സി പി എമ്മിനെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ലാവ്‌ലിന്‍ കേസിന്റെ ലക്ഷ്യം: പിണറായി

Posted on: November 11, 2013 12:36 pm | Last updated: November 11, 2013 at 12:36 pm

പെരിന്തല്‍മണ്ണ: സി പി എമ്മിനെ ദുര്‍ബലപ്പെടുത്തുകയായിരുന്നു ലാവ്‌ലിന്‍ കേസിന്റെ ലക്ഷ്യമെന്ന് പിണറായി വിജയന്‍. കേസില്‍ കുറ്റവിമുക്തനായ പിണറായിക്ക് പെരിന്തല്‍മണ്ണയിലേര്‍പ്പെടുത്തിയ പൗരസ്വീകരണത്തില്‍ നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1996ല്‍ താനുള്‍പ്പെട്ട സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആറര മണിക്കൂറായിരുന്നു പവര്‍കട്ട്. ലോഡ് ഷെഡ്ഡിംഗ് വ്യവസായ സ്ഥാപനങ്ങളെ ആകം സ്തംഭിപ്പിച്ചിരുന്നു. ഇതിനുള്ള പരിഹാരം കാണുന്തിന് ഒരു പരിധി വരെ സര്‍ക്കാരിന് കഴിഞ്ഞു. താന്‍ മന്ത്രിസ്ഥാനമൊഴിയുമ്പോള്‍ ആര്‍ക്കും ഒരു പരാതിയുമുണ്ടായിരുനനില്ല. രാഷ്ട്രീയ എതിരാളികളില്‍ പോലും ചിലര്‍ എന്നെ അഭിനന്ദിച്ച അനുഭവമായിരുന്നു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ പ്രേരിതമായ പ്രവര്‍ത്തിയില്‍ സെക്രട്ടറി എന്ന നിലക്ക് താന്‍ നിമിത്തമായെന്നു മാത്രം, പിണറായി പറഞ്ഞു. കേസ് തീര്‍ക്കുന്നതിലായിരുന്നില്ല അപ്പുറത്തുള്ളവര്‍ക്ക് താത്പര്യം. സ്ഥായിയായി നിലനിര്‍ത്തിക്കൊണ്ടുപോകാനായിരുന്നു. കേസില്‍ ചില പ്രതികള്‍ ഹാജരാകാത്ത സാഹചര്യത്തില്‍ അവരെ മാറ്റിനിര്‍ത്തി വിചാരയണയാരംഭിക്കുന്ന സാധാരണ നടപടിയാണ്. അതിന് കോടതി സമ്മതിച്ചില്ല. ആയതിനായി സുപ്രീം കോടതി വരെ പോകേണ്ടിവന്നു. എന്നെ കേസിലുള്‍പ്പെടുത്താന്‍ എടുത്ത തീരുമാനം അസാധാരണ നടപടിയായിരുന്നു. പാര്‍ട്ടിയെ തകര്‍ക്കാന്‍ നേതാക്കള്‍ക്കെതിരെ കേസുണ്ടാക്കലും രക്തസാക്ഷികളാകലമൊന്നും പുതിയ സംഭവമല്ലെന്നും പിണറായി പറഞ്ഞു.
പിണറായിക്ക് പെരിന്തല്‍മണ്ണയില്‍ ആവേശോജ്വലമായ വരവേല്‍പ്പാണ് നല്‍കിയത്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിനുടമയായ പിണറായിയെ എതിരേല്‍ക്കാന്‍ സ്വീകരണ വേദിയായ ഷോപ്പിംഗ് കോംപ്ലക്‌സ് അങ്കണത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളുമുള്‍പ്പെടെ ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട നൂറുകണക്കിനാളുകള്‍ തിങ്ങിനിറഞ്ഞിരുന്നു.
സമീപകാലത്ത് പെരിന്തല്‍മണ്ണ നഗരം കണ്ട അത്യുജ്ജ്വല സ്വീകരണമാണ് പിണറായിക്ക് ലഭിച്ചത്. പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. വി ശശികുമാര്‍, എ വിജയരാഘവന്‍, പി പി വാസുദേവന്‍, എം ല്‍ എമാരായ കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍ സംബന്ധിച്ചു.