Connect with us

Ongoing News

പൊതുമേഖലയില്‍ പുതിയ കുപ്പിവെള്ള കമ്പനി

Published

|

Last Updated

തിരുവനന്തപുരം: കുപ്പിവെള്ള വിതരണത്തിന് സിയാല്‍ മോഡല്‍ കമ്പനിയുണ്ടാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. സ്വകാര്യ കമ്പനിക്കെതിരെ പ്രതിപക്ഷവും കോണ്‍ഗ്രസിലെ ഹരിത എം എല്‍ എമാരും പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിലാണിത്. വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ പൊതുമേഖലയില്‍ തന്നെ കുപ്പിവെള്ള കമ്പനിയുണ്ടാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മലങ്കര ഡാമിനോട് ചേര്‍ന്നാകും പുതിയ കുപ്പിവെള്ള യൂനിറ്റ് തുടങ്ങുക. നിലവില്‍ വിപണിയിലുള്ളതിനേക്കാള്‍ വിലക്കുറച്ച് കുപ്പിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനിയെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോര്‍പറേഷനാണ് പദ്ധതി തയ്യാറാക്കിയത്. ബജറ്റില്‍ നിക്ഷേപം എന്ന ശീര്‍ഷകത്തില്‍ നീക്കിവെച്ച 10.25 കോടി രൂപയില്‍ 9.86 കോടി രൂപ ഈ കമ്പനിക്കായി നല്‍കും. കോര്‍പറേഷന്റെ ഇപ്പോഴത്തെ പെയ്ഡ് ക്യാപിറ്റല്‍ 21.11 ലക്ഷം രൂപയാണ്. ഇത് പത്ത് കോടി രൂപയായി വര്‍ധിപ്പിക്കും.
സുരക്ഷിതമായ കുടിവെള്ളം എല്ലാകാലത്തും ഗുണമേന്മയോടെ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ്, പൂര്‍ണമായി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രതിദിനം എട്ട് ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. 60 കോടി രൂപയാണ് ഈ മേഖലയിലെ പ്രതിമാസ വില്‍പന. മണിക്കൂറില്‍ 9,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന യൂനിറ്റാണ് മലങ്കര ഡാമിനോട് ചേര്‍ന്ന് സ്ഥാപിക്കുക. കുപ്പിവെള്ളം സാധാരണക്കാരന്റെയും ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലവിഭവ മന്ത്രി ചെയര്‍മാനാകുന്ന ഡയറക്ടര്‍ ബോര്‍ഡില്‍ ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, മറ്റ് ഓഹരി കൈവശക്കാരെ പ്രതിനിധീകരിക്കുന്ന രണ്ട്‌പേര്‍ എന്നിങ്ങനെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും തയ്യാറാക്കിയിരുന്നു.
ഉപേക്ഷിക്കപ്പെട്ട പാറമടകള്‍, കുളങ്ങള്‍, ഓരുവെള്ള ശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ബന്ധപ്പെട്ട ഏജന്‍സികളുടെ അനുവാദത്തോടെ ജലം ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. എന്നാല്‍, കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന വിമര്‍ശം ഉയര്‍ന്നതാണ് ഉപേക്ഷിക്കാന്‍ കാരണം.