Connect with us

Ongoing News

കടുവകളുടെ സാന്ദ്രത കൂടുന്നു; ഭീതിയൊഴിയാതെ വയനാട് നിവാസികള്‍

Published

|

Last Updated

കല്‍പറ്റ: കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള വനങ്ങളില്‍ കടുവകളുടെ സാന്ദ്രത കൂടിയത് വയനാടിനു ഭീഷണിയാകുമെന്ന് ആശങ്ക. നാഗര്‍ഹോള, ബന്ദിപ്പുര വനങ്ങളില്‍ സ്വന്തം ആവാസമേഖല നഷ്ടപ്പെടുന്നതും പ്രായാധിക്യവും പരുക്കും മൂലം ഇരയെ ഓടിച്ചുപിടിക്കാനുള്ള ശേഷി നഷ്ടപ്പെട്ടതുമായ കടുവകളുടെ എണ്ണം കൂടുന്നതാണ് വയനാടിനു ആശങ്കയായി മാറുന്നത്. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ കടുവാ സങ്കേതങ്ങളാണ് ബന്ദിപ്പുരയും നാഗര്‍ഹോളയും. ബന്ദിപ്പുര വനത്തോടു ചേര്‍ന്നാണ് തെക്കേ വയനാടിന്റെ ചില ഭാഗങ്ങള്‍. വടക്കേ വയനാടിന്റെ ചില ഭാഗങ്ങള്‍ നാഗര്‍ഹോളയുമായി അതിരിടുന്നതും. നിലവില്‍ ബന്ദിപ്പുര, നാഗര്‍ഹോള വനാതിര്‍ത്തി ഗ്രാമങ്ങളില്‍ മനുഷ്യരുടെ ജീവനും കന്നുകാലി സമ്പത്തിനും ഭീഷണിയായിരിക്കുകയാണ് കടുവകള്‍. നവംബര്‍ 27നും ഡിസംബര്‍ നാലിനും ഇടയില്‍ ബന്ദിപ്പുര വനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മൂന്ന് പേരെ കടുവ കൊന്നു. ഡിസംബര്‍ നാലിന് നാഗര്‍ഹോള വനത്തിലും ഒരാള്‍ കടുവയുടെ ഇരയായി. എച്ച് ഡി കോട്ടക്കു സമീപം ഹൊഡിയാള വനാതിര്‍ത്തിയില്‍ കാലി മേക്കുകയായിരുന്ന കര്‍ഷകനെയാണ് കടുവ പിടിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് ഹൊഡിയാളയില്‍ ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് അടിച്ചു തകര്‍ത്ത ജനക്കൂട്ടം തടി ഡിപ്പോക്ക് തീയിടുകയും ചെയ്തിരുന്നു.

നരഭോജികളായ കടുവകളെ വെടിവെച്ചു കൊല്ലണമെന്ന് ഗ്രാമീണര്‍ മുറവിളിയിടുന്നതിനിടെയാണ് ബന്ദിപ്പുരയില്‍ വനം, വന്യജീവി വകുപ്പ് സ്ഥാപിച്ച കെണിയില്‍ ഡിസംബര്‍ അഞ്ചിന് ഒരു കടുവ കുടുങ്ങിയത്. 13 വയസ്സ് മതിക്കുന്ന ആരോഗ്യം നശിച്ച ആണ്‍ കടുവയാണ് കെണിയില്‍പ്പെട്ടത്. ഇരയെ വേട്ടയാടാനുള്ള ശേഷി നശിച്ച ഈ കടുവയാണ് ബന്ദിപ്പുരയില്‍ മൂന്ന് പേരുടെ ജീവനെടുത്തതെന്നാണ് കര്‍ണാടകയിലെ വനം, വന്യജീവി പാലകരുടെ പക്ഷം. മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ് ഈ കടുവയെ.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ബന്ദിപ്പുര, നാഗര്‍ഹോള സങ്കേതങ്ങളിലായി ഏകദേശം 150 കടുവകളുണ്ട്. 100 ചതുരശ്ര കിലോമീറ്ററില്‍ 10നും 15നും ഇടയിലാണ് കടുവകളുടെ സാന്ദ്രത. വനത്തില്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളെയാണ് സൊസൈറ്റി കടുവകളുടെ എണ്ണം കണക്കാക്കുന്നതില്‍ പ്രധാനമായും ആശ്രയിക്കുന്നത്.
സ്വന്തം ഭൂപ്രദേശവും വേട്ടയാടാനുള്ള ശേഷിയും നഷ്ടമായ കടുവകള്‍ വിശപ്പകറ്റുന്നതിനു വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇറങ്ങാന്‍ സാധ്യതയേറെയാണ്. എന്നിരിക്കെ ബന്ദിപ്പുര, നാഗര്‍ഹോള വനങ്ങളില്‍ ഇത്തരത്തിലുള്ള കടുവകളുടെ എണ്ണം വര്‍ധിക്കുന്നത് കര്‍ണാടകയോടു ചേര്‍ന്നുള്ള വയനാടന്‍ ഗ്രാമങ്ങളിലും കടുവാ ശല്യത്തിനു കാരണമാകുമെന്ന് കരുതപ്പെടുന്നു.
ബന്ദിപ്പുര, നാഗര്‍ഹോള വനമേഖലകളില്‍ മനുഷ്യര്‍ കടുവകള്‍ക്ക് ഇരകളാകുന്നത് 2006നു ശേഷം ആദ്യമായാണെന്ന് വനം, വന്യജീവി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 2006ല്‍ നാഗര്‍ഹോള വനാതിര്‍ത്തിയില്‍ 13 വയസ്സുള്ള പെണ്‍ കടുവയാണ് രണ്ട് പേരെ കൊന്നത്. നിരവധി വളര്‍ത്തുമൃഗങ്ങളെയും ഈ കടുവ പിടിച്ചിരുന്നു.
ഡിസംബര്‍ അഞ്ചിന് ബന്ദിപ്പുരയില്‍ കെണിയിലായ കടുവയുടെ ചിത്രം ഇതിനകം നിരവധി തവണ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ബന്ദിപ്പുര വനത്തിലെ മൊളൂര്‍ റെയ്ഞ്ചില്‍പ്പെട്ട ദൊഡ്ഡഹാസനഗെട്ടയില്‍ 2004 മാര്‍ച്ച് 30നാണ് ഈ കടുവയുടെ ചിത്രം ആദ്യമായി നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്. ഗുണ്ടറ റെയ്ഞ്ചിലെ സൊള്ളഗുണ്ടിയില്‍ സ്ഥാപിച്ച ക്യാമറയില്‍നിന്നു 2013 മെയ് 11നാണ് ഒടുവിലുത്തെ ചിത്രം ലഭിച്ചത്. ആദ്യമായി ക്യാമറയില്‍ പതിഞ്ഞപ്പോള്‍ ഏകദേശം മൂന്ന് വയസ്സായിരുന്നു ഈ കടുവയുടെ പ്രായം. ബലവാനായ മറ്റൊരു കടുവയുടെ വരവോടെ ഈ കടുവ സ്വന്തം ആവാസ മേഖലയില്‍നിന്നു പുറത്താകുകയും തുടര്‍ന്ന് ഇരതേടുന്നതിനു വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇറങ്ങുകയുമായിരുന്നുവെന്നാണ് കര്‍ണാടക വനം, വന്യജീവി പാലകരുടെ അനുമാനം.
2012 നവംബറില്‍ കര്‍ണാടക വനത്തോടു ചേര്‍ന്നുള്ള വയനാടന്‍ ഗ്രാമങ്ങളില്‍ കടുവാ ശല്യം വര്‍ധിച്ചിരുന്നു. വടക്കേ വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തില്‍പ്പെട്ട അപ്പപ്പാറയിലും സമീപ പ്രദേശങ്ങളിലും ബന്ദിപ്പുര വനാതിര്‍ത്തിക്കടുത്തുള്ള നൂല്‍പ്പുഴ, ബത്തേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടിച്ചത്. അപ്പപ്പാറക്കടുത്ത് നവംബര്‍ 14ന് കെണിയിലായ കടുവയെ ബത്തേരിക്കടുത്ത് കുറിച്യാട് വനത്തില്‍ തുറന്നുവിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു നൂല്‍പ്പുഴയിലും മറ്റും കടുവാ ശല്യം. നൂല്‍പ്പുഴയില്‍ ശല്യം ചെയ്ത കടുവ 2012 ഡിസംബര്‍ രണ്ടിന് തേലമ്പറ്റയില്‍ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ വനപാലകന്റെ തോക്കിനു ഇരയായി. അപ്പപ്പാറയില്‍ കെണിയിലായതും തേലമ്പറ്റയില്‍ വെടിവെച്ചു കൊന്നതും ഒരേ കടുവയെയാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. വേട്ടയാടാനുള്ള ശേഷിയറ്റതായിരുന്നു ഈ കടുവയും.

Latest