Connect with us

Kerala

പോലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി ഉടന്‍

Published

|

Last Updated

* അലക്‌സാണ്ടര്‍ ജേക്കബ് ഐ എം ജി ഡയറക്ടര്‍

തിരുവനന്തപുരം: ജയിലിലെ ഫെയ്‌സ് ബുക്ക് വിവാദത്തിന്റെ തുടര്‍ച്ചയായി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബിനെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ എം ജി) ഡയറക്ടറായി നിയമിച്ചു. സര്‍ക്കാറിനെ വെട്ടിലാക്കിയ പ്രസ്താവന നടത്തിയ ഡി ജി പിയെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട സ്ഥാനങ്ങളിലേക്കൊന്നും പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്. അഡീഷനല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനാണ് നിലവില്‍ ഐ എം ജി ഡയറക്ടര്‍. ഇവര്‍ തൊഴില്‍ വകുപ്പിന്റെ ചുമതലയും വഹിക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിവിധ വകുപ്പുകള്‍ക്കും പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് 1981ലാണ് ഐ എം ജി സ്ഥാപിച്ചത്. വ്യക്തിത്വ വികസനം, നേതൃത്വപാഠവം, ആശയവിനിമയം, സേവനപ്രദാനം, വിവര സാങ്കേതിക വിദ്യ, നിക്ഷേപങ്ങളും നയങ്ങളും എന്നിവയിലാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്.
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന പി എം മുഹമ്മദ് റിയാസുദ്ദീനെ കാലവധി പൂര്‍ത്തിയാക്കും മുമ്പ് നീക്കിയപ്പോഴും നിയമിച്ചത് ഐ എം ജിയിലായിരുന്നു. നിര്‍ണായക പദവി വഹിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോഴെല്ലാം പൊതുവില്‍ നിയമനം നല്‍കുന്നത് ഇവിടെയാണ്.
ടി പി കേസിലെ പ്രതികളുള്‍പ്പെട്ട മൊബൈല്‍ ഫോണ്‍ വിവാദം ജഡ്ജിയെ സ്വാധീനിച്ച് പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താനാകുമെന്ന അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രതികരണമാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചത്. കേസിലെ പ്രതി പി മോഹനനെ ഭാര്യ കെ കെ ലതിക എം എല്‍ എ റസ്റ്റോറന്റില്‍ കണ്ടതിനെയും അദ്ദേഹം ന്യായീകരിച്ചിരുന്നു. ഇതിന്‍മേല്‍ സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് നീക്കുകയായിരുന്നു. സര്‍ക്കാറിന്റെ വിശ്വസ്ഥനായ രഹസ്യാന്വേഷണ വിഭാഗം മേധാവി ടി പി സെന്‍കുമാറാണ് ഇപ്പോള്‍ ജയിലിന്റെ ചുമതല വഹിക്കുന്നത്. ഇദ്ദേഹത്തിന് ഉടന്‍ ഡി ജി പി പദവി ലഭിക്കും. ഇതോടെ പോലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണിയുണ്ടാകും.
ഡിസംബര്‍ 31ന് ഫയര്‍ ഉപദേശക സമിതി തലവനായ ഡി ജി പി ജംഗ്പാംഗി വിരമിക്കുന്ന ഒഴിവിലാണ് സെന്‍കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുക. സംസ്ഥാനത്തിനനുവദിച്ച നാല് ഡി ജി പി തസ്തികകള്‍ അഞ്ചാക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
ഐ ജിമാരായ കെ പത്മകുമാറും എസ് അനന്തകൃഷ്ണനും എ ഡി ജി പിമാരാകും. ഇരുവര്‍ക്കും സ്ഥാനക്കയറ്റം നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഡി ഐ ജി ജയരാജന്‍ ഐ ജിയാകും. അതേസമയം, അച്ചടക്ക നടപടി നേരിട്ട ഡി ഐ ജി. എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കേണ്ടെന്നാണ് തീരുമാനം. പത്മകുമാര്‍ ഇപ്പോള്‍ എറണാകുളത്ത് റേഞ്ച് ഐ ജിയും അനന്തകൃഷ്ണന്‍ ഇന്റലിജന്‍സ് ഐ ജിയുമാണ്. ഇവരുടെ നിയമനം ജനുവരി ആദ്യവാരമേ ഉണ്ടാകൂ. ഇരുവരും 1989 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥരാണ്. ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയതിനു സസ്‌പെന്‍ഷനിലായിരുന്ന ജയരാജനെ കുറ്റമുക്തനാക്കിയാണ് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കുന്നത്.

Latest