പടക്കശാലയിലെ പൊട്ടിത്തെറി: ഉടമയുടെ ഭാര്യ മരിച്ചു

Posted on: December 31, 2013 12:14 am | Last updated: December 30, 2013 at 11:15 pm

കൊല്ലം: പടക്കനിര്‍മാണശാല പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. പടക്കനിര്‍മാണ ശാലയുടെ ഉടമ അജയകുമാറിന്റെ ഭാര്യ ഷൈലജ (52) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തില്‍ ഗുരതരമായി പരുക്കേറ്റ മറ്റ് നാല് പേരുടെയും നില മാറ്റമില്ലാതെ തുടരുകയാണ്. തമിഴ്‌നാട് സ്വദേശികളായ ചിന്നരശന്‍ (30), പൊന്നുസ്വാമി (47), പെരിയസ്വാമി (49), മണിരാജ് (23) എന്നിവരാണ് ചികിത്സയിലുള്ളത്. സ്‌ഫോടനം സംബന്ധിച്ച അന്വേഷണ ചുമതല കൊല്ലം ആര്‍ ഡി ഒക്കാണ്. പൊട്ടിത്തെറി നടന്ന സ്ഥലത്തെ വെടിമരുന്ന് പൂര്‍ണമായി നിര്‍ജീവമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന പ്രചാരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലായിട്ടുണ്ട്.
അതേസയമം, പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് പടക്കനിര്‍മാണശാല ഉടമ കല്ലറ സ്വദേശി അജയന്‍, ലൈസന്‍സി സ്വാതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അജയന്റെയും മരിച്ച ഷൈലജയുടെയും മകളാണ് സ്വാതി. അജയന്റെ നാടായ കല്ലറയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ചടയമംഗലത്തു വെച്ച് ഹൈവേ പോലീസിന്റെ സഹായത്തോടെ പുനലൂര്‍ സി ഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇരുവരെയും പിന്നീട് കുന്നിക്കോട് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫോറന്‍സിക് സയന്റിഫിക് അസിസ്റ്റന്റ് ഗോപികയുടെ നേതൃത്വത്തിലുള്ള സംഘം പൊട്ടിത്തെറി നടന്ന സ്ഥലത്ത് പരിശോധന നടത്തി. ഇവിടേക്ക് ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കയാണ്.