Connect with us

International

രാജിവെക്കില്ലെന്ന് ഷിനാവത്ര

Published

|

Last Updated

ബാങ്കോക്: തിരഞ്ഞെടുപ്പിന് മുമ്പ് രാജിവെക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യം തായ്‌ലാന്‍ഡ് പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്ര തള്ളി. പാര്‍ലിമെന്റ് പിരിച്ചുവിട്ട് അടുത്ത ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാജിവെക്കാന്‍ സാധിക്കില്ലെന്ന് ഷിനാവത്ര വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് സംവിധാനത്തെ കാര്യക്ഷമമായി ഉപയോഗിക്കുകയും സര്‍ക്കാറിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കാന്‍ പ്രക്ഷോഭകര്‍ തയ്യാറാകണമെന്നും ഷിനാവത്ര പറഞ്ഞു. “ഞാന്‍ ഭരണഘടന അനുസരിച്ച് ഭരണത്തിലേറിയ പ്രധാനമന്ത്രിയാണ്. എനിക്ക് ചില ദൗത്യങ്ങളുണ്ട്. അത് അവസാനിപ്പിച്ച് ജനാധിപത്യവും ഭരണഘടന വിരുദ്ധവുമായ പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ല.” ഷിനാവത്ര പറഞ്ഞു. തായ്‌ലാന്‍ഡിന്റെ ഭരണം പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്നാരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് സുദേബ് ദുആഗ്‌സുബാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ആരംഭിച്ച പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാര്‍ലിമെന്റ് പിരിച്ചുവിട്ടിരുന്നു.