Connect with us

Articles

മാനവിക പാരസ്പര്യവും മുതലാളിത്തവും

Published

|

Last Updated

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം താറുമാറായതിനെപ്പറ്റി വേവലാതിപ്പെടുന്ന ഒരു കൂട്ടരുണ്ട്. അവരത്രെ പാരിസ്ഥിതിക വാദികള്‍. പക്ഷേ, ഇന്നത്തെ ലോകത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മാത്രമല്ല താറുമാറായിരിക്കുന്നത്; മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങള്‍ കൂടിയാണ്. ജാതി, മതം, ദേശം, ഭാഷ, രാഷ്ട്രീയം ഒരേ രാഷ്ട്രീയ പാര്‍ട്ടിയിലെ തന്നെ വിവിധ ഗ്രൂപ്പുകള്‍ എന്നിവകളാല്‍ ഒക്കെ ഇവിടെ പൊതുരംഗത്ത് പൊതുവെ മനുഷ്യരും മനുഷ്യരും തമ്മിലുള്ള പരസ്പര ബന്ധം പാടെ അവതാളത്തിലായിട്ടുണ്ട്. എന്തിനേറെ പറയുന്നു ഒരേ വീട്ടകത്തു പാര്‍ക്കുന്നവര്‍ തമ്മില്‍ തമ്മില്‍ പോലും പരസ്പര ബന്ധങ്ങള്‍ ഇല്ല. ഉള്ളവക്കു തന്നെ ആഴവും ഹൃദ്യതയും ഇല്ല. അതുകൊണ്ടാണ് പിതാവിനു മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കാന്‍ കഴിയുന്നത്. പെറ്റമ്മയെ ആഹാരം കൊടുക്കാതെ പട്ടിയെപ്പോലെ ചങ്ങലക്കിടുന്ന മക്കള്‍ ഉണ്ടാകുന്നത്; സഹോദരീസഹോദരന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം കാണുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്തുപോയി എന്ന ഒറ്റക്കുറ്റത്തിന് പെറ്റമ്മയെ സഹോദരനും സഹോദരിയും ചേര്‍ന്നു കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നത്. ആരുഷി വധത്തിലെന്നപോലെ മകളെ കൊല്ലുന്ന മാതാപിതാക്കള്‍ ഉണ്ടാകുന്നത്. അധ്യാപികയെ വെടിവെച്ചു കൊല്ലുന്ന വിദ്യാര്‍ഥികളും വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുന്ന അധ്യാപകരും ഉണ്ടാകുന്നത്. വിവാഹങ്ങള്‍ നടക്കുന്നതിനേക്കാള്‍ വേഗത്തില്‍ വിവാഹമോചനങ്ങള്‍ ഉണ്ടാകുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ വീടുകളിലും വിദ്യാലയങ്ങളിലും എന്നുവേണ്ട എവിടെയും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് എളുപ്പം പരിഹരിക്കാനാകാത്ത വേരുചീയല്‍ രോഗം ബാധിച്ചിട്ടുണ്ടെന്നു തന്നെയാണ്.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം ഇവ്വിധത്തില്‍ സര്‍വത്ര അറുവഷളായിരിക്കേ, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധവും ഒക്കെ ശരിയായ വിധത്തിലായിരിക്കുമെന്നു കരുതുന്നത് തികഞ്ഞ വ്യാമോഹം മാത്രമാണ്. അതിനാല്‍ മനുഷ്യനും പാരിസ്ഥിതിക പാരസ്പര്യവും ദൈവപാരസ്പര്യവും ഒക്കെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് മനുഷ്യന് മനുഷ്യനോടുള്ള പാരസ്പര്യത്തില്‍ സംഭവിച്ചിരിക്കുന്ന കുറവുകള്‍ പരിഹരിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുക എന്നതാണ്. അതോടൊപ്പം ആശങ്കാജനകമാം വിധം മനുഷ്യനും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം താറുമാറാക്കപ്പെട്ടതെങ്ങനെ, എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും മനുഷ്യനെ പാരിസ്ഥിതിക പാരസ്പര്യത്തിലേക്കും ദൈവ പാരസ്പര്യത്തിലേക്കും ആനയിക്കാന്‍ ഉത്സുകരായവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
അത്തരമൊരു ഉത്തരവാദിത്വം നിറവേറ്റാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന യാതൊരാള്‍ക്കും കാള്‍ മാര്‍ക്‌സും ഫ്രഡ്രിക് എംഗല്‍സും “കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ” എന്ന വിശ്രുത ഗ്രന്ഥത്തില്‍ നടത്തുന്ന മുതലാളിത്ത വിമര്‍ശത്തെ അവഗണിച്ചുകൊണ്ട് ഒരു ചുവട് പോലും മുന്നോട്ടുപോകാനാകില്ല. ” കവിയേയും കലാകാരനേയും തത്വചിന്തകനേയും മതപുരോഹിതനേയും ശാസ്ത്രജ്ഞനേയും ഭിഷഗ്വരനേയും അധ്യാപകനേയും നിയമജ്ഞനേയും എല്ലാം എല്ലാം സ്വന്തം ലാഭത്തിനു വേണ്ടി വിലക്കെടുത്ത് വിടുപണി ചെയ്യേണ്ടുന്ന കൂലിവേലക്കാര്‍ മാത്രമാക്കിത്തീര്‍ക്കുന്ന മുതലാളിത്തം, മനുഷ്യനും മനുഷ്യനും തമ്മില്‍ “രൊക്കം പൈസ” എന്നതൊഴിച്ച് മറ്റൊരു ബന്ധവും അവശേഷിപ്പിക്കുകയില്ല” എന്നാണ് 150 വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ എഴുതിവെച്ചിരിക്കുന്നത്. അതല്ല, ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്ന് ആര്‍ക്കാണ് പറയാനാകുക? അതിനാല്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിനു ആഴത്തില്‍ വിച്ഛേദം വരുത്തിയ വ്യവസ്ഥിതി മുതലാളിത്തമാണ്. ഇതിനെ മാറ്റിമറിക്കാതെ യാതൊരു പാരസ്പര്യവും മനുഷ്യനില്‍ ആഴത്തിലും ഹൃദ്യതയിലും സംഭവിക്കുകയില്ല. മനുഷ്യന് വേണ്ടി പണം എന്നതിനു പകരം പണത്തിനു വേണ്ടി മനുഷ്യന്‍ എന്നിടത്തേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്ന മുതലാളിത്തത്തില്‍ പണത്തിനു വേണ്ടി പെണ്‍മക്കളുടെ ശരീരം ആര്‍ക്കും വില്‍ക്കുന്ന മാതാപിതാക്കള്‍ ഉണ്ടാകും; പണത്തിനു വേണ്ടി മാത്രം പഠിക്കുന്നവരും പണത്തിനു വേണ്ടി മാത്രം പഠിപ്പിക്കുന്നവരും പണത്തിനു വേണ്ടി മാത്രം ഡോക്ടര്‍മാരാകുന്നവരും പണത്തിനു വേണ്ടി മാത്രം വക്കീലുമാരാകുന്നവരും പണത്തിനുവേണ്ടി മാത്രം പത്രപ്രവര്‍ത്തനം നടത്തുന്നവരും; പണത്തിനു വേണ്ടി മാത്രം വോട്ടു ചെയ്യുന്നവരും പണത്തിനു വേണ്ടി മാത്രം രാഷ്ട്രീയ നേതാക്കളാകുന്നവരും ഉണ്ടാകും. ഇങ്ങനെ പണം പ്രാണനും ഏക പ്രമാണവും ആകുന്ന വ്യവസ്ഥയില്‍ പണത്തിനു വേണ്ടിയല്ലാതൊരു ബന്ധവും മനുഷ്യര്‍ക്ക് മനുഷ്യരുള്‍പ്പെടെ യാതൊന്നിനോടും ഉണ്ടാകുകയും ഇല്ല. അതിനാല്‍ മനുഷ്യന് മനുഷ്യരുള്‍പ്പെടെ എന്തിനോടും പാരസ്പര്യം ഉണ്ടാകുന്നതിന് ഇടവരുത്തണമെങ്കില്‍ ആദ്യം ഇല്ലായ്മ ചെയ്യേണ്ടത് മുതലാളിത്ത മനഃസ്ഥിതിയും വ്യവസ്ഥിതിയുമാണ്. പക്ഷേ, അതിന് എളുപ്പവഴികളൊന്നും ഇല്ല. കാരണം, മതലാളിത്തം അത്രമേല്‍ ഓരോ മനുഷ്യനേയും താനൊഴിച്ച് മറ്റൊന്നിനും ഇടം നല്‍കാന്‍ സമയവും സന്നദ്ധതയും ഇല്ലാത്തവനാക്കി പരിശീലിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്ങനെയെന്ന് ഒന്നു രണ്ട് ഉദാഹരണങ്ങളിലൂടെ സൂചിപ്പിക്കാം.
ഓരോ വ്യക്തിയേയും “ഞാന്‍ ഞാന്‍ മാത്രം” എന്നതിലേക്ക് ചുരുക്കിയെടുക്കുന്നതിനു മുതലാളിത്തം ഉപയോഗിച്ചുവരുന്ന രണ്ട് മാരകായുധങ്ങള്‍ മൊബൈലും ടെലിവിഷനുമാണ്. ഇതിന്റെ രണ്ടിന്റെയും ഉപഭോഗവും ഉപയോഗവും മനുഷ്യനെ മദ്യോപഭോഗത്തിലെന്ന പോലെ അടിമയാക്കുകയും മനുഷ്യനെ മറ്റെല്ലാം മറക്കുന്ന വെറും കേള്‍വിക്കാരനും കാഴ്ചക്കാരനുമാക്കി ന്യൂനീകരിക്കുകയും ചെയ്യും. ഇത്തരം അടിമത്താവസ്ഥയില്‍ ടെലിവിഷന്‍ ഡിസ്‌പ്ലേ തകരാറിലായാലോ മൊബൈല്‍ കാണാതായാലോ തോന്നുന്ന വേവലാതി പോലും മകളേയോ ഭാര്യയേയോ സഹോദരിയേയോ കാണാതായാല്‍ തോന്നാത്ത പിതാക്കന്മാരും ഭര്‍ത്താക്കന്മാരും സഹോദരന്മാരുമായി പുരുഷന്മാര്‍ മാറും. നെഞ്ചുവേദനയാല്‍ നെഞ്ച് തടവിക്കിടക്കുന്ന പിതാവിനെ ടി വി സീരിയല്‍ കഴിഞ്ഞ ശേഷം ആശുപത്രിയിലെത്തിക്കാം എന്നു കരുതുന്ന മകളും മരുമകളും ഭാര്യമാരും ഉണ്ടാകും. ഇങ്ങനെ മുതലാളിത്തം ആഴത്തില്‍ ബന്ധവിച്ഛേദം വരുത്തിയിരിക്കുന്ന മാനുഷിക ജീവിത മേഖലകളുടെ പശ്ചാത്തലത്തില്‍ വേണം ആരുഷിയു വധവും അവളുടെ മാതാപിതാക്കളുടെ നടപടിയും ഒക്കെ സവിശേഷം വിശകലനം ചെയ്യാന്‍. അതിനാണിവിടെ ശ്രമിക്കുന്നത്.
ആരുഷി എന്ന പതിനാലുകാരിയായ മകളേയും ഹേംരാജ് എന്ന നാല്‍പ്പത്തെട്ടുകാരനായ നേപ്പാളി ഭൃത്യനേയും അരുംകൊല ചെയ്തത് ഗൃഹനാഥനായ രാജേഷ് തല്‍വാറും ഗൃഹനാഥയായ നുപൂര്‍ തല്‍വാറുമാണ്. നിയമദൃഷ്ടിയില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കൊലപാതകികള്‍ തന്നെയാണ്. പക്ഷേ, ജന്മം നല്‍കി വളര്‍ത്തിക്കൊണ്ടുവന്ന മകളെ മാതാപിതാക്കള്‍ക്ക് കൊലപ്പെടുത്തേണ്ടുന്ന സാഹചര്യം ഉണ്ടായത് എന്തുകൊണ്ടാണ്? ആരുഷി ഹേംരാജ് എന്ന മധ്യവയസ്‌കനായ ഭൃത്യനുമായി വഴിവിട്ട ബന്ധങ്ങള്‍ പുലര്‍ത്തിവന്നതിലെ പ്രതിഷേധമാണ് മകളെ കൊല്ലുന്ന അവസ്ഥയിലേക്ക് മാതാപിതാക്കളെ എത്തിച്ചത് എന്നു പറയപ്പെടുന്നു. വ്യഭിചാരത്തിന് വധശിക്ഷ വിധിക്കുന്ന ധാര്‍മിക നിയമസംഹിതകള്‍ ഉണ്ടല്ലോ. ഇതുപ്രകാരം ആരുഷിയുടെ മാതാപിതാക്കള്‍ ചെയ്തത് ന്യായമാണെന്നും വാദിക്കാം. തിരുത്താനാകാത്ത വിധം മകള്‍ വഴിപിഴച്ചു പോയി എന്നുറപ്പായ സാഹചര്യത്തില്‍ അവളിനി ജീവിക്കേണ്ട എന്നു മാതാപിതാക്കള്‍ ചിന്തിച്ചുപോയി എങ്കില്‍ അതിനവരെ കുറ്റം പറയാന്‍ വളരെ എളുപ്പത്തില്‍ സാധിക്കില്ല. പ്രത്യേകിച്ചും ഗോപി കോട്ടമുറിക്കലിനേയും പി ശശിയേയും ഒക്കെ വഴിവിട്ട ലൈംഗിക ബന്ധങ്ങളുടെ പേരില്‍ പൊതുരംഗത്ത് നിന്നേ ഒഴിവാക്കിയ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍. മകള്‍ വഴിപിഴച്ചെങ്കില്‍ അവള്‍ ഇനി വേണ്ട എന്നു തീരുമാനിച്ച മാതാപിതാക്കളുടെ നടപടി തീര്‍ത്തും തെറ്റും അസ്വാഭാവികവുമാണെന്ന് എങ്ങനെ പറയും? കോടതിക്ക് ഇതൊക്കെ ബോധ്യപ്പെട്ടതുകൊണ്ടാണെന്നു തോന്നുന്നു തല്‍വാര്‍ ദമ്പതികള്‍ക്ക് വധശിക്ഷ വിധിക്കാത്തത്.
പക്ഷേ, പ്രശ്‌നം ഇവിടെയും തീരുന്നില്ല. ആരുഷിയെപ്പോലൊരു പതിനാലുകാരി വഴിവിട്ട സ്‌നേഹബന്ധങ്ങളില്‍ വ്യാപൃതയാകുന്നതിന് എന്തുകൊണ്ട് പ്രേരിതയായി? ഈയൊരു ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്. ശരിയായ വഴിയില്‍ കിട്ടേണ്ട സ്‌നേഹം കിട്ടാതെ വരുമ്പോഴാണ് പെണ്‍കുട്ടികള്‍ സ്‌നേഹം തേടി ഏതുവഴിയിലേക്കും പോയ്‌പ്പോകുന്നതും വഴിപിഴച്ചവളായിത്തീരുന്നതും. ആരുഷി എന്ന മകള്‍ക്ക് തിന്നാനും കുടിക്കാനും ഉടുക്കാനും കിടക്കാനും വേണ്ടുന്നതെല്ലാം തല്‍വാര്‍ ദമ്പതികള്‍ യഥേഷ്ടം നല്‍കിയിരിക്കാം. പക്ഷേ, അവള്‍ ആഗ്രഹിച്ചിരുന്ന സ്‌നേഹം മാതാപിതാക്കളില്‍ നിന്ന് ആരുഷിക്ക് ലഭിച്ചിരുന്നുവോ? ലഭിച്ചിരുന്നുവെങ്കില്‍ സ്‌നേഹം തേടി വഴി തെറ്റേണ്ട അവസ്ഥ ആ പാവം പെണ്‍കുട്ടിക്ക് ഉണ്ടാകുകയില്ലായിരുന്നു. നമ്മുടെ നാട്ടിലെ സ്ത്രീപീഡന പരമ്പരകളിലെല്ലാം ഇരകളാകുന്ന കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ സ്‌നേഹിക്കപ്പെടാനുള്ള ആഗ്രഹത്താലാണ് വേട്ടക്കാരുടെ വലയില്‍ വീണു പോകുന്നത്. അതിനര്‍ഥം വീട്ടില്‍ നിന്നു സ്‌നേഹം കിട്ടുന്നില്ല എന്നതാണ്. ഇന്നത്തെ കുട്ടികള്‍ക്ക് വീടൊരു സൂപ്പര്‍മാര്‍ക്കറ്റാണ്. ചോദിക്കുന്ന ഭക്ഷണം, ചോദിക്കുന്ന മോഡല്‍ മൊബൈലും വസ്ത്രങ്ങളും ഒക്കെ ലഭ്യമാകുന്ന ഒരു സ്ഥലം. പക്ഷേ, ഇതൊക്കെ ലഭിച്ചാലും വീട്ടില്‍ നിന്നു സ്‌നേഹം ലഭിക്കുന്നില്ലെങ്കില്‍, നോട്ടത്തിന്റെയോ സ്പര്‍ശത്തിന്റെയോ വാക്കിന്റെയോ ഹൃദ്യമായ പരിലാളന ലഭിക്കുന്നില്ലെങ്കില്‍, അതൊക്കെ ലഭിക്കുന്നിടത്തേക്ക് കുട്ടികള്‍ ചാഞ്ഞുപോകും. മകളെ പിതാവ് കെട്ടിപ്പിടിക്കുന്നതും ഭൃത്യനോ കാര്‍ഡ്രൈവറോ മകളെ കെട്ടിപ്പിടിക്കുന്നതും ശാരീരിക പ്രക്രിയ എന്ന നിലയില്‍ ഒരുപോലെ തന്നെയാകുമെങ്കിലും മാനസികവും വൈകാരികവുമായ തലത്തില്‍ അത് ഒരുപോലെ ആയിരിക്കില്ല. സ്വാഭാവികമായും കെട്ടിപ്പിടിക്കുന്നവന്റെ മാനസിക ഭാവത്തിലേക്ക് കെട്ടിപ്പിടിക്കപ്പെടുന്നവളും വഴുതിവീണു പോകും. ഒരിക്കല്‍ വഴുതിവീണാല്‍ പിന്നെ അത് തരം കിട്ടുമ്പോഴൊക്കെ ആവര്‍ത്തിക്കുന്നതിന് പെണ്‍കുട്ടി നിര്‍ബന്ധിക്കപ്പെടും. അങ്ങനെയാണ് ആരുഷിമാര്‍ എന്ന വഴിവിട്ട ബന്ധങ്ങളുള്ള പെണ്‍കുട്ടികള്‍ ഉണ്ടാകുന്നത്. ചുരുക്കത്തില്‍, സൗകര്യങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും സ്‌നേഹദരിദ്രമായ കുടുംബാന്തരീക്ഷമാണ് ആരുഷിമാരെ സൃഷ്ടിക്കുന്നത്. മക്കള്‍ക്കു വേണ്ടി സമ്പാദിക്കാന്‍ നേട്ടോട്ടമോടുന്ന തിരക്കേറിയ മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി ബേങ്ക് ബാലന്‍സിനോടൊപ്പം ഇത്തിരി സ്‌നേഹം കൂടി കരുതാന്‍ ശ്രമിക്കാത്ത പക്ഷം ആരുഷിമാര്‍ ഇനിയും ഉണ്ടാകും. മാതാപിതാക്കളില്‍ ചിലര്‍ക്കെങ്കിലും തല്‍വാര്‍ ദമ്പതിമാരെപ്പോലെ ആകേണ്ടിയും വരും. ആരുഷി എന്ന പെണ്‍കുട്ടിയും അവളോടൊപ്പം കൊല്ലപ്പെട്ട ഹേംരാജ് എന്ന ഭൃത്യനും ഇരുവരെയും കൊലപ്പെടുത്തിയ തല്‍വാര്‍ ദമ്പതികളും മുതലാളിത്ത വ്യവസ്ഥയില്‍ മാനവിക ബന്ധങ്ങള്‍ എവ്വിധമെല്ലാം സ്‌നേഹ ദരിദ്രമാക്കപ്പെടുന്നു എന്നതിന്റെയും ആ സ്‌നേഹരാഹിത്യം മനുഷ്യരെ എങ്ങോട്ടേക്ക് നയിക്കാം എന്നതിന്റെയും ദൃഷ്ടാന്തങ്ങള്‍ ആയിട്ടു കൂടി പഠിക്കപ്പെടേണ്ടതുണ്ട്.

shakthibodhiviswa@gmail.com

Latest