Connect with us

Kozhikode

ടി പി കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് പിണറായി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടെത്താനായിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജയിലില്‍ പ്രതികളെ നിരീക്ഷിക്കുന്നതിന് സ്ഥാപിച്ച ഒരു സി സി ടി വി ദൃശ്യങ്ങള്‍ പ്രത്യേകമായി പരിശോധിച്ചിട്ടും ഫോണ്‍ ഉപയോഗിച്ചത് കണ്ടെത്താനായിട്ടില്ല. എന്നാല്‍ പ്രതികള്‍ ജയിലില്‍ വെച്ച് ഫോണ്‍ ചെയ്യുന്ന ചിത്രങ്ങള്‍ എങ്ങനെ ഫേസ്ബുക്കില്‍ പ്രചരിച്ചു എന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണം. കോഴിക്കോട് അശോകപുരത്തെ മാര്‍ക്‌സ് -ഏംഗല്‍സ് ഭവനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി.
മുന്‍ ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് ജയിലിനുള്ളിലെ സംഭവ വികാസങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പ്രാധാന്യമുള്ളതാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വരാനിരിക്കെ വിധിയെ സ്വാധീനിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതീവ ഗൗരവതരമായ ഇക്കാര്യം ഉന്നതതല സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അതില്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അലക്‌സാണ്ടര്‍ ജേക്കബിന്റെ മേല്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നും സ്വാധീനമുയര്‍ന്നതുകൊണ്ടാകാം ഇത്തരത്തിലുള്ള സംശയം അദ്ദേഹത്തിന് തോന്നിയിരിക്കുന്നത്.
ടി പിയെ വധിക്കുന്നതിനുള്ള ഗൂഢാലോചന സമയത്തെ സിം കാര്‍ഡിന് സമാന്തര നമ്പര്‍ എടുത്തുവെന്നാണ് പറയുന്നത്. ഇപ്രകാരം സിം കാര്‍ഡ് സംഘടിപ്പിച്ചുവെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം. ജയിലിനകത്തു നിന്നാണ് ഫോട്ടോകള്‍ എടുത്തതെങ്കിലും ഫോണ്‍ ഉപയോഗിച്ചതെങ്കിലും എന്തുകൊണ്ട് ജയിലിനുള്ളിലെ സി സി ടി വി ക്യാമറകളില്‍ ഈ ദൃശ്യങ്ങള്‍ കാണാനായില്ല. ടി പി വധക്കേസ് പ്രതി പി മോഹനന്‍ പുറത്തുവെച്ച് ഭാര്യയും എം എല്‍ എയുമായ കെ കെ ലതികയെ കണ്ടതില്‍ അസ്വാഭാവികമായൊന്നുമില്ല. അടിയന്തരാവസ്ഥക്കാലത്തു പോലും ഇത്രയും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. കേരളത്തിലെ പോലീസിനെ ഇപ്പോള്‍ കോണ്‍ഗ്രസ്‌വത്്കരിക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. ചടങ്ങില്‍ സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.