ആം ആദ്മി പാര്‍ട്ടിയും ബദലിന് ദാഹിക്കുന്ന ജനതയും

Posted on: December 14, 2013 6:00 am | Last updated: December 13, 2013 at 11:15 pm

aap, kejriwal and broomജനാധിപത്യത്തില്‍ ജനങ്ങളുടെ വിധിയെഴുത്ത് അവഗണിച്ച് മുന്നോട്ടു പോകാന്‍ ആര്‍ക്കും ആകില്ല. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മാത്രമല്ല, നരേന്ദ്ര മോദിക്കും ഇടതുപക്ഷത്തിനുമൊക്കെ ഒരുപാട് പാഠങ്ങള്‍ നല്‍കിയ ഒന്നാണ് ഇന്ത്യയുടെ ഹൃദയ ഭൂമിക എന്ന് പറയാവുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം. ഫലം പുറത്തുവന്നപ്പോള്‍ നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയുമൊന്നുമല്ല താരമായത്; മറിച്ച് ചൂലാണ്. അഴിമതിയും അനീതിയും അക്രമവും തൂത്തുമാറ്റാനുള്ള ~ഒരു ചൂല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് കൈയേല്‍ക്കാന്‍ കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ വിരലോടിച്ചു കഴിയുന്ന ഉപരിമധ്യവര്‍ഗ ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നദ്ധരാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും അത്ഭുതാവഹമായ വിജയത്തിലൂടെ തലസ്ഥാനനഗരിയായ ഡല്‍ഹി സംസ്ഥാനത്തെ ജനം പ്രഖ്യാപിച്ചത്.
ഡല്‍ഹി മറ്റു സംസ്ഥാനങ്ങളെപ്പോലൊരു സംസ്ഥാനമല്ല. മറിച്ച് എല്ലാ ജനവിഭാഗങ്ങളും താമസിച്ചുവരുന്നതും ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളത്രയും പ്രതിനിധാനം ചെയ്യുന്നതുമായൊരു പരിച്ഛേദ പ്രകൃതം ഡല്‍ഹി സംസ്ഥാനത്തിനുണ്ട്. അതിനാല്‍ ഡല്‍ഹിയുടെ വിധിയെഴുത്ത് എന്നത് ഇന്ത്യ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഒരു പ്രഖ്യാപനം കൂടിയായി വേണം കാണാന്‍. ആ നിലയില്‍ ചിന്തിക്കുമ്പോഴാണ് ഡല്‍ഹിയിലെ ജനവിധി മാധ്യമങ്ങളൊന്നടങ്കം കൊട്ടിഘോഷിച്ചുവരുന്ന നരേന്ദ്ര മോദി തരംഗത്തിനാല്‍ തെല്ലും സ്വാധീനിക്കപ്പെട്ടിട്ടില്ല എന്ന് വിലയിരുത്തേണ്ടിവരുന്നത്. മോദി തരംഗത്താല്‍ ഡല്‍ഹി ജനത സ്വാധീനിക്കപ്പെട്ടിരുന്നെങ്കില്‍ 45ലേറെ സീറ്റ് നേടി ബി ജെ പിക്ക് സുഗമമായി മന്ത്രിസഭ രൂപവത്കരിക്കാന്‍ സാധിച്ചേനേ. അതിനാല്‍ ഡല്‍ഹി ജനവിധി നരേന്ദ്ര മോദിക്കെതിരാ ഇന്ത്യയുടെ ഗണനീയമായ ആദ്യ പ്രഹരം തന്നെയാണ്.
ഭരണഘടനാപരമായ മെച്ചങ്ങള്‍ ഒട്ടേറെ ഉണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളാണ് മധ്യപ്രദേശും ഛത്തിസ് ഗഢും. രണ്ടിടത്തും ഭരണം നിലനിര്‍ത്താന്‍ ശിവരാജ് സിംഗ് ചൗഹാനോ രമണ്‍ സിംഗിനോ ‘മോദി മാന്ത്രികത’യുടെ സഹായം അത്യാവശ്യമൊന്നുമായിരുന്നില്ല. അതിനാല്‍, മധ്യപ്രദേശിലെയോ ഛത്തീസ്ഗഢിലേയോ ബി ജെ പിയുടെ ജയം ശിവരാജ് സിംഗ് ചൗഹാന്റെയും രമണ്‍ സിംഗിന്റെയും ജയമാണ്. എന്നാല്‍, രാജസ്ഥാനില്‍ തരക്കേടില്ലാത്ത ഭരണം കാഴ്ചവെച്ചിട്ടും അശോക്‌ഗെഹലോട്ട് എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് ബി ജെ പിക്ക് എതിരെ ശക്തമായൊരു പോരാട്ടം പോലും നടത്താന്‍ കഴിയാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യം കോണ്‍ഗ്രസ് ദേശീയ പ്രാദേശിക നേതൃത്വങ്ങള്‍ കാര്യഗൗരവത്തോടെ ചിന്തിക്കേണ്ടതാണ്. ചുരുക്കത്തില്‍ നരേന്ദ്ര മോദി മാന്ത്രികതരംഗം എന്നത് ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനല്ലാതെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ജയപരാജയങ്ങളെ സ്വാധീനിക്കാവുന്ന വിധം ഫലദായക ശേഷിയുള്ളതല്ലെന്ന് പൊതുവേ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം ഒന്നടങ്കവും സവിശേഷമായി ഡല്‍ഹി ജനതയുടെ വിധിയെഴുത്തും തെളിയിക്കുന്നു.
മൂന്ന് തവണ സംസ്ഥാന ഭരണം നിലനിര്‍ത്താനായ മുഖ്യമന്ത്രി എന്ന പരിവേഷവും ശിവരാജ് സിംഗ് ചൗഹാന്റെയും രമണ്‍ സിംഗിന്റെയും വിജയത്തോടെ ബി ജെ പിക്കകത്തും പുറത്തും നരേന്ദ്ര മോദിക്ക് നഷ്ടമായിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങളും മോദി ഇനി അഭിമുഖീകരിക്കേണ്ടിവരും. അതൊട്ടും ചെറുതായിരിക്കുകയും ഇല്ല. 33 വര്‍ഷം പശ്ചിമ ബംഗാള്‍ തുടര്‍ച്ചയായി ഭരിച്ച സി പി എമ്മിനേയും 15 വര്‍ഷം ഡല്‍ഹി ഭരിച്ച ഷീലാ ദീക്ഷിതിനേയും താഴെ ഇറക്കിയ ജനത 15 വര്‍ഷം ഗുജറാത്ത് ഭരിച്ചു എന്ന ഒരൊറ്റ കാരണം മാത്രം മുന്‍നിര്‍ത്തിയും മുസ്‌ലിം വംശഹത്യ എന്ന കൊടും ക്രൂരത തീര്‍ത്തും വിസ്മരിച്ചും നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്തിക്കാനായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും എന്ന് കരുതുന്നത് പരാജയപ്പെട്ടേക്കാവുന്ന ഒരു അമിത ആത്മവിശ്വാസം മാത്രമായി തീരാനേ ഇടയുള്ളൂ. ഇക്കാര്യം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാല്‍ മാത്രമേ ബി ജെ പിക്കാര്‍ക്ക് മനസ്സിലാകുകയുള്ളൂ.
കോണ്‍ഗ്രസ്, ബി ജെ പി ഇതര രാഷ്ട്രീയ ബദല്‍ ഉണ്ടായാല്‍ ഇതിനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ജനത സന്നദ്ധമാണെന്നു തെളിയിച്ച ആം ആദ്മി പാര്‍ട്ടിയുടെ ചരിത്ര വിജയത്തെ തീര്‍ത്തും അവഗണിച്ചുകൊണ്ട് അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയോ നരേന്ദ്ര മോദിയോ എന്നതിലൂന്നി മാത്രം ചര്‍ച്ചകള്‍ നയിക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഇനി ആര്‍ക്കും സാധ്യമാകില്ല. അത് തന്നെയാണ് മൂന്നാം ബദലിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നതും. ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ വിജയം ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം ബദലിനു ദാഹിക്കുന്ന ജനതയുടെ വിജയം കൂടിയാണ്.

[email protected]