കോമണ്‍വെല്‍ത്ത് സമ്മേളനം: തമിഴ്‌നാട്ടില്‍ ഇന്ന് പ്രത്യേക നിയമസഭാ യോഗം

Posted on: November 12, 2013 12:43 am | Last updated: November 12, 2013 at 11:53 pm

ചെന്നൈ: തമിഴ്‌നാട് നിയമസഭ ഇന്ന് വൈകീട്ട് ആറ് മണിക്ക് പ്രത്യേക സമ്മേളനം ചേരും. നിയമസഭാ സെക്രട്ടറി എ എം പി ജമാലുദ്ദീന്‍ ആണ് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച കൊളംബോയില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ (ചോഗം) പങ്കെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കെ അതില്‍ പ്രതിഷേധിച്ച് നിയമസഭ പ്രമേയം പാസാക്കുമെന്നാണ് സൂചന. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നില്ലെങ്കിലും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദിന്റെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കുന്നുണ്ട്. ഭരണത്തലവന്മാരുടെ യോഗത്തിന് മുന്നോടിയായി ബുധനാഴ്ചയും വ്യാഴാഴ്ചയും കോമണ്‍വെല്‍ത്ത് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം നടക്കും. കഴിഞ്ഞ മാസം ഒരാഴ്ച നിയമസഭ സമ്മേളിച്ചപ്പോള്‍ കോമണ്‍വെല്‍ത്ത് ഉച്ചകോടി ഇന്ത്യ പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി ജയലളിതയാണ് ഇത് സംബന്ധിച്ച പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാന നിയമസഭയുടെ വികാരം കേന്ദ്ര മന്ത്രിസഭ മാനിക്കാത്തതിലുള്ള അമര്‍ഷം രേഖപ്പെടുത്തുകയാണ് പ്രത്യേക സമ്മേളനത്തിന്റെ ഉദ്ദേശ്യം.
ഇപ്പോഴത്തെ നിയമസഭ ഇത്് രണ്ടാം തവണയാണ് പ്രത്യേക സമ്മേളനം ചേരുന്നത്. 2011ല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലാണ് ആദ്യം പ്രത്യേക സമ്മേളനം ചേര്‍ന്നത്. 116 വര്‍ഷത്തെ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലവിതാനം 142 അടിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് അന്ന് തമിഴ്‌നാട് നിയമസഭ പാസാക്കിയത്.