Connect with us

Gulf

നിര്‍ദേശങ്ങള്‍ ആവേശകരമെന്ന് ശൈഖ് മുഹമ്മദ്‌

Published

|

Last Updated

അബുദാബി: ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ മുന്നേറ്റത്തിന് ജനങ്ങളുടെ ആശയങ്ങളും നിര്‍ദേശങ്ങളും പ്രധാനമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. സര്‍ബനിയാസില്‍ മന്ത്രിസഭാ യോഗത്തിനു ശേഷം ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. ഏതാണ്ട് 65,000 ആശയങ്ങളാണ് വിദഗ്ധ സമിതി മുമ്പാകെ പരിഗണനക്കു വന്നത്. മന്ത്രിസഭ ഇത് പരിശോധിച്ചു.

ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ആശയങ്ങളെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകരുടെ കാര്യശേഷി അതില്‍ പ്രധാനമാണ്. സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തലും വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കലും മറ്റും ചര്‍ച്ച ചെയ്യേണ്ടതാണ്-ശൈഖ് മുഹമ്മദ് പറഞ്ഞു. യു എ ഇ രാഷ്ര്ടപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ഇഷ്ട സ്ഥലമായിരുന്ന സര്‍ ബനിയാസ് ദ്വീപില്‍ ഇന്നലെയാണ് യു എ ഇ മന്ത്രിസഭാ യോഗം ചേര്‍ന്നത്. മന്ത്രിസഭാ യോഗത്തിന് അസാധാരണ അനുഭവം പകരാന്‍ ഏകാന്തമായ ദ്വീപിന്റെ പശ്ചാത്തലം സഹായിച്ചുവെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളാണ് സര്‍ബനിയാസിലെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. രണ്ടു ദിവസത്തെ യോഗത്തില്‍ ആദ്യ ദിവസം വിദ്യാഭ്യാസ മേഖലയുടെ വികസന കാര്യങ്ങളും രണ്ടാം ദിവസം ആരോഗ്യ മേഖലയുടെ വളര്‍ച്ചക്കുള്ള വിഷയങ്ങളുമാണ് ചര്‍ച്ച ചെയ്യുക.
അധ്യാപക ജോലിയിലെ കാര്യപ്രാപ്തി, കഴിവ്, തൊഴില്‍ ആകര്‍ഷകമാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍, അധ്യാപന രീതികള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതി എന്നിവ ചര്‍ച്ചയ്ക്കു വന്നു. ദൃശ്യാവിഷ്‌കാരങ്ങളും ഉണ്ടായിരുന്നു. രണ്ടാം ദിവസം (ഇന്ന്) ആരോഗ്യ മേഖലയുടെ വികസനത്തിനു വേണ്ട ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ജീവനക്കാരുടെ കഴിവും നൈപുണ്യവും വളര്‍ത്തല്‍ തുടങ്ങിയവയാണു ചര്‍ച്ചാ വിഷയം.
പൊതുജനങ്ങള്‍ക്കും യുഎഇ പ്രധാനമന്ത്രിയുടെ www. uaepm.ae എന്ന വെബ്‌സൈറ്റിലോ brainstorming@ uaepm.ae എന്ന ഇ-മെയില്‍ വിലാസത്തിലോ അഭിപ്രായവും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. ഉപ പ്രധാനമന്ത്രിമാരായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Latest