Palakkad
അട്ടപ്പാടി സ്വര്‍ണ നിക്ഷേപം; പഠനം പുനരാരംഭിക്കണം

പാലക്കാട്: അട്ടപ്പാടിയിലെ സ്വര്‍ണ നിക്ഷേപത്തെക്കുറിച്ചുള്ള പഠനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം യൂനിറ്റ് പദ്ധതി സമര്‍പ്പിച്ചു.
അടുത്ത വര്‍ഷം മുതല്‍ പഠനം തുടങ്ങുന്നതിനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് അധികൃതര്‍ ഹൈദരാബാദിലെ റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിന് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ സ്വര്‍ണ നിക്ഷേപം ഖനനം ചെയ്യുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണമെന്ന് പദ്ധതിയില്‍ ആവശ്യപ്പെടുന്നു. പുതിയ പഠനം അനുമതി ലഭിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ പഠനം തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കാം. കേന്ദ്രഡയറക്ടറേറ്റ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം യൂനിറ്റ് പദ്ധതി തയ്യാറാക്കിയത്.
അട്ടപ്പാടിയില്‍ സ്വര്‍ണ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് ഖനനം ചെയ്‌തെടുക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനം നടത്തിയതാണ്. എന്നാല്‍ വന്‍തോതില്‍ ഖനനം നടത്താനുളള സ്വര്‍ണ നിക്ഷേപം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകുന്നത് സാമ്പത്തികമായി ഗുണം ചെയ്യില്ലെന്നും അധികൃതര്‍ വിലയിരുത്തി.എന്നാല്‍ സ്വര്‍ണത്തിന് വലിയതോതില്‍ മൂല്യമുയര്‍ന്നതതോടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഖനനം നടത്തുന്നതിനുള്ള സാധ്യതകള്‍ ആരായാനാണ് കേന്ദ്രതീരുമാനം.