മൂന്നില്‍ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരും പീഡനത്തിനിരയാകുന്നുവെന്ന് സര്‍വ്വെ

Posted on: December 4, 2013 11:01 am | Last updated: December 4, 2013 at 11:23 am

ynot_workplace_harassment63വാഷിങ്ടണ്‍: ലോകത്തെ മൂന്നില്‍ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരും തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് സര്‍വ്വേ. വാഷിങ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമന്‍സ് മീഡിയ ഫൗണ്ടേഷനും ലണ്ടനിലെ ഇന്റര്‍നാഷനല്‍ ന്യൂസ് സേഫ്റ്റി ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. സര്‍വ്വേ ഫലം ഞെട്ടിക്കുന്നതാണെന്ന് വിമന്‍സ് മീഡിയ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എലീസാ ലീസ് മനോസ് പറഞ്ഞു. സര്‍വ്വേയില്‍ പങ്കെടുത്ത 822 വനിതാ മാധ്യമപ്രവര്‍ത്തകരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഭൂരിപക്ഷം വനിതകള്‍ക്കും തൊഴിലിടങ്ങളിലെ പുരുഷന്മാരായ മേലുദ്യോഗസ്ഥരില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടുള്ളതായി പറയുന്നു. 64.48 ശതമാനം സ്ത്രീകളും ഭീഷണി, കൈയേറ്റം, ലൈംഗികാതിക്രമം തുടങ്ങിയ പീഡനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 82 ശതമാനം വനിതകളില്‍ 49 ശതമാനം പേര്‍ പത്രങ്ങളിലും 24 ശതമാനം പേര്‍ മാഗസിനുകളിലും 21 ശതമാനം ടെലിവിഷന്‍ ചാനലുകളിലും 16 ശതമാനം റേഡിയോയിലും ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേരും എന്താണ് അവര്‍ക്ക് സംഭവിച്ചതെന്ന് പറയാന്‍ തയ്യാറായില്ല. ഇവരില്‍ 29 ശതമാനം ആളുകള്‍ ഏഷ്യന്‍പസഫിക്ക് രാജ്യങ്ങളില്‍നിന്നും 24 ശതമാനം ആഫ്രിക്കയില്‍ നിന്നും 21 ശതമാനം നോര്‍ത്ത് അമേരിക്കയില്‍ നിന്നും 19 ശതമാനം യൂറോപ്പില്‍ നിന്നും ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും 5 ശതമാനം അറബ് നാടുകളില്‍ നിന്നുളളവരുമാണ്.