Connect with us

Kozhikode

അക്രമ സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണമെന്ന് ഇ പി ജയരാജന്‍

Published

|

Last Updated

താമരശ്ശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും ഇതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്നും സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എം എല്‍ എ. പുതുപ്പാടിയില്‍ എല്‍ ഡി എഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ ജനാധിപത്യരീതി സ്വീകരിച്ചിട്ടില്ല. ആശങ്കയിലായ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് വരികയായിരുന്നുവെന്നും ഇതിന്റെ പേരില്‍ കേന്ദ്രമന്ത്രി ജയന്തി നടരാജനെതിരെയാണ് കേസെടുക്കേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. ജനങ്ങളെ വികാരം കൊള്ളിച്ച് സമരത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. അതിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടാന്‍ പുറപ്പെടരുത്. കര്‍ഷക വികാരത്തോടൊപ്പം അണിനിരന്ന ജനങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്താല്‍ അധികകാലം തുടരേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
ടി എം പൗലോസ് അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ ടി കെ രാജന്‍ മാസ്റ്റര്‍, ജോര്‍ജ് മങ്ങാട്ടില്‍, ആലിക്കുട്ടി മാസ്റ്റര്‍, കെ ജെ ജോര്‍ജ്, മനോജ് വാലുമണ്ണില്‍, ആര്‍ പി ഭാസ്‌കരക്കുറുപ്പ്, ഗിരീഷ് ജോണ്‍, ഉസ്മാന്‍ ചാത്തഞ്ചിറ പ്രസംഗിച്ചു.
പുതുപ്പാടി വില്ലേജോഫീസ് മുതല്‍ ഈങ്ങാപ്പുഴ വില്ലേജോഫീസ് വരെ ദേശീയപാതയില്‍ രണ്ടര കിലോമീറ്ററാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.

 

Latest