Connect with us

Editorial

ഇന്ത്യയെ അവഹേളിച്ച അമേരിക്ക

Published

|

Last Updated

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡ അമേരിക്കയില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് രാജ്യം. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഞ്ചംഗ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് ഔദ്യോഗിക സ്വീകരണമോ പരിഗണനയോ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയും സംഘത്തിന്റെ പരിപാടികളില്‍നിന്ന് വിട്ടു നില്‍ക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സംഘവുമായുള്ള ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെയും രാഹുല്‍ ഗാന്ധിയുടെയും കൂടക്കാഴ്ച റദ്ദാക്കിയിരിക്കയുമാണ്. ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകസഭാ സ്പീക്കര്‍ മീരാകുമാറിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്റെയും അമേരിക്കന്‍ യാത്രയും റദ്ദാക്കി. യു എസിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളിലുള്ള ജീവനക്കാര്‍ക്ക് ആ രാജ്യത്തെ പൗരന്മാര്‍ക്ക് നല്‍കുന്ന നിരക്കില്‍ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെടാനും അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് ഇന്ത്യയുടെ ചെലവില്‍ നല്‍കുന്ന സുരക്ഷയും ഇളവുകളും റദ്ദാക്കാനും തീരുമാനമുണ്ട്.
വീട്ടുവേലക്കാരിയെ വ്യാജ വിസയില്‍ അമേരിക്കയിലത്തിക്കുകയും കുറഞ്ഞ ശമ്പളം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്ന വേലക്കാരിയുടെ പരാതിയിലാണ് ദേവയാനി ഖോബ്രഗഡ അമേരിക്കയില്‍ അറസ്റ്റിലായത്. ഒരു നയതന്ത്ര ഉദ്യോഗസ്ഥയെന്ന നിലയിലുള്ള പരിഗണന നല്‍കാതെയും അവഹേളനാ രൂപത്തിലുമായിരുന്നു അവരുടെ അറസ്റ്റും തുടര്‍ന്നുള്ള പോലീസിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും സമീപനവുമെന്നാണ് ഇന്ത്യയുടെ പരാതി. മകളെ സ്‌കൂളില്‍ വിട്ടു തിരിച്ചു വരുന്ന വഴി പൊതുനിരത്തില്‍ വെച്ചാണ് ദേവയാനിയെ അറസ്റ്റ് ചെയ്തത്. ജയില്‍ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി അവരെ വിവസ്ത്രയാക്കി പരിശോധിക്കുകയും മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം പാര്‍പ്പിക്കുകയും ചെയ്തു. ഇത് ഇന്ത്യയെ തന്നെ അപമാനിക്കുന്നതിന് തുല്യാമാണെന്നാണ് ഡല്‍ഹിയുടെ വിലയിരുത്തല്‍.
ഇന്ത്യക്കാരോടുള്ള അമേരിക്കയുടെ അവഹേളനാപരമായ സമീപനം ഇതാദ്യമല്ല. മുന്‍രാഷട്രപതി എ പി ജെ അബ്ദുല്‍കലാം, മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, മുന്‍ സിവില്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍, ഇന്ത്യയുടെ മുന്‍ യു എസ് അംബാസഡര്‍ മീരാശങ്കര്‍, പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ മുമ്പ് അമേരിക്കയില്‍ അവഹേളിക്കപ്പെട്ടിട്ടുണ്ട്. എ പി ജെ അബ്ദുല്‍ കലാമിനെ 2011 സെപ്തംബര്‍ 29ന് ദല്‍ഹി വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും അതേ ദിവസം തന്നെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തിന്റെ ജാക്കറ്റും ഷൂസുകളും യു എസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌ഫോടകവസ്തു പരിശോധനക്കായി കൊണ്ടുപോകുകയുമായിരുന്നു. ഇന്ത്യയുടെ മുന്‍രാഷ്ട്രപതി തന്നെ ഇത്തരത്തില്‍ സംശയിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്‌തെങ്കില്‍ കേവലം നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗഡ അപമാനിക്കപ്പെട്ടതില്‍ അത്ഭുതമില്ല. ഇന്ത്യക്കാരെ യു എസ് ഭരണകൂടം സംശയത്തിന്റെ കണ്ണോടും നീരസത്തോടും കൂടി കാണുന്ന പ്രവണത ആവര്‍ത്തിക്കുമ്പോഴും മന്‍മോഹനും കൂട്ടാളികള്‍ക്കും അമേരിക്കയോടുള്ള വിധേയത്വത്തിന് യാതൊരു കുറവുമില്ലെന്നതാണ് വേദനാജനകം. ദേവയാനി അവഹേളിക്കപ്പെട്ട സംഭവത്തിലെങ്കിലും ശക്തമായ പ്രതിഷേധത്തിന് യു പി എ ഭരണകൂടം തയ്യാറായത് സ്വാഗതാര്‍ഹമാണ്. ബറാക് ഒബാമ കണ്ണുരുട്ടിയാല്‍ ആറിത്തണുക്കുമോ ഈ പ്രതിഷേധ കോലാഹലങ്ങളെന്നാണ് ഇനി കണ്ടറിയേണ്ടത്.
ദേവയാനി പ്രശ്‌നത്തില്‍ പ്രതിഷേധിക്കുമ്പോള്‍ തന്നെ, ന്യൂയോര്‍ക്ക് പോലീസ് ചുമത്തിയ കുറ്റങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യം ഇന്ത്യ പരിശോധിക്കേണ്ടതുണ്ട്. വിസ തട്ടിപ്പ്, വഞ്ചന, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ദേവയാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോണ്‍സുലാര്‍ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സെന്റര്‍ മുഖേന എ 3 വിസയിലാണ് വീട്ടുജോലിക്കായി ഇന്ത്യന്‍ വംശജയായ യുവതിയെ ദേവയാനി അമേരിക്കയിലെത്തിച്ചത്. മണിക്കൂറിന് 9.75 ഡോളര്‍ തോതില്‍ പ്രതിമാസം 4500 ഡോളര്‍ ശമ്പളം നല്‍കാമെന്ന് അവരുമായി ദേവയാനി കരാറില്‍ ഒപ്പ് വെക്കുകയും പിന്നീട് രഹസ്യമായി മറ്റൊരു കരാറില്‍ വേതനം പ്രതിമാസം 30,000 രൂപയായിരിക്കുമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് പരാതി. ആരെങ്കിലും അന്വേഷിച്ചാല്‍ മണിക്കൂറിന് 9.75 ഡോളര്‍ ലഭിക്കുന്നുണ്ടെന്ന് പറയണമെന്നും ദേവയാനി ഇവരെ ചട്ടം കെട്ടിയിരുന്നുവത്രെ. ഈ ആരോപണങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്ത യു എസ് നടപടി വിമര്‍ശിക്കപ്പെടാവതല്ല. നയതന്ത്ര ഉദ്യോഗസ്ഥയെങ്കിലും മറ്റു രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥയാണ്.

Latest