Connect with us

Kozhikode

സ്റ്റേഡിയത്തില്‍ നിര്‍മാണത്തിലിരുന്ന ഗ്യാലറി തകര്‍ന്നു വീണു

Published

|

Last Updated

കോഴിക്കോട്: കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ഗ്യാലറി തകര്‍ന്നു വീണു. അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. അടുത്ത വര്‍ഷം ദേശീയ ഗെയിംസ് മല്‍സരങ്ങള്‍ നടക്കേണ്ട സ്റ്റേഡിയത്തിലെ ഗ്യാലറിയാണ് തകര്‍ന്നു വീണത്. ഗെയിംസിന് മുന്നോടിയായാണ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം നവീകരിക്കുന്നത്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ പ്രദേശത്തുണ്ടായിരുന്നവര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും കരാറുകാര്‍ ഗേറ്റുകള്‍ അടച്ചത് പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കേറ്റ പശ്ചിമ ബംഗാള്‍ സ്വദേശികളായ ശാന്തി (37), സുശാന്ത് (22) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെങ്ങിന്‍ തടിയും മരക്കുറ്റികളും വീപ്പകളും ഉപയോഗിച്ചാണ് മേല്‍ക്കൂരക്ക് താങ്ങ് നല്‍കിയിരുന്നത്. ഇത് പൊട്ടിവീണതാണ് അപകട കാരണം. എന്നാല്‍ ജാക്കി പൊട്ടി വീണതാണ് അപകടത്തിന് കാരണമായതെന്നാണ് കരാറുകാര്‍ പറയുന്നത്. അതേസമയം, അശാസ്ത്രീയമായ രീതിയിലാണ് ഗ്യാലറിയുടെ നിര്‍മാണം നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പും ഇവിടെ അപകടം ഉണ്ടായിരുന്നു. ഗെയിംസ് അടുത്തെത്തിയിട്ടും സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതും നേരത്തെ വാര്‍ത്തയായിരുന്നു.