Connect with us

Editorial

ചക്കിട്ടപാറ: സത്യാവസ്ഥ വെളിച്ചത്ത് വരണം

Published

|

Last Updated

പേരാമ്പ്ര ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്. കര്‍ണാടകയിലെ ബെല്ലാരി ആസ്ഥാനമായുള്ള മിനറല്‍ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ്( എം എസ് പി എല്‍) കമ്പനിക്ക് ഖനനാനുമതി നല്‍കിയതില്‍ ക്രമക്കേടും കോഴ ഇടപാടും നടന്നതായുള്ള ആരോപണത്തിന് പുറമെ കമ്പനിക്ക് കാലാവധി നീട്ടിക്കൊടുത്ത സര്‍ക്കാര്‍ നടപടിയും വിമര്‍ശന വിധേയമായിരിക്കയാണ്.
വനംവകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ട വ്യവസ്ഥയില്‍ കൈമാറിയ ചക്കിട്ടപാറ വില്ലേജിലെ 406 ഹെക്ടര്‍ ഭൂമിയില്‍ ഖനനം നടത്തുന്നതിന് എം എസ് പി എല്ലിന് സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശയില്‍ 2009-ലാണ് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കുന്നത്. തുടര്‍ന്ന് കമ്പനി സര്‍വേ ആരംഭിച്ചെങ്കിലും ഖനനത്തിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാനായില്ല. അനുമതി സമ്പാദിക്കുന്നതിനുള്ള സമയം നീട്ടിത്തരണമെന്ന കമ്പനിയുടെ അപേക്ഷയില്‍ 2011 ജനുവരിയില്‍ ഇടതു മുന്നണി സര്‍ക്കാറും 2013 മാര്‍ച്ചില്‍ ഐക്യമുന്നണി സര്‍ക്കാറും രണ്ട് വര്‍ഷം വീതം കാലാവധി നീട്ടിക്കൊടുക്കുകയുണ്ടായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം വന്നതോടെ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച ഈ പ്രദേശത്ത് തുടര്‍ നടപടികള്‍ പ്രതിസന്ധിയിലാകുകയും ചെയ്തു.
അതിനിടെയാണ് കമ്പനിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍വ്യവസായ മന്ത്രി എളമരം കരീം അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമുയര്‍ന്നത്. കരീമിന് വേണ്ടി അദ്ദേഹത്തിന്റെ ബന്ധു ടി പി നൗഷാദ് തുക കൈപ്പറ്റിയതായി നൗഷാദിന്റെ മുന്‍ ഡ്രൈവര്‍ എം ടി സുബൈറാണ് ആരോപിച്ചത്. നൗഷാദും താനും ചേര്‍ന്ന് എളമരം കരീമിന്റെ കോഴിക്കോട്ടെ വീട്ടില്‍ തുക എത്തിച്ചെന്നും സൂബൈര്‍ പറയുന്നു. നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും പ്രശ്‌നത്തില്‍ തന്നെമാത്രം കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണെന്നുമാണ് കരീമിന്റെ വിശദീകരണം. ഇരുമ്പയിര് വിവാദത്തില്‍ കരീമിന്റെ പേര് ഉയര്‍ന്നതിന് തൊട്ടു പിന്നാലെ ചക്കിട്ടപ്പാറയില്‍ ടി പി നൗഷാദ് വ്യാജരേഖകള്‍ ചമച്ച് 56 ഏക്കറിലധികം ഭൂമി തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കരീമിനെ ഇടനിലക്കാരനായി ചേര്‍ത്തത് അദ്ദേഹത്തിന്റെ സന്ദേഹം ബലപ്പെടുത്തുന്നുമുണ്ട്.
വനം, റവന്യൂ വകുപ്പുകളുടെ വ്യവസ്ഥകള്‍ മറികടന്നാണ് കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന ആരോപണവുമുണ്ട്. ഖനനാനുതി നല്‍കപ്പെട്ട മുംബൈ വ്യവസായി അഭെരാജ് എച്ച് ബല്‍ദോട്ടയുടെ എം എസ് പി എല്‍ കമ്പനി അനധികൃത ഖനനത്തിനും ക്രമക്കേടുകള്‍ക്കും പല തവണ നിയമ നടപടിക്ക് വിധേയമായ സ്ഥാപനമാണ്. ബെല്ലാരിയിലെ ഹോസ്‌പേട്ട് വ്യാസനകരെ വില്ലജില്‍ വനഭൂമി കൈയേറി ഖനനം നടത്തിയതിനെ തുടര്‍ന്ന് ബെല്ലാരി ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ 2008ല്‍ കമ്പനിയുടെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയുണ്ടായി. ഖനനമാലിന്യം വനമേഖ ലയില്‍ നിക്ഷേിച്ചതിനും കമ്പനി നിയമ നടപടി നേരിട്ടിരുന്നു. കൊപ്പാളില്‍ അനധികൃത ഖനനം നടത്തിയതിന് കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പ് കമ്പനിക്ക് 123 കോടി രൂപ പിഴ വിധിക്കുകയുമുണ്ടായി. ഇത്തരമൊരു സ്ഥാപനത്തിന് കേരളത്തില്‍ ഖനനാനുമതിക്ക് കളമൊരുക്കിയ എല്‍ ഡി എഫ് സര്‍ക്കാറിന്റെയും അനുമതി നേടിയെടുക്കാനുള്ള കാലാവധി നീട്ടിക്കൊടുത്ത യു ഡി എഫ് സര്‍ക്കാറിന്റെയും നപടികള്‍ സംശയാസ്പദമാണ്. വിവാദം ഇത്രത്തോളം രൂക്ഷമായിരിക്കെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കേണ്ടതുണ്ട്.
അടുത്ത കാലത്തായി ജനപ്രതിനിധികള്‍ക്കെതിരെയുള്ള അഴിമതി, ലൈംഗിക ആരോപണങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്നത് ആശങ്കാജനകമാണ്. സോളാര്‍ കേസില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രി പോലും സംശയത്തിന്റെ നിഴലിലാണ്. രാഷ്ട്രീയ പ്രേരിതമെന്ന നിഗമനത്തില്‍ തള്ളിക്കളയാന്‍ ചില സംഭവങ്ങളിലെങ്കിലും സാഹചര്യത്തെളിവുകള്‍ തടസ്സം നില്‍ക്കുകയും ചെയ്യുന്നു. മാതൃകാ ജീവിതത്തിലൂടെ ജനവിശ്വാസമാര്‍ജിക്കേണ്ട നേതാക്കളെക്കുറിച്ചു ജനങ്ങളില്‍ അവമതിപ്പുണ്ടാകുന്നത് കക്ഷി രാഷ്ട്രീയത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്താനിടയാക്കും. നേതാക്കള്‍ രാഷ്ട്രീയ സദാചാരം മുറുകെ പിടിക്കുകയും സംശുദ്ധ ജീവിതം നയിക്കുകയും ചെയ്യുന്നതോടൊപ്പം രാഷ്ട്രീയ ലാക്കോടെയുള്ള ആരോപണങ്ങള്‍ക്ക് തടയിടാന്‍ വഴിയാരായേണ്ടതുമാണ്.

Latest