വാടക വര്‍ധനവിന്റെ ചൂഷണ കാലം

Posted on: December 28, 2013 9:14 pm | Last updated: December 28, 2013 at 9:14 pm

FOR RENT SIGNഗള്‍ഫിലെ വിദേശികളെ സംബന്ധിച്ചടത്തോളം, വലിയ പ്രശ്‌നം വാടക വര്‍ധനവാണ്. വരുമാനത്തിന്റെ ഭൂരിഭാഗം വാടകക്ക് നീക്കിവെക്കേണ്ടി വരുന്നു. മധ്യവര്‍ഗത്തിന്റെ ആശങ്ക ദിനംപ്രതി വര്‍ധിച്ചു വരികയാണ്. വാടക താങ്ങാനാകാതെ പല കുടുംബങ്ങളും നാട്ടിലേക്ക് മടങ്ങുന്നു.
ദുബൈയില്‍, മിക്ക കെട്ടിടങ്ങളിലും വാടക വര്‍ധിച്ചു. ദേരയില്‍ ഒറ്റ മുറി ഫഌറ്റിന് ഒരു വര്‍ഷം മുമ്പ് വരെ ശരാശരി വാടക പ്രതിവര്‍ഷം 20,000 ദിര്‍ഹമായിരുന്നു. ഇപ്പോള്‍ 25,000 ദിര്‍ഹത്തിന് മുകളില്‍. ഗ്രോസറികളുടെയും കഫ്‌റ്റേരിയകളുടെയും വാടക 20 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്.
സാമ്പത്തികമായി താഴെത്തട്ടിലുള്ളവരുടെയും മധ്യവര്‍ഗത്തിന്റെയും വരുമാനം കൂടിയിട്ടില്ല. ചെലവ് ക്രമാതീതമായി ഉയരുന്നുണ്ട്. അതുകൊണ്ടു തന്നെ താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് വരാന്‍ പോകുന്നത്.
ബാച്ചിലര്‍മാര്‍ക്ക്, ശരാശരി 1,500 ദിര്‍ഹമാണ് മാസ ശമ്പളം. ദേര, ബര്‍ദുബൈ, കറാമ എന്നിവിടങ്ങളില്‍ ബെഡ് സ്‌പെയ്‌സ് പൊള്ളിത്തുടങ്ങിയിട്ടുണ്ട്. 500 ദിര്‍ഹത്തില്‍ നിന്ന് 800 ദിര്‍ഹംവരെയായിട്ടുണ്ട്. മിക്ക മുറികളിലും ഇരട്ടക്കട്ടിലുകള്‍ പെരുകുന്നു. അഞ്ചുപേര്‍ താമസിച്ചിരുന്നിടത്ത് 10 പേര്‍ ഞെരുങ്ങിക്കഴിയേണ്ടിവരുന്നു.
1,500 ദിര്‍ഹം ശമ്പളമുള്ളവര്‍ക്ക് വാടകയും ഭക്ഷണവും ഫോണ്‍ ബില്ലും കഴിഞ്ഞാല്‍, പിന്നെ നാട്ടില്‍ അയക്കാന്‍ കടം വാങ്ങുകയേ നിവൃത്തിയുള്ളൂ. റസ്റ്റോറന്റുകളുടെയും കഫ്‌റ്റേരിയകളുടെയും പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതു കാരണം ഭക്ഷ്യവിഭവങ്ങള്‍ക്ക് നിരക്ക് കൂടി. പുഴുങ്ങലരി ചോറിന് അഞ്ച് ദിര്‍ഹമാണ് മലയാളി റസ്റ്റോറന്റുകള്‍ ഈടാക്കിയിരുന്നത്. അത് ആറ് ദിര്‍ഹമായി വര്‍ധിച്ചു. റസ്റ്റോറന്റുകളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വാടക, പാചകവാതകം, ഭക്ഷ്യോത്പന്ന വിലനിലവാരം എന്നിവയും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലാണ്.
മലയാളികളാണ് ഏറെ പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നത്. വൃത്തിയോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണവര്‍. ആരോഗ്യപ്രദമായ ഭക്ഷണശീലങ്ങളുണ്ട്. ഇതിനു രണ്ടിനും കനത്ത ചെലവുണ്ട്. മാസത്തില്‍ എണ്ണിച്ചുട്ടപ്പം പോലെ ലഭിക്കുന്ന വേതനം കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടും. അതുകൊണ്ടാണ്, സ്വര്‍ണക്കടത്തുകാരുടെ പ്രലോഭനങ്ങളില്‍ മലയാളികള്‍ വീണുപോകുന്നത്. ഒറ്റയടിക്ക് 50,000 രൂപ എന്നത്, ഒന്നോ രണ്ടോ വര്‍ഷം കഠിനാധ്വാനം ചെയ്താല്‍ പോലും നേടാനാകാത്തതാണ്.
ദുബൈയില്‍ നിന്ന് കുടുംബങ്ങള്‍ വടക്കന്‍ എമിറേറ്റുകളിലേക്ക് താമസം മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലേക്കാണ് കൂടുമാറ്റം. ദുബൈ-ഷാര്‍ജ റൂട്ടില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനു കാരണം മറ്റൊന്നല്ല. സാലിക് കവാടം ഏര്‍പ്പെടുത്തിയ റൂട്ടില്‍ പോലും വാഹനത്തിരക്കാണ്. മറ്റുള്ള പാതകളില്‍ മണിക്കൂറുകളോളം ‘തുഴയേണ്ടി’ വരുന്നുവെന്ന് വാഹനം ഓടിക്കുന്നവര്‍ പറയുന്നു. ഷാര്‍ജയിലും വാടക കൂടി. ഇടനിലക്കാര്‍, ചൂഷണ സഞ്ചിയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ്, സാമ്പത്തിക മാന്ദ്യം കൊടുമ്പിരിക്കൊണ്ടപ്പോള്‍ മാളത്തിലേക്ക് ഉള്‍വലിഞ്ഞ സമൂഹമാണത്. അഞ്ച് വര്‍ഷം മുമ്പ്, റിയല്‍ എസ്റ്റേറ്റ് രംഗം കൊഴുത്തപ്പോള്‍ ഇവര്‍ രാജാക്കന്മാരായിരുന്നു. കീമണി, കമ്മീഷന്‍ എന്നിങ്ങനെ ഏതൊക്കെ തരത്തില്‍ ദ്രോഹിക്കാന്‍ കഴിയുമോ അതൊക്കെ പുറത്തെടുത്തു. റിയല്‍ എസ്റ്റേറ്റ് കുമിളപൊട്ടിയപ്പോള്‍ ഇവരെ കാണാതായി.
ദുബൈയിലും ഷാര്‍ജയിലും മറ്റും നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോഴായിരുന്നു ഇടനിലക്കാരുടെ അഴിഞ്ഞാട്ടം. സാമ്പത്തികമാന്ദ്യം അലയടിച്ചപ്പോള്‍, പലരും നാട്ടിലേക്ക് വിമാനം കയറി. നൂറുകണക്കിനു കെട്ടിടങ്ങള്‍ അനാഥമായി. ഇടനിലക്കാര്‍ക്ക് കീമണിയും കമ്മീഷനും ഉപേക്ഷിക്കേണ്ടി വന്നു.
അഞ്ച് വര്‍ഷം മുമ്പത്തെ സാഹചര്യമാണ് ഇപ്പോഴുള്ളത്. റിയല്‍ എസ്റ്റേറ്റ് കുമിളയെ ഇടനിലക്കാര്‍ വീര്‍പ്പിക്കുകയാണ്. ഇത് സമൂഹത്തില്‍ സൃഷടിക്കുന്ന ആഘാതം ചെറുതല്ല. വാടക കൂടുമ്പോള്‍ സാധാരണക്കാര്‍ക്ക് എല്ലാ മേഖലയിലും സാമ്പത്തിക ബാധ്യത അനുഭവപ്പെടും. അവര്‍, നാട്ടിലേക്ക് മടങ്ങും. കേരളീയര്‍ക്കാണെങ്കില്‍ ഇവിടത്തേതിനെക്കാള്‍ വരുമാനം നാട്ടില്‍ ലഭ്യമാകുന്ന സാഹചര്യമുണ്ട്.
വാടക വര്‍ധന നിയന്ത്രിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രംഗത്തിറങ്ങിയത് അല്‍പം ആശ്വാസം പകരുന്നു. ഒരു പ്രദേശത്ത്, നിശ്ചിത വാടക ശരാരിയെക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ കുറവാമെങ്കില്‍ മാത്രമേ വാടക വര്‍ധിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് ശൈഖ് മുഹമ്മദിന്റെ ഉത്തരവ്. അതും അഞ്ച് ശതമാനം വര്‍ധനവ് മാത്രമേ പാടുള്ളൂ. എന്നാല്‍ കെട്ടിടം ഉടമകളും ഇടനിലക്കാരും ഇത്തരം നിയന്ത്രണങ്ങള്‍ മറികടക്കാന്‍ പല കുതന്ത്രങ്ങളും പയറ്റും. ഗ്രോസറി, റസ്റ്റോറന്റ് ഉടമകളാണ് അപ്പോള്‍ പ്രതിസന്ധിയിലാവുക. ഒരുവിധം പച്ചപിടിച്ചുവരുമ്പോഴാണ്, കുത്സിത നീക്കമെങ്കില്‍ ആകെ നിരാശപ്പെട്ടുപോകും.
വേള്‍ഡ് എക്‌സ്‌പോക്ക് മുന്നോടിയായി നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദുബൈയില്‍ നടക്കാനിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ അനേകം ‘ഹോളിഡേ’ ഭവനങ്ങളും അപ്പാര്‍ട്ട്‌മെന്റുകളും നക്ഷത്ര ഹോട്ടലുകളും തയാറായി വരുന്നു. എന്നിട്ടും വാടക വര്‍ധിക്കുന്നുവെങ്കില്‍ അത് റിയല്‍ എസ്റ്റേറ്റ് ലോബിയുടെ കുതന്ത്രങ്ങളുടെ ഫലമാണ്.
ഇതിനിടെ, കെട്ടിടം ഉടമകളും വാടകക്കാരും തമ്മിലെ കേസുകള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്ക്. 50 ശതമാനം വര്‍ധനവുണ്ടെന്ന് കാനന്‍ അഡ്വക്കേറ്റ്‌സിലെ അഭിഭാഷകന്‍ ഹാലിം സാമിര്‍ പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് ഇത്തരം കേസുകള്‍ നന്നേ കുറവായിരുന്നു. ഇപ്പോള്‍, വാടക തര്‍ക്ക പരിഹാര സമിതികള്‍ക്ക് ഇരിക്കപ്പൊറുതിയില്ല. അതിവേഗ കോടതിയില്‍ ആഴ്ചയില്‍ 250 കേസുകള്‍ എത്തുന്നു. ദുബൈയില്‍ ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് പരാതി നല്‍കേണ്ടത്. പലര്‍ക്കും നടപടിക്രമങ്ങള്‍ അറിയില്ലെന്നതാണ് പരിമിതി. അതിനെയാണ് കെട്ടിടം ഉടമകള്‍ ചൂഷണം ചെയ്യുന്നത്.