല്‍ തീവ്രവാദ വീഡിയോകളും പ്രസംഗങ്ങളും കണ്ടതായി പോലീസ് ആരോപിക്കുന്നുണ്ട്. ഉയ്ഗൂര്‍ വിഭാഗം മുസ്‌ലിംകളാണ്. സിന്‍ജിയാംഗിലെ വലിയ വംശവും ഉയ്ിഗൂര്‍ വിഭാഗമാണ്. ഈ പ്രദേശം എണ്ണ സമ്പന്നമാണ്. നേരത്തെ ജപ്പാനും ഈ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. പ്രകൃതി വാതക നിക്ഷേപവും ഈ പ്രദേശത്ത് സമ്പന്നമാണ്.