ടൈലറിംഗ് സെന്റര്‍ കാന്തപുരം നാടിന് സമര്‍പ്പിച്ചു

Posted on: December 15, 2013 7:20 am | Last updated: December 15, 2013 at 7:20 am

പൂനൂര്‍: റീലിഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍ സി എഫ് ഐ) വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പൂനൂര്‍ കാന്തപുരത്ത് ആരംഭിച്ച ടൈലറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രഥമ യൂനിറ്റ് ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ തൊഴിലധിഷ്ഠിത സംരംഭങ്ങള്‍ ലക്ഷ്യം വെച്ച് ആര്‍ സി എഫ് ഐ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും സാമൂഹിക പ്രവര്‍ത്തകരുടെയും പൊതുജങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ് മുഖ്യാതിഥിയായിരുന്നു. തികച്ചും സമൂഹത്തിന്റെ അനിവാര്യതയും ആവശ്യകതയും അടിസ്ഥാനമാക്കിയിട്ടുള്ള ആര്‍ സി എഫ് ഐയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സമൂഹത്തിലെ ആലംബഹീനരായ വിഭാഗങ്ങള്‍ക്കുള്ള ഇത്തരം സംരംഭങ്ങള്‍ കൂടുതല്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ യൂനിറ്റിലേക്ക് പേര്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കളുമായി വി ഡി ജോസഫ് കൂടിക്കാഴ്ച നടത്തുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തു. പദ്ധതിയുടെ പൂര്‍ണ രൂപരേഖ അടങ്ങുന്ന പ്രോജക്ട് പ്രോപ്പോസല്‍ കാന്തപുരം വി ഡി ജോസഫിന് കൈമാറി. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതി വിശദീകരിച്ചു. ആര്‍ സി എഫ് ഐ റീജിയനല്‍ മാനേജര്‍ റഷീദ് പുന്നശ്ശേരി, മുഹമ്മദലി സഖാഫി വള്ള്യാട്, സാലിഹ് സഖാഫി സംബന്ധിച്ചു. അബ്ദുല്‍ ഫത്താഹ് തങ്ങള്‍ ആശംസാ പ്രസംഗം നടത്തി. ലത്വീഫ് സഖാഫി കാന്തപുരം നന്ദി പറഞ്ഞു.