രക്തസമ്മര്‍ദ തോത് പുരുഷന്‍മാരേക്കാള്‍ സ്ത്രീകളില്‍ കൂടുതലെന്ന് പഠനം

Posted on: December 4, 2013 12:15 am | Last updated: December 4, 2013 at 12:15 am

ആലപ്പുഴ: സ്ത്രീകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ തോത് ക്രമാതീതമായി വര്‍ധിക്കുന്നതായി പഠനം. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പുരുഷന്മാരേക്കാള്‍ രക്തസമ്മര്‍ദമുള്ളവര്‍ സ്ത്രീകളാണെന്ന് കണ്ടെത്തിയത്. സ്ത്രീശാക്തീകരണ പദ്ധതികള്‍ സജീവമായ പഞ്ചായത്തില്‍ പോലും രക്തസമ്മര്‍ദമുള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ വര്‍ധിച്ചത് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. പഞ്ചായത്തിലെ 18 വയസ്സിന് മുകളിലുള്ള 37,000 പേരെ പരിശോധിച്ചതില്‍ പുരുഷന്മാരേക്കാള്‍ രക്തസമ്മര്‍ദ തോത് വര്‍ധിച്ചത് സ്ത്രീകളിലാണെന്ന് കണ്ടെത്തി.
മുഴുവന്‍ പേരെയും അവരുടെ വീടുകളിലെത്തി ക്ലിനിക്കല്‍ പരിശോധന നടത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയില്‍ പഞ്ചായത്തിലെ 19.4 ശതമാനം സ്ത്രീകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളതായി കണ്ടെത്തി. ഇത് പുരുഷന്മാരേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്. പുരുഷന്മാരില്‍ 14.4 ശതമാനം പേര്‍ക്കാണ് രക്തസമ്മര്‍ദം കണ്ടെത്തിയത്. 37,000 പേരെ പരിശോധനക്ക് വിധേയരാക്കിയതില്‍ 2,728 പേര്‍ക്ക് പുതുതായി രക്തസമ്മര്‍ദം കണ്ടെത്തി. ഇതിലും കൂടുതല്‍ പേര്‍ സ്ത്രീകളാണ്. 1,431 പേര്‍ സ്ത്രീകളുള്ളപ്പോള്‍ പുരുഷന്മാര്‍ 1,297 പേര്‍ മാത്രം. പ്രമേഹത്തിന്റെ തോത് പരിശോധിച്ചതില്‍ സ്ത്രീകളും പുരുഷന്മാരും ഏതാണ്ട് തുല്യമാണ്. 8.2 ശതമാനം സ്ത്രീകളും 8.3ശതമാനം പുരുഷന്മാരും പ്രമേഹ രോഗം ഉള്ളവരാണെന്ന് കണ്ടെത്തി.
രക്തസമ്മര്‍ദം, പ്രമേഹം എന്നിവ സംബന്ധിച്ച് കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും സമഗ്രമായ പഠനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്ത് മാസം നീണ്ടു നിന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആദ്യ പടിയായി കുടുംബശ്രീയുടെ 600 യൂനിറ്റുകളിലെ ആരോഗ്യ വളണ്ടിയര്‍മാരില്‍ നിന്ന് തിരഞ്ഞെടുത്ത 120 പേര്‍ക്ക് പരിശീലനം നല്‍കി. ഇവര്‍ അത്യാധുനിക ഉപകരണങ്ങളുമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലുമെത്തി രക്തസമ്മര്‍ദവും രക്തത്തിലെ പ്രമേഹത്തിന്റെ അളവും ശാസ്ത്രീയമായി പരിശോധിച്ചാണ് വിശദാംശങ്ങള്‍ തയ്യാറാക്കിയത്.