Connect with us

Gulf

ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമായി സിറാജിന്റെ യു എ ഇ ദേശീയ ദിനാഘോഷം

Published

|

Last Updated

അബുദാബി: സിറാജ് ദിനപത്രം സംഘടിപ്പിച്ച 42-ാമത് യു എ ഇ ദേശീയ ദിനാഘോഷം പ്രൗഡോജ്വല പരിപാടികളോടെ സമാപിച്ചു. കെട്ടിലും മട്ടിലും പുതുമകള്‍ നിറഞ്ഞ പരിപാടി യു എ ഇയിലെ ഇന്ത്യന്‍ സമൂഹത്തിന് മൊത്തത്തില്‍ അഭിമാനകരമായി.
പിറന്ന മണ്ണില്‍ നിന്ന് അന്നം തേടിയെത്തിയ പ്രവാസ ഭൂമികയുടെ ഓരോ കുതിപ്പിലും സ്വദേശികളെപ്പോലെ വിദേശികളും അഭിമാനിക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു അബുദാബി നാഷനല്‍ തിയേറ്ററില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍.
സംഘാടനത്തില്‍ ഏറെ മികവു പുലര്‍ത്തിയ ആഘോഷ പരിപാടികളുടെ ഓരോ ഇനവും ഒന്നിനൊന്ന് ഹൃദ്യമായിരുന്നു. പരിപാടി ആരംഭിക്കുന്നതിന്റെ മണിക്കൂര്‍ മുമ്പേ നാഷനല്‍ തിയറ്റര്‍ പ്രധാന ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.
ലോകത്തിന്റെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സമ്പല്‍ സമൃദ്ധമായ യു എ ഇയെ കെട്ടിപ്പെടുത്ത യശശരീരനായ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ തുല്യതയില്ലാത്ത ത്യാഗങ്ങളെ പരിപാടിയില്‍ പ്രസംഗിച്ചവരെല്ലാം നന്ദിയോടെ സ്മരിച്ചു. രാജ്യത്തെ ജനങ്ങളെ സ്വന്തം മക്കളെപ്പോലെ പരിഗണിച്ച ശൈഖ് സായിദ് പിതൃതുല്യനായി എക്കാലത്തും വാഴ്ത്തപ്പെടുമെന്നും പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.
വൈകുന്നേരം 7.30ന് ആരംഭിച്ച പരിപാടി യു എ ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നീതിന്യായ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു.

national day 2
രാജ്യത്തെ വിശാല മനസ്‌കരായ ഭരണാധികാരികളുടെ ഔദാര്യത്തില്‍ ഈ രാജ്യത്ത് ജീവിക്കുന്നവരാണ് നാമെന്നും രാജ്യത്തിനും ഭരണാധികാരികള്‍ക്കും ഗുണകരവും ക്ഷേമകരവുമായ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ നാം ബന്ധപ്പെടാവൂ എന്നും രാജ്യത്തിനും ഭരണാധികാരികള്‍ക്കും ദോഷകരമാകുന്ന ഒന്നിലും നാം ഇടപെടരുതെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ സിറാജ് ചെയര്‍മാനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഓര്‍മിപ്പിച്ചു.
ഇന്ത്യക്കാരുടെ അഭിമാനവും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറും എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ എം എ യൂസുഫലി, കര്‍ണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി യു ടി ഖാദര്‍, കേരള ജലസേചന വകുപ്പ് മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.
അഡ്‌നോക് സി ഇ ഒ അബ്ദുല്ല സാലം അല്‍ ദാഹിരി, അബുദാബി പോലീസ് വിഭാഗം, കേരള മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, ബനിയാസ് സ്‌പൈക്ക് എം ഡി അബ്ദുര്‍റഹ്മാന്‍ ഹാജി കുറ്റൂര്‍, ദീര്‍ഘകാലമായി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തന മേഖലയിലെ സാന്നിധ്യമായ പി കെ ഉമര്‍ മുസ്‌ലിയാര്‍, ഖമീസ് റാശിദ് ഉബൈദ് അല്‍ മഹ്മരി എന്നിവരെ പരിപാടിയില്‍ ആദരിച്ചു.

national day 3

രാജ്യത്ത് വെച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മരണാനന്തര നടപടിക്രമങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന കുഞ്ഞിമൊയ്തു കാവപ്പുര എഴുതിയ മലയാള പുസ്തകം ചടങ്ങില്‍ പ്രകാശനം നടന്നു.
അറബ് പരമ്പരാഗത കലാ വിരുന്നായ അയാല അവതരിപ്പിച്ച് മലയാളി വിദ്യാര്‍ഥികള്‍ സദസ്സിന്റെ ഒന്നടങ്കം പ്രശംസ നേടി. പ്രവാചക അവദാനങ്ങളുടെ ഈരടികള്‍ക്ക് ദഫ് മുട്ടിന്റെ അകമ്പടി നല്‍കിയ വിദ്യാര്‍ഥി സംഘം പരിപാടിക്ക് കൊഴുപ്പേകി.

Latest