കോവിലകത്തുംപാടം ഭൂമി വില്‍പ്പന ആദ്യമല്ലെന്ന് ടി ഡി എ ചെയര്‍മാന്‍

Posted on: December 7, 2013 12:53 pm | Last updated: December 7, 2013 at 12:53 pm

തൃശൂര്‍: കോവിലകത്തുംപാടത്ത് ഭൂമി വില്‍പന നടത്തുന്നത് വികസന അതോറിറ്റിയുടെ ആദ്യത്തെ സംഭവമല്ലെന്ന് ടി ഡി എ ചെയര്‍മാന്‍ കെരാധാകൃഷ്ണന്‍. ഭൂമി വില്‍പന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ചെയര്‍മാന്‍ പത്രസമ്മേളനം നടത്തിയത്. കോവിലകത്തുംപാടത്ത് 2001-02, 03 വര്‍ഷങ്ങളിലായി ബി എസ് എന്‍എല്‍, ഐ ഒ സി, എല്‍ ഐ സി, ജില്ലാ സഹകരണ ബോങ്ക് എന്നിവര്‍ക്ക് അതോറിറ്റി സ്ഥലം വില്‍പന നടത്തിയിരുന്നു.
അതോറിറ്റി കമ്മിറ്റി ബി എസ് എന്‍ എല്ലിന് സെന്റിന് രണ്ട് ലക്ഷവും മറ്റുള്ളവര്‍ക്ക് 2.1 ലക്ഷവും വില നിശ്ചയിച്ചാണ് വില്‍പന നടത്തിയത്. ഐ ഒ സി, കനറ ബേങ്ക്, എല്‍ ഐസി എന്നിവയില്‍ നിന്നും സ്ഥലം ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോവിലകത്തുംപാടത്തെ 3.75 ഏക്കര്‍ സ്ഥലം വില്‍പനക്ക് 2002 ജനുവരി 30ന് ചേര്‍ന്ന അതോറിറ്റി ഭരണസമിതിയുടെ അഞ്ചാം നമ്പര്‍ തീരുമാനപ്രകാരം പത്രങ്ങളില്‍ ക്വട്ടേഷന്‍ നല്‍കി വില്‍പന നടത്തിയത്.
3.785 ഏക്കര്‍ സ്ഥലം വില്‍ക്കാനായിരുന്നു പരസ്യം നല്‍കിയിരുന്നതെങ്കിലും 238.03 സെന്റ് സ്ഥലം മാത്രമേ വില്‍പന നടത്തിയുള്ളൂ. കോവിലകത്തുംപാടത്ത് റോഡ്, കാന, പാലങ്ങള്‍, വൈദ്യുതി, ജലവിതരണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കിയത് സ്ഥലം വില്‍പന നടത്തി ലഭിച്ച പണം കൊണ്ടായിരുന്നുവെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. 2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട അതോറിറ്റി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പുനഃസ്ഥാപിച്ചത്. ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ഭൂമി ആവശ്യപ്പെട്ട് അന്വേഷണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കോവിലകത്തുംപാടത്തെ 55.60 സെന്റ്, 28.50 സെന്റ്, 14 സെന്റ് വീതമുള്ള ആകെ 98.10 സെന്റ് സ്ഥലം വില്‍പനക്ക് അതോറിറ്റി തീരുമാനിച്ചതത്രേ.
രജിസ്‌ട്രേഷന്‍ വില കണക്കാക്കിയുള്ള കളക്ടറുടെ വിലനിര്‍ണയം കുറഞ്ഞ സംഖ്യയാകുമെന്നതുകൊണ്ടാണ് പരമാവധി വില ലഭ്യമാക്കാനായി തുറന്ന ടെണ്ടറിനും ലേലത്തിനും അതോറിറ്റി തീരുമാനമെടുത്തതെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.