പ്രതിഷേധം അക്രമാസക്തം: മാധ്യമപ്രവര്‍ത്തകന് മര്‍ദനം

Posted on: November 15, 2013 8:49 pm | Last updated: November 15, 2013 at 10:51 pm

മാനന്തവാടി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പേര്യയിലും, കാട്ടിക്കുളത്തും വാഹനങ്ങള്‍ തടഞ്ഞു. മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചു.
ഇന്നലെ രാവിലെ മുതല്‍ തന്നെ പേര്യ വില്ലേജില്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടയുകയുണ്ടായി. വലിയ മരങ്ങള്‍, ടെലിഫോണ്‍ പോസ്റ്റുകള്‍ എന്നിവ റോഡിലിട്ടാണ് ഗതാഗതം സ്തംഭിപ്പിച്ചത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പേര്യയിലെത്തിയ മലനാട് ലേഖകന്‍ അരൂണ്‍ വിന്‍സെന്റിനെ(28)യാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ അടുത്ത കോളനിയില്‍ അഭയം പ്രാപിക്കുകയായിരുന്നു. കൈക്കും, വയറ്റിനും പരുക്കേറ്റ അരൂണിനെ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പേര്യയില്‍ റോഡിലിട്ട് ടയറുകള്‍ കത്തിക്കുകയും, മറ്റും ചെയ്ത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മര്‍ദ്ദിച്ചത്.
കാട്ടിക്കുളത്തും വഹനങ്ങള്‍ തടഞ്ഞിട്ടു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എ.സി.വി റിപ്പോര്‍ട്ട് സജയനെയും കയ്യേറ്റം ചെയ്തു.മറ്റു ചിലയിടങ്ങളില്‍ വെച്ചും മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചു. വാഹനങ്ങള്‍ തടയുകയും, മരങ്ങളിലിട്ട് സ്ഥലങ്ങളിലേക്ക് പോകേണ്ടെന്ന് പോലീസിന് നിര്‍ദേശമുണ്ടായിരുന്നു. ഇതിനാല്‍ ഈ സ്ഥലങ്ങളില്‍ പോലീസ് എത്തിയിരുന്നില്ല.