പൂക്കോട്ടുംപാടത്ത് മാവോയിസ്റ്റുകളുടെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്‌

Posted on: December 22, 2013 1:06 pm | Last updated: December 22, 2013 at 1:06 pm

നിലമ്പൂര്‍: സായുധ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. മാവോയിസ്റ്റ് സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പൂക്കോട്ടുംപാടം വട്ടപ്പാടം അമ്പാടന്‍ കബീര്‍ മൊഴി നല്‍കിയിട്ടുണ്ട്. നെറ്റിയില്‍ പരുക്കേറ്റ കബീറിനെ പോലീസ് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇന്നലെ പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. നാലംഗ സംഘത്തില്‍ രണ്ട് പുരുഷന്‍മാരും രണ്ട് സത്രീകളുമാണ് ഉണ്ടായിരുന്നതെന്ന് കബീര്‍ പോലീസിനോട് പറഞ്ഞു. വീടിന്റെ മുന്‍വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും വൈകിയതിന് ഭീഷിണപ്പെടുത്തുകയും ചെയ്തു. അകത്തുകയറിയ സംഘത്തിലൊരാള്‍ തല ചുമരില്‍ അമര്‍ത്തിപ്പിടിച്ച് നെറ്റിയില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്.
പഞ്ചസാരയും ചായപ്പൊടിയും എടുക്കുകയും അരി എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇല്ലെന്നു പറഞ്ഞതോടെ വീണ്ടും ചുമരിലിടച്ചെന്നും കബീര്‍ പറയുന്നു. സംഘത്തിലെ ഒരാള്‍ ഒഴിച്ച് ബാക്കി മൂന്ന് പേര്‍ പട്ടാള വേഷത്തിലായിരുന്നു. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനില്‍ എത്ര പോലീസുകാരുണ്ടെന്നും അവര്‍ എവിടെയുള്ളവരാണെന്ന് തുടങ്ങുന്ന വിവരങ്ങള്‍ ചോദിച്ച ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഉടന്‍ അയല്‍വാസികളെയും പോലീസിനെയും വിവരമറിയിച്ചു. പൂക്കോട്ടുംപാടം എസ് ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തിയാണ് കബീറിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലാക്കിയത്. ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഇത് നാലാം തവണയാണ് കബീറിന്റെയടുത്ത് മാവോയിസ്റ്റ് സംഘങ്ങള്‍ എത്തുന്നത്. പോലീസ് നേരത്തെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഷിനോജ്, ഗോപാല കൃഷ്ണ, സുന്ദരി, ലത എന്നിവരാണ് കബീറിന്റെ വീട്ടിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സായുധ സംഘങ്ങള്‍ ആക്രമണത്തിലേക്ക് തിരിഞ്ഞത് ജനങ്ങളില്‍ കടുത്ത ഭീതിയുണര്‍ത്തിയിട്ടുണ്ട്.