Connect with us

Malappuram

കലോത്സവത്തില്‍ ചരിത്രം കുറിച്ച് വി സിയും എസ് ഡി ഇ ഡയറക്ടറും

Published

|

Last Updated

തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് യൂനിവേഴ്‌സിറ്റി തലത്തില്‍ നേരിട്ട് കലോത്സവം നടത്തി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുല്‍ സലാമും വിദൂര വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. മുസത്ഫയും ചരിത്രം കുറിച്ചു. ഇന്ത്യയില്‍ ആദ്യമായി വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കലോത്സവം സംഘടിപ്പിച്ചെന്ന ഖ്യാതിയാണ് ഇതോടെ കാലിക്കറ്റിന് സ്വന്തമാവുന്നത്. സമാന്തര വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ നിരന്തരമായ ആവശ്യമാണ് ഇതോടെ പൂവണിഞ്ഞത്. യൂനിവേഴ്‌സിറ്റി അംഗീകാരം നല്‍കിയ പ്രോഗ്രാം സെന്റര്‍, കൗണ്‍സിലിംഗ് സെന്ററുകളുടെ സഹകരണത്തോടെയാണ് ആദ്യമായി മേള ഒരുക്കിയത്. എസ് ഡി ഇ ഫെസ്റ്റെന്ന ആശയവുമായി രംഗത്ത് വന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. മുസ്തഫക്ക് വൈസ് ചാന്‍സിലര്‍ അബ്ദുല്‍ സലാം പച്ചക്കൊടി കാണിച്ചതോടെ സിന്‍ഡിക്കേറ്റും അംഗീകാരം നല്‍കുകയായിരുന്നു. റഗുലര്‍ ഇന്റര്‍സോണ്‍ വിജയികള്‍ക്ക് സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും ലഭിക്കും. യൂനിവേഴ്‌സിറ്റി പരിധിയിലെ ആറ് ജില്ലകളിലും സോണ്‍ തല മത്സരങ്ങള്‍ നടത്തി ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്കാണ് യൂനിവേഴ്‌സിറ്റി തല മത്സരത്തിന് അവസരം നല്‍കിയത്. ആദ്യവര്‍ഷമന്ന നിലക്ക് യൂനിവേഴ്‌സിറ്റി യാതൊരു സാമ്പത്തിക ബാധ്യതകളും വരാതെയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. കൗണ്‍സിലിംഗ് പ്രോഗ്രാം സെന്ററുകളില്‍ നിന്നും നിശ്ചിത സംഖ്യയും സംഭാവനയും സ്വീകരിച്ചാണ് മേളക്ക് ആവശ്യമായ പതിനൊന്ന് ലക്ഷം രൂപ കണ്ടെത്തിയത്. വരും വര്‍ഷങ്ങളില്‍ റഗുലര്‍ കോളജ് ഇന്റര്‍സോണ്‍ കലോത്സവത്തോട് ചേര്‍ത്ത് മേള നടത്താനും ആലോചനയുണ്ട്. കലോത്സവം വിജയിച്ചതോടെ ഇതേ രീതി സ്വീകരിച്ച് കായികമേളയും ഗെയിസും നടത്താനും യൂനിവേഴ്‌സിറ്റി ആലോചിക്കുന്നുണ്ട്. അടുത്ത മാസം തന്നെ കായികമേള സംബന്ധിച്ച് അന്തിമ രൂപമാവുമെന്ന് വിദൂര വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. മുസ്തഫ പറഞ്ഞു.

Latest