ഇന്ത്യയെ പേടിക്കുന്നവര്‍

Posted on: November 22, 2013 6:00 am | Last updated: November 21, 2013 at 11:16 pm

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അമേരിക്കന്‍ വിദ്യാര്‍ഥികളെ ഇന്ത്യയില്‍ നിന്ന് അകറ്റുന്നതായി യു എസ് അംബാസഡര്‍ നാന്‍സി പവല്‍ നടത്തിയ പ്രസ്താവന ഇന്ത്യന്‍ ഭരണകൂടത്തിന്റെയും സാമൂഹിക നേതാക്കളുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. റാഞ്ചിയിലെ ഒരു കലാലയത്തില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെ, രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും മെട്രോ നഗരങ്ങളിലും നടക്കുന്ന തുടര്‍ച്ചയായ മാനഭംഗങ്ങള്‍ സ്ത്രീകള്‍ ഭീതിയോടെയാണ് കാണുന്നതെന്നും അദ്ദേഹം നിരീക്ഷിക്കകയുണ്ടായി.
വിദേശ വിദ്യാര്‍ഥികളുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് ക്രമാതീതമായി പെരുകുന്ന രാജ്യത്തെ സ്ത്രീപീഡനക്കേസുകള്‍ വ്യക്തമാക്കുന്നു. വാഹനങ്ങളില്‍, ജോലിസ്ഥലങ്ങളില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്നല്ല, ന്യായാധിപന്മാരുടെ സമീപത്തു പോലും ഇവിടെ സ്തീകള്‍ സുരക്ഷിതരല്ല. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ബസ്സില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് കഴിഞ്ഞ മാസം അറസ്റ്റിലായത് കൊച്ചിയിലാണ്. നിയമ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ മുന്‍ ജഡ്ജി അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നു. ഔദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തി യുവതിയെ മാനഭംഗപ്പെടുത്തിയതിന് രാജസ്ഥാന്‍ ക്ഷീരവികസന മന്ത്രി ബാബുലാല്‍ നഗര്‍ രാജി െവച്ചത് രണ്ട് മാസം മുമ്പാണ്. മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങി ജനപ്രതിനിധികള്‍ക്കെതിരായ സ്ത്രീപീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റപത്രം നല്‍കിയാലുടന്‍ അവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെടുന്ന മുന്‍ ഐ എ എസ് ഉദ്യോഗസ്ഥ പ്രൊമിള ശങ്കറിന്റെ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയില്‍ ഓരോ 20 മിനുട്ടിലും ഒരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയാകുന്നു എന്നാണ് 2011 ലെ ഔദ്യോഗിക കണക്ക്. പത്ത് വര്‍ഷത്തിനുള്ളില്‍ മുന്നിരട്ടിയാണ് ഇവിടെ സ്ത്രീപീഡനക്കേസുകളുടെ വര്‍ധന. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്ത രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 370 വനിതാ ഗവേഷകര്‍ നടത്തിയ പഠനത്തില്‍, ജി 20 രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും അപകടമേറിയതായി കണ്ടെത്തിയത് ഇന്ത്യയെയാണ്. കഴിഞ്ഞ ഏപ്രിലില്‍ ജര്‍മന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്നെ ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വിദേശ മാധ്യമങ്ങള്‍ക്ക് മുമ്പാകെ തുറന്നു സമ്മതിക്കുകയുണ്ടായി.
ഒരു രാജ്യത്തിന്റെ, സമൂഹത്തിന്റെ അന്തസ്സും ആഭിജാത്യവും വിലയിരുത്തുന്നത് ഭൗതിക പുരോഗതിയും മുന്നേറ്റവും മാത്രം മാനദണ്ഡമാക്കിയല്ല. പ്രധാനമായും സ്ത്രീകളോടുള്ള പെരുമാറ്റത്തെയും സാംസ്‌കാരികോന്നതിയെയും അടിസ്ഥാനമാക്കിയാണ്. ശാസ്ത്ര സാങ്കേതിക മേഖലയിലുള്‍പ്പെടെ പല രംഗത്തും സമീപകാലത്ത് ഇന്ത്യ വന്‍പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ സ്ത്രീകളോട് മാന്യത പുലര്‍ത്തുന്നതില്‍ അടിക്കടി പിറകോട്ടാണ് നാം. പെരുകുന്ന സ്ത്രീ പീഡനക്കേസുകള്‍ രാജ്യത്തിന്റെ സല്‍പ്പേര് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
എന്താണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം? ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഈ വിഷയം. നിയമത്തിന്റെ അപര്യാപ്തതയാണെന്ന നിഗമനത്തില്‍ സമഗ്രമായൊരു സ്ത്രീ സംഗക്ഷണ ബില്ല് പാര്‍ലിമെന്റ് പാസ്സാക്കുകയുമുണ്ടായി. തുടര്‍ന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്നതായാണ് അനുഭവം. നിയമങ്ങള്‍ നിരന്തരം നടപ്പാക്കിയിട്ടും സ്ത്രീപീഡനക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് വിരളമാണ്. കുറ്റകൃത്യം രേഖപ്പെടുത്തുന്നത് മുതല്‍ കോടതി വരെയുള്ള വിവിധ ഘട്ടങ്ങളില്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും അധികാര കേന്ദ്രങ്ങളെയും പോലീസിനെയും സ്വാധീനിച്ചും പരാതിക്കാരെ ഭയപ്പെടുത്തിയും ദുര്‍ബലരാക്കിയും നീതിന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കി അക്രമികള്‍ രക്ഷപ്പെടുകയാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം, സ്ത്രീകളെ കേവലം ഉപഭോഗ വസ്തുവായി കാണുന്ന സമൂഹത്തിന്റെ മനോഭാവത്തിന് മാറ്റം വരികയും വേണം. പ്രകൃതിപരമായ തങ്ങളുടെ സവിശേഷതകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞും നിലവിലെ സാമൂഹിക ചുറ്റുപാടിന്റെ സാംസ്‌കാരിക ജീര്‍ണാവസ്ഥ മനസ്സിലാക്കിയും നടപ്പിലും ഉടുപ്പിലും മാന്യത പാലിക്കാന്‍ സ്ത്രീ സമൂഹം സന്നദ്ധമാവുക കൂടി ചെയ്‌തെങ്കിലേ പീഡനങ്ങള്‍ക്കറുതി വരുത്താനാകൂ. ലൈംഗികാതിപ്രസരണത്തിന് വഴിയൊരുക്കുന്ന സ്ത്രീകളുടെ മോശമായ വസ്ത്രധാരണ രീതി, ചാനല്‍ പരിപാടികള്‍, മദ്യപാനം തുടങ്ങിയ തിന്മകള്‍ നിരോധിച്ചും ബോധവകരണത്തിലൂടെ സ്ത്രീകളോട് മാന്യമായി ഇടപെടാന്‍ സമൂഹത്തെ സജ്ജമാക്കിയും ഭരണകൂടവും ഈ യത്‌നത്തില്‍ പങ്കാളികളാകേണ്ടതുണ്ട്.