Connect with us

Gulf

ന്യൂ ഇയര്‍ ആഘോഷത്തിന് 15 റിയാല്‍; സോഷ്യല്‍ ക്ലബിനെതിരെ എഫ് ബി അമര്‍ഷം

Published

|

Last Updated

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സാധാരണ ഇന്ത്യക്കാരന്‍ നല്‍കേണ്ടത് 15 റിയാല്‍. ക്ലബ് അംഗങ്ങള്‍ക്ക് എട്ടു റിയാലിനും ഭാഷാ വിഭാഗം അംഗങ്ങള്‍ക്ക് 12 റിയാലിനും പ്രവേശം. എല്ലാ ഇന്ത്യക്കാരുടെയും രാജ്യത്തെ ഒദ്യോഗിക വേദിയായ ക്ലബിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഉയര്‍ന്ന തുക വാങ്ങുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച.
ഇന്ത്യക്കാരുടെ പൊതുവേദിയാകേണ്ട ക്ലബ് വെള്ളക്കോളറുകാരുടെ ക്ലബ് ആയി മാറിയതിന്റെ ഉദാഹരണമാണിതെന്ന് സോഷ്യല്‍ ക്ലബ് ആഘോഷത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ ഒരാള്‍ പ്രതിഷേധിച്ചു. കേരള വിംഗ് മുന്‍ കണ്‍വീനര്‍ പ്രദീപ് മേനോന്‍ തുടക്കമിട്ട ചര്‍ച്ചക്ക് നിരവധി പേര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരണമെഴുതി. മാധ്യമ പ്രവര്‍ത്തകരുള്‍പെടെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സോഷ്യല്‍ ക്ലബിനെതിരെ രോഷം കൊള്ളുന്നു. ഗസ്റ്റായി വരുന്നവര്‍ക്ക് 15 റിയാലിന് പ്രവേശനം അനുവദിക്കുമ്പോള്‍ വി ഐ പികള്‍ മാത്രമേ അതിഥിയായി വരേണ്ടതുള്ളൂ എന്നാണോ അര്‍ഥമെന്ന് ഒരാള്‍ ചോദിക്കുന്നു. ഒരു മാസം ഭക്ഷണത്തിനു ചെലവിടുന്ന തുകയാണ് ഒരു ദിവസത്തെ ആഘോഷത്തിന് ഈടാക്കുന്നതെന്നാണ് വേറൊരാളുടെ പ്രതികരണം.
ക്ലബ് ഇന്ത്യക്കാരുടെ പൊതുവേദിയല്ലെന്നും ക്ലബിന്റെ പേര് ഇന്ത്യന്‍ വൈറ്റ് കോളര്‍ ക്ലബെന്നു മാറ്റണമെന്നും ഒരാള്‍ ആവശ്യപ്പെടുമ്പോള്‍ വൈറ്റ് കോളര്‍ ബെനിഫിറ്റ് ക്ലബാക്കണമെന്നാണ് മറ്റൊരു പ്രതികരണം. ഇന്ത്യന്‍ സോഷ്യലൈറ്റ് ക്ലബ് എന്നാക്കണമെന്നാണ് മറ്റൊരു കനപ്പെട്ട പ്രതിഷേധം. “വരേണ്യ വര്‍ഗ സമൂഹത്തിലെ പ്രമാണി” എന്ന അര്‍ഥത്തിലാണ് സോഷ്യലൈറ്റ് ഉപയോഗിക്കുന്നത്. പണം കൊടുത്ത് വിനോദ പരിപാടികളിലും ഫേഷന്‍ ഷോകളിലും പങ്കു ചേരുന്നവരുടെ കൂട്ടായ്മയെയും സോഷ്യലൈറ്റ് എന്നു വിളിക്കാമെന്ന് ഈ പോസ്റ്റ് വിശദീകരിക്കുന്നു.
ഡിംസംബര്‍ 31ന് രാത്രി എട്ടു മുതല്‍ ഇന്ത്യന്‍ എംബസി ഹോളില്‍ വെച്ചാണ് ആഘോഷം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പുതുവത്സരാഘോഷവും വിവാദമായിരുന്നു.

---- facebook comment plugin here -----

Latest