കൊലപ്പെടുത്തി ആത്മവീര്യം തകര്‍ക്കാനാകില്ല: കാന്തപുരം

Posted on: November 21, 2013 11:27 pm | Last updated: November 21, 2013 at 11:27 pm

കോഴിക്കോട്: ആദര്‍ശരാഹിത്യവും ധാര്‍മിക ശോഷണവും സംഭവിച്ചുകൊണ്ടിരിക്കുന്ന ചേളാരി സമസ്ത, ക്രിമിനലുകളുടെയും അക്രമികളുടെയും താവളമായി അധഃപതിച്ചതിന്റെ തെളിവാണ് സുന്നികള്‍ക്കെതിരെ വ്യാപകമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും കൊലപാതകവുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബൈത്തുല്‍ മുഖദ്ദസില്‍ നിന്നറിയിച്ച പ്രസ്താവനയില്‍ പറഞ്ഞു. സത്യത്തിനെതിരെ നുണപ്രചാരണം നടത്തി ആദര്‍ശത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടവര്‍ അക്രമത്തിന്റെ വഴി തേടുകയാണ്. അവരുടെ ദുഷ്‌ചെയ്തികളില്‍ സുന്നി പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും അക്രമവും കൊലപാതകവും സുന്നികളുടെ മാര്‍ഗമല്ലെന്നും കൊലപാതക രാഷ്ട്രീയത്തിലൂടെ സുന്നികളുടെ മനോവീര്യം നശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാന്‍ നിയമപാലകര്‍ തയ്യാറാകണം. സുന്നി പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും മസ്ജിദുകളെയും നിരന്തരം കൈയേറ്റങ്ങള്‍ക്ക് വിധേയമാക്കി നശിപ്പിക്കാന്‍ കഴിയുമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.