Connect with us

Kannur

സമര പ്രചാരണ ബാനര്‍ പോലീസ് അഴിച്ചുമാറ്റി; വെല്ലുവിളിയോടെ എല്‍ ഡി എഫ് തിരിച്ചുകെട്ടി

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ ഈ മാസം 17ന് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെയുള്ള പ്രതിഷേധ ബാനര്‍ പോലീസ് അഴിച്ചുമാറ്റി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ബാനര്‍ തിരിച്ചുകെട്ടി പരസ്യമായി പോലീസിനെ വെല്ലുവിളിച്ചു. എല്‍ ഡി എഫിന്റെ പ്രചാരണ സാമഗ്രികള്‍ പോലീസ് നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മാര്‍ച്ച് നടക്കുന്നതിന് മുമ്പേയാണ് പ്രതിഷേധ സമരത്തിന്റെ ബാനര്‍ പോലീസ് അഴിച്ചുമാറ്റിയത്. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസിന്റെ മുന്നില്‍ വെച്ചുതന്നെ ബാനര്‍ പുനഃസ്ഥാപിക്കുകയായിരുന്നു.
സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍, കെ കെ രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബാനര്‍ പരസ്യമായി സ്ഥാപിച്ചത്. 17ന്റെ പരിപാടി കഴിയുന്നത് വരെ ഈ ബാനര്‍ അതേ സ്ഥലത്തുണ്ടാകണമെന്നും ഏതെങ്കിലും പോലീസുകാരന്‍ അഴിച്ചുമാറ്റിയാല്‍ ആ പോലീസുകാരന്‍ ഏത് സ്റ്റേഷനിലാണോ ഉള്ളത് ആ സ്റ്റേഷന് മുന്നില്‍ കെട്ടുമെന്നും സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന ജാഥയുടെ ബോര്‍ഡ് അപ്പുറമുണ്ടെന്നും അതും പരിപാടി കഴിയുന്നത് വരെ അവിടെ ഉണ്ടാകണമെന്നും ജയരാജന്‍ പറഞ്ഞു. ഗതാഗത തടസ്സമുണ്ടാക്കാത്ത നിലയിലാണ് എല്‍ ഡി എഫിന്റെ ബാനര്‍ സ്ഥാപിച്ചത്. ഈ ബാനറിന്റെ ഫോട്ടോ എടുത്ത് ആഭ്യന്തര മന്ത്രിക്ക് അയച്ചുകൊടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ചുവപ്പ് കാണുമ്പോള്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐക്ക് കാളയുടെ അവസ്ഥയാണെന്നും ജനാധിപത്യ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണം തടയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ എല്‍ ഡി എഫിന്റെ ശക്തി എന്താണെന്ന് 17ന് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ബോധ്യപ്പെടുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനും പറഞ്ഞു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ദാസ്യവേലക്കാരനായി കണ്ണൂര്‍ പോലീസ് മേധാവി അധഃപതിച്ചുവെന്നും ജയരാജന്‍ പരിഹസിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് ജില്ലയില്‍ അസ്വസ്ഥത സൃഷ്ടിച്ച് എല്‍ ഡി എഫിനെ കടന്നാക്രമിക്കാനാണ് പോലീസ് ശ്രമം. കണ്ണൂരിലേതു പോലെ മലപ്പുറത്ത് ലീഗിന്റെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പോലീസ് തയ്യാറാകുമോയെന്ന് ജയരാജന്‍ ചോദിച്ചു. പോലീസ് അത്തരമൊരു നീക്കം നടത്തിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കഴുത്തിനു ലീഗ് പിടിമുറുക്കും. പോലീസിനൊപ്പം ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ വലതുപക്ഷ മാധ്യമങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. കണ്ണൂര്‍ ലോബി തുടങ്ങിയ പ്രയോഗങ്ങള്‍ ഇതിന്റെ ഭാഗമാണ്.
അതേസമയം, ജവഹര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 17ന് നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് പോലീസ് കനത്ത സുരക്ഷ ഒരുക്കും. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കാറിനു നേരെ കല്ലേറുണ്ടായതിന്റെ പശ്ചാത്തലത്തില്‍ പഴുതുകളില്ലാത്ത സുരക്ഷ ഒരുക്കണമെന്ന് ആഭ്യന്തര വകുപ്പ് പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നവരെ കനത്ത പരിശോധനക്ക് ശേഷമായിരിക്കും കടത്തിവിടുക. സ്റ്റേഡിയത്തിലേക്ക് വരുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഇതിനുള്ള മറുപടിയായി ജില്ലാ ഭരണകൂടം നല്‍കിയ കത്ത് മതിയാകും. പരിപാടിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ അവസരം ഒരുക്കുന്നുണ്ട്. ഇത്തരത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ വരുന്നവരും ഇവരോടൊപ്പമുള്ളവരും സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൈവശം വെക്കണം. സ്റ്റേഡിയം പരിസരത്ത് ഒമ്പത് കേന്ദ്രങ്ങളില്‍ പരിശോധനാ സംവിധാനം ഒരുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.