സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; കുട്ടികളടക്കം 83 പേര്‍ കൊല്ലപ്പെട്ടു

Posted on: December 17, 2013 12:11 am | Last updated: December 17, 2013 at 12:11 am

siriyaദമസ്‌കസ്: സിറിയയിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായ അലെപ്പോയില്‍ സൈനികരും വിമതരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. രണ്ട് ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 83 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 28 പേര്‍ കുട്ടികളാണ്. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ട്.
അലെപ്പോയിലെ വിമത സായുധ സംഘങ്ങളുടെ ശക്തികേന്ദ്രമായ ആറ് ജില്ലകളില്‍ സൈന്യം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാരല്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി വിമത നേതാക്കള്‍ ആരോപിച്ചു. വിമത സേനയുടെ ആയുധപ്പുരകളടക്കം നിരവധി കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. വിമതരുടെ നിയന്ത്രണത്തില്‍ നിന്ന് പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതു വരെ വ്യോമാക്രമണം തുടരനാണ് സിറിയന്‍ സൈന്യത്തിന്റെ തീരുമാനം. അലെപ്പോയില്‍ അടുത്തിടെ വിമതര്‍ നടത്തിയ ആക്രമണങ്ങളില്‍ സിറിയന്‍ സൈനികരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോംബാക്രമണത്തേക്കാളും മാരകമായ ബാരല്‍ ആക്രമണങ്ങളാണ് സിറിയന്‍ സൈന്യം നടത്തുന്നതെന്നും രണ്ട് വിധത്തിലുള്ള ബാരല്‍ ബോംബുകളാണ് അലെപ്പോയില്‍ ഉപയോഗിച്ചതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബ്ദുര്‍ റഹ്മാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തെ വാണിജ്യ നഗരമായിരുന്ന അലെപ്പോയില്‍ വിമതരും സിറിയന്‍ സൈന്യവും ആധിപത്യം പുലര്‍ത്തുന്ന രണ്ട് മേഖലകളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. മൂന്ന് വര്‍ഷത്തോളമായി നടക്കുന്ന പ്രക്ഷോഭത്തിനിടെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെട്ടതും പലായനം ചെയ്തതും അലെപ്പോ പ്രവിശ്യയില്‍ നിന്നാണ്.
അന്താരാഷ്ട്ര ഇടപെടലിനെ തുടര്‍ന്ന് രാസായുധ ആക്രമണങ്ങള്‍ സിറിയ അവസാനിപ്പിക്കുകയും രാജ്യത്തെ മാരകായുധങ്ങള്‍ നശിപ്പിക്കാന്‍ രാസായുധ നിരോധിത സംഘങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് ബാരല്‍ ആക്രമണത്തിന് സൈന്യം തുടക്കമിട്ടത്.
മൂന്ന് വര്‍ഷക്കാലമായി സിറിയയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 1,26,000 പേര്‍ കൊല്ലപ്പപെട്ടിട്ടുണ്ടെന്നാണ് യു എന്‍ കണക്ക്. 41 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ സിറിയയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്.