വിവാദ പരസ്യം: ദേശാഭിമാനിക്ക് വീഴ്ച്ച പറ്റിയെന്ന് സി പി എം

Posted on: December 6, 2013 6:17 pm | Last updated: December 7, 2013 at 8:29 am

cpmതിരുവനന്തപുരം: പാര്‍ട്ടി പ്ലീനത്തിന് ആശംസയര്‍പ്പിച്ച് ദേശാഭിമാനി പത്രത്തില്‍ ചാക്ക് രാധാകൃഷ്ണന്റെ പരസ്യം പ്രസിദ്ധീകരിച്ചതില്‍ വീഴ്ച്ച പറ്റിയെന്ന് സി പി എം സെക്രട്ടറിയേറ്റ്. വിവാദമുണ്ടാക്കുന്നതിനായാണ് പരസ്യം നല്‍കുന്നതെന്ന് തിരിച്ചറിയാന്‍ ദേശാഭിമാനിക്ക് കഴിയാതെ പോയെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി.

വന്‍ വിജയമായ പാര്‍ട്ടി പ്ലീനത്തിന്റെ നിറം കെടുത്താന്‍ വലതുപക്ഷ കക്ഷികള്‍ക്ക് വീണുകിട്ടിയ ആയുധമായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പ്ലീനത്തിന് പ്രസ്തുത വ്യക്തിയില്‍ നിന്ന് സംഭാവനപോലും നല്‍കാത്ത പാര്‍ട്ടിയെ വിവാദത്തില്‍ പെടുത്താനാണ് വിവാദ വ്യവസായി ശ്രമിച്ചത്. ഇത് തിരച്ചറിയാന്‍ ദേശാഭിമാനി പരസ്യ വിഭാഗത്തിന് സാധിക്കാതെ പോയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നാണ് വിവാദം തെളിയിക്കുന്നതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.