പെയ്ഡ് ന്യൂസിനെതിരെ നിയമം കൊണ്ടുവരുന്നു

Posted on: November 11, 2013 10:02 am | Last updated: November 11, 2013 at 10:02 am

paid news_0ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കേ, പെയ്ഡ് ന്യൂസ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നു. ‘പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ബില്‍’ എന്ന പേരില്‍ അറിയപ്പെടുന്ന നിയമം പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. പെയ്ഡ് ന്യൂസ് വരുന്ന മാധ്യമങ്ങളെ സസ്‌പെന്‍ഡ് ചെയ്യാനും അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും അധികാരമുണ്ടായിരിക്കുമെന്ന് ബില്ലിന്റെ കരടില്‍ പറയുന്നു.
കരട് ബില്ലിനെ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി പറഞ്ഞു. പണമോ മറ്റ് പരിഗണനകളോ മുന്‍ നിര്‍ത്തി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളാണ് പെയ്ഡ് ന്യൂസ്. ദിനപത്രങ്ങള്‍, മാസികകള്‍, ആനുകാലികങ്ങള്‍, അച്ചടിച്ച റിപ്പോര്‍ട്ടുകള്‍ എന്നിവയും ഇലക്‌ട്രോണിക് മാധ്യമങ്ങളും വെബ്‌സൈറ്റുകളും ബില്ലിന്റെ നിയന്ത്രണത്തില്‍ വരും. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരണങ്ങള്‍ പരിശോധിക്കുക. തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതും രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുന്നതുമുള്‍പ്പെടെയുള്ള നടപടിയെടുക്കാനായി കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ അന്തിമ നടപടി കൈക്കൊള്ളും. അറുപത് ദിവസത്തിനുള്ളില്‍ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അപ്പലേറ്റ് ബോര്‍ഡിന് മുമ്പാകെയോ കോടതിയിലോ പ്രസിദ്ധീകരണത്തിന് അപ്പീല്‍ നല്‍കാമെന്ന് നിയമം അനുശ്വാസിക്കുന്നു. പ്രചാരവും വരുമാനവും മാത്രമല്ല പരസ്യ വരുമാനവും വര്‍ഷാവര്‍ഷം പ്രസിദ്ധപ്പെടുത്തണം. ഇക്കാര്യം പാര്‍ലിമെന്ററി സമിതിയും ഉന്നയിച്ചിരുന്നു.