മനുഷ്യാവകാശ കമ്മീഷന് ലഭിക്കുന്നത് 30 ശതമാനവും കള്ളപ്പരാതികള്‍: ജസ്റ്റിസ് ജെ ബി കോശി

Posted on: December 17, 2013 12:27 am | Last updated: December 17, 2013 at 12:27 am

കോട്ടയം: മനുഷ്യാവകാശ കമ്മീഷന് നല്‍കുന്ന പരാതികളില്‍ 30 ശതമാനവും കള്ളപ്പരാതികളാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു. സ്ത്രീകള്‍ നല്‍കുന്ന പരാതികളില്‍ 50 ശതമാനവും കള്ളപ്പരാതികളാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതികള്‍ പലതും വ്യക്തിവൈരാഗ്യവും മറ്റ് കാരണങ്ങള്‍ കൊണ്ടും നല്‍കുന്നതാണ്. ചില പരാതികള്‍ പരിഗണിക്കുമ്പോള്‍ തന്നെ അത് സത്യമുള്ളതാണോയെന്ന് അറിയാം. പലപ്പോഴും മാധ്യമങ്ങള്‍ എടുക്കുന്ന നിലപാടും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ജസ്റ്റിസ് ഗാംഗുലി വിഷയത്തില്‍ ഉണ്ടായ നിലപാടിനെപ്പറ്റി വിചിന്തനം നടത്തേണ്ടതാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഗാംഗുലി തെറ്റുകാരനല്ല. ജസ്റ്റിസ് ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലായെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്. സര്‍ക്കാറിനെതിരെ ഗാംഗുലി ചില ഓര്‍ഡറുകള്‍ ഇറക്കിയിരുന്നു. അതും ഒരു കാരണാമാകാമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലുകളും ബന്ദും നിയമ വിരുദ്ധമാണ്. അത് യു ഡി എഫ് നടത്തിയാലും എല്‍ ഡി എഫ് നടത്തിയാലും അംഗീകരിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ജാഥ വരുന്ന സമയങ്ങളില്‍ കടയടച്ചിടും. ഇത്തരത്തില്‍ വഴി തടയാറില്ല.
പോലീസ് തിരുവന്തപുരത്ത് എടുത്ത നിലപാടിനെ കുറ്റപ്പെടുത്താനാകില്ല. ഒരു നേതാവ് പറഞ്ഞത് മന്ത്രിയുടെ കാല്‍ നിലത്ത് കുത്താന്‍ അനുവദിക്കില്ലയെന്നാണ്. മന്ത്രിമാര്‍ക്ക് സംരക്ഷണം കൊടുക്കേണ്ടത് പോലീസാണ്. അവര്‍ക്ക് അത് ചെയ്‌തേ പറ്റു. ഇവിടെ പോലീസുകാരുടെ വേദനകള്‍ മാനിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ പോലീസുകാര്‍ക്ക് വലിയ ഇന്‍ഷ്വറന്‍സുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ യാതൊന്നുമില്ല. മനുഷ്യാവകാശ കമ്മീഷന് പരിമിതികള്‍ ഉണ്ടെന്നും ഒരു വര്‍ഷത്തിലേറെ പഴക്കുമുള്ള കേസുകള്‍ പരിഗണനക്ക് എടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 2013 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെ 8,560 കേസുകള്‍ പരിഗണിച്ചു. പഴയതുള്‍പ്പെടെ 12,500 കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞു. ദിവസവും 40 ഓളം കേസുകള്‍ കമ്മീഷന്‍ മുമ്പാകെ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.