പോലീസ് ജനങ്ങള്‍ക്കു വേണ്ടിയാകണം

Posted on: December 6, 2013 6:00 am | Last updated: December 5, 2013 at 10:47 pm

സംസ്ഥാന പോലീസിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശം വീണ്ടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും പോലീസ് പരാജയപ്പെട്ടതായി ഹൈക്കോടതി വിലയിരുത്തുന്നു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആലുവ തോട്ടുമുഖം സ്വദേശിനി നല്‍കിയ ഹരജി പരിഗണിക്കവെ, കോടതികളിലേക്ക് ഇത്തരം ഹരജികളുടെ പ്രവാഹമാണെന്നും ഇത് ആശങ്ക ഉളവാക്കുന്നതായും ജസ്റ്റിസുമാരായ എസ് സിരിജഗന്‍, എ രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിക്കുകയുണ്ടായി.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന പരാതികളില്‍ മുമ്പും കോടതികള്‍ പോലീസിന്റെ നിഷ്‌ക്രിയത്വത്തെ വിമര്‍ശിച്ചിട്ടുണ്ട്. കോടതി ഉത്തരവ് വന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യുകയുള്ളൂവെന്ന നിലപാട് പോലീസ് അവസാനിപ്പിക്കണമെന്നും കോടതി നല്‍കുന്ന ഉത്തരവ് അനുസരിക്കാന്‍ മാത്രമുള്ളതല്ല പോലീസെന്നും 2010 ഡിസംബറില്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവും ജസ്‌റിസ് കെ എം ജോസഫും ഉള്‍പ്പെട്ട ബഞ്ച് നല്‍കിയ ഉത്തരവില്‍ ഓര്‍മിപ്പിച്ചിരുന്നു. പോലീസ് സംരക്ഷണം സംബന്ധിച്ച കേസുകള്‍ കൃത്യതയോടെ കൈകാര്യം ചെയ്യാന്‍ കര്‍ശന നിര്‍ദേശം കൊടുക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. പി ജി തമ്പി അന്ന് കോടതിക്ക് ഉറപ്പ് നല്‍കുകയുമുണ്ടായി. എന്നിട്ടും കോടതികളിലെത്തുന്ന ഇത്തരം പരാതികള്‍ക്കു കുറവില്ലെന്നത് കോടതി ഇടപെടല്‍ കൊണ്ടും പോലീസ് നിഷ്‌ക്രിയത്വത്തിന് മാറ്റമില്ലെന്നാണ് വ്യക്തമാക്കുന്നത്.
പോലീസ് സംരക്ഷണം സംബന്ധിച്ച 250ഓളം കേസുകള്‍ ഹൈക്കോടതി പ്രതിമാസം കൈകാര്യം ചെയ്യുന്നുണ്ട്. ഇരകളുടെ പരാതികളില്‍ പോലീസ് യഥാവിധി നടപടി കൈക്കൊള്ളാത്തതാണ് കേസുകളുടെ വര്‍ധനവിന് കാരണം. ഇത്തരം പരാതികളില്‍ സത്യസന്ധമായ അന്വേഷണം നടത്തി എതിര്‍കക്ഷികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി വാദിയെ പ്രതിയാക്കി പീഡിപ്പിക്കുന്ന സംഭവവും വിരളമല്ല. ആലുവ തോട്ടുമുക്കം സ്വദേശിനിയുടെ പരാതിക്കാധാരമായത് പോലീസിന്റെ ഇത്തരം സമീപനമാണ്. എതിര്‍കക്ഷികള്‍ അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി പരാക്രമങ്ങള്‍ കാട്ടിയ വിവരം പോലീസിനെ അറിയിച്ചപ്പോള്‍ അക്രമികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, പരാതിക്കാരിക്കും മകനുമെതിരെ കേസെടുക്കുകയാണുണ്ടായതെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അവര്‍ ആരോപിക്കുന്നുണ്ട്.
പൊതുജന സംരക്ഷണം പോലീസിന്റെ ഉത്തരവാദിത്വമാണ്. മനുഷ്യാവകാശങ്ങള്‍ മാനിച്ചും ജനങ്ങളുടെ ജീവനും സ്വത്തും അന്തസ്സും സംരക്ഷിച്ചും ന്യായമായും നിഷ്പക്ഷമായും നിയമം നടപ്പാക്കുമെന്നാണ് കേരള പോലീസിന്റെ ദൗത്യപ്രഖ്യാപനത്തില്‍ പറയുന്നത്. ഇത് പക്ഷേ, പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. ഭരണങ്ങള്‍ മാറിമാറി വന്നിട്ടും പോലീസിന്റെ നിഷ്‌ക്രിയത്വത്തിനും പഴകിത്തുരുമ്പിച്ച മാമൂല്‍ സമ്പ്രദായങ്ങള്‍ക്കും മാറ്റമില്ല. സംസ്ഥാന സര്‍ക്കാറിന,് വിശിഷ്യാ ആഭ്യന്തര വകുപ്പിന് എന്നും തലവേദനയാണ് ഈ വിഭാഗം. ധര്‍മവീര കമ്മീഷന്‍, റബിറോ കമ്മീഷന്‍, സൊറാബ്ജി കമ്മീഷന്‍, ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍, ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്‍ തുടങ്ങി നിരവധി കമ്മീഷനുകള്‍ പോലീസ് സേനയുടെ നവീകരണത്തിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പില്‍ വരുത്താന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. പോലീസിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കെ ടി തോമസ് കമ്മീഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശപ്രകാരം 2007ല്‍ ജനമൈത്രി പോലീസ് രുപവത്കരിച്ചത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷാകാര്യങ്ങളിലും പൊതുജന സഹകരണം പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ജനങ്ങളുടെ പരാതികള്‍ കുറക്കാന്‍ സഹായകമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതു വ്യര്‍ഥമായിരിക്കയാണ്. ജനങ്ങളുടെ സഹകരണം ലഭ്യമാക്കുന്നതില്‍ ജനമൈത്രി പോലീസ് പരാജയമാണ്.
ഭരണത്തിലിരിക്കുന്ന കക്ഷികളുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്നതാണ് പോലീസിന്റെ നീതിപൂര്‍വകമായ കൃത്യനിര്‍വഹണത്തിന് വിഘാതമായ ഘടകങ്ങളില്‍ മുഖ്യം. നിലവിലെ യു ഡി എഫ് സര്‍ക്കാര്‍ പോലീസിനെ കോണ്‍ഗ്രസ്‌വത്കരിക്കുന്നതായി ഇടതുപക്ഷം ആരോപിക്കുന്നുണ്ട്. എല്‍ ഡി എഫ് ഭരണകാലത്ത് കമ്മൂണിസ്റ്റുവത്കരിക്കുന്നതായി അന്നത്തെ പ്രതിപക്ഷവും കുറ്റപ്പെടത്തിയിരുന്നു. ഇതിലല്‍പ്പമൊക്കെ സത്യമില്ലാതില്ല. പോലീസ് അതാതുകാലത്തെ ഭരണകക്ഷികള്‍ക്കു വേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. നീതിന്യായ സംവിധാനം മാത്രമല്ല ജനാധിപത്യ വ്യവസ്ഥ തന്നെയും അര്‍ഥപൂര്‍ണമാകുന്നത് പൊലീസ്‌സേന നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമ്പോഴാണ്.

ALSO READ  മഹാമാരിക്കൊപ്പം പേമാരിയും